സര്‍ക്കാര്‍ ഏജന്‍സിയായ കെല്ലിനെ ഒഴിവാക്കിയത് വിവാദമാകുന്നു
നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലേക്ക് ജനറേറ്റര്‍ വാങ്ങാനുള്ള തീരുമാനം റദ്ദ് ചെയ്ത് ഓപ്പണ്‍ ടെണ്ടര്‍ നല്കാനുള്ള ആശുപത്രി മാനേജ് കമ്മിറ്റി തീരുമാനം പുന:പരിശോധിക്കണമെന്ന് ആശുപത്രി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫോറം കമ്മിറ്റി ആവശ്യപ്പെട്ടു. കെല്ലില്‍ നിന്നും ജനറേറ്റര്‍ വാങ്ങാനുള്ള തീരുമാനം നിലനില്‍ക്കെ താത്കാലിക പരിഹാരമായി നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ മുന്‍കൈ എടുത്ത് ദിവസ വാടകക്ക് ജനറേറ്റര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ദിനംപ്രതി 3000 രൂപ വാടക നല്കിയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനിടെയാണ് പുതിയ ജനറേറ്ററിന് കാലതാമസം നേരിടും വിധം കെല്ലിനെ ഒഴിവാക്കി ഓപ്പണ്‍ ടെണ്ടര്‍ നല്കി ജനറേറ്റര്‍ വാങ്ങാനുള്ള തീരുമാനം എച്ച്.എം.സി എടുത്തത്. നടപടിക്രമങ്ങള്‍ കഴിഞ്ഞ് പുതിയ ജനറേറ്റര്‍ ലഭ്യമാകാന്‍ കാലമേറെയെടുക്കും. രാഷ്ട്രീയ പ്രേരിതമാണ് ഈ തീരുമാനമെന്നും ഫോറം ആരോപിക്കുന്നു. ഈ പുതിയ തീരുമാനം റദ്ദ് ചെയ്ത് കെല്ലില്‍ നിന്നും പഴയ തീരുമാനപ്രകാരം ജനറേറ്റര്‍ പെട്ടെന്ന് എത്തിക്കാനുള്ള നടപടികളെടുക്കണമെന്ന് കാണിച്ച് ആരോഗ്യമന്ത്രി തുടങ്ങി ബന്ധപ്പെട്ടവര്‍ക്ക് ഫോറം പരാതിയും നല്കിയിട്ടുണ്ട്. ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ഫോറം ചെയര്‍മാന്‍ മുസ്തഫ കളത്തുംപടിക്കല്‍, പി.ടി.റൂണ്‍സക്കര്‍, കല്ലിങ്ങല്‍ അന്‍വര്‍, പി.കെ.യൂനുസ്, അബു തോരപ്പ തുടങ്ങിയവര്‍ സംസാരിച്ചു.
അതേസമയം ജില്ലാ പഞ്ചായത്ത് ആദ്യം അനുമതി നല്‍കിയ ടെണ്ടര്‍ എച്ച്.എം.സി റദ്ദ് ചെയ്തത് വിവാദമാവുകയാണ്. രോഗികള്‍ക്ക് ഏറെ ഗുണകരമാവുന്ന ജനറേറ്റര്‍ എത്തിക്കാന്‍ വൈകുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. രോഗികളുടെ ദുരിതം നേരിട്ട് മനസിലാക്കിയ എം.എല്‍.എ പി.വി അന്‍വര്‍ സ്വന്തം പണം മുടക്കി ജനറേറ്റര്‍ നല്‍കുകയും ഒന്നരമാസത്തിലേറെയായി ഇതിന് വാടക നല്‍കി വരികയുമാണ്. അത് മുതലെടുക്കാനും എം.എല്‍.എയുടെ പണം പരമാവധി മുതലെടുക്കാനുമാണ് ജനറേറ്റര്‍ ടെണ്ടര്‍ നടപടി പോലും വൈകിപ്പിക്കുന്നതിനു പിന്നിലെന്നാണ് ആരോപണം. സര്‍ക്കാര്‍ ഏജന്‍സിയായ കെല്ല് നല്‍കുന്ന ജനറേറ്റര്‍ ഗുണമേന്‍മയുള്ളതാണ്. ഇതിന് ഇടനിലക്കാര്‍ക്ക് കമീഷന്‍ ലഭിക്കുകയുമില്ല. എന്നാല്‍ കെല്ലിനുള്ള ടെണ്ടര്‍ റദ്ദാക്കി സ്വകാര്യ ഏജന്‍സികള്‍ക്ക് ജനറേറ്ററിന് ക്വട്ടേഷന്‍ വാങ്ങിക്കുന്നതിനു പിന്നില്‍ കമീഷന്‍ തുകയാണ് ചിലര്‍ ലക്ഷ്യമിടുന്നതെന്നും ആക്ഷേപമുണ്ട്. മെയ് 28ന് മിനുട്ട്‌സില്‍ ജില്ലാ പഞ്ചായത്ത് ജനറേറ്റര്‍ വാങ്ങി നല്‍കുന്നതിന് തീരുമാനിക്കുകയും ഒരു മാസത്തിനകം വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അശോക് ലെയ്‌ലന്റ് ഗുണമേന്‍മയുള്ള ജനറേറ്ററാണ് കെല്‍ നല്‍കാന്‍ ടെണ്ടര്‍ നല്‍കിയത്. കെല്ലിന് തുക കൂടതലാണെന്ന വാദത്തെ തുടര്‍ന്നാണ് ടെണ്ടര്‍ എച്ച്.എം.സി റദ്ദാക്കിയത്. എന്നാല്‍ അതേ ജില്ലാ പഞ്ചായത്ത് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ കെല്ലിന്റെ ജനറേറ്ററാണ് വെച്ചിരിക്കുന്നത്. കെല്ലിന്റെ ജനറേറ്റര്‍ തന്നെ ആശുപത്രിയില്‍ സ്ഥാപിക്കണമെന്നും ഇടനിലക്കാരെ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."