എന്തിനാണ് നമുക്ക് ഇങ്ങനെയൊരു പൊലിസ്?
നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കൈവരിച്ച മൂല്യങ്ങളില്‍ നിന്ന് കേരളീയസമൂഹം ഏറെ തിരിച്ചു നടന്നുകഴിഞ്ഞെന്നും ആധുനിക കേരളത്തിലെ പൊലിസ് സേന വളരെയേറെ ജനവിരുദ്ധ സ്വഭാവം ആര്‍ജിച്ചു കഴിഞ്ഞെന്നും ഒരേസമയം നമ്മളെയൊക്കെ ബോധ്യപ്പെടുത്തുകയാണ് കോട്ടയത്തെ കെവിന്‍ എന്ന യുവാവ് ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം. ഒരുകാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ മാത്രം നടന്നതായി കേട്ടുകേള്‍വി ഉണ്ടായിരുന്നതും അടുത്തകാലത്തായി കേരളത്തിലേക്കു വ്യാപിച്ചു തുടങ്ങിയതുമായ ദുരഭിമാനക്കൊലയുടെ ഇരയാണു കെവിന്‍. കൊലയാളികള്‍ക്ക് ആ ക്രൂരകൃത്യം നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കിയതാകട്ടെ പൊലിസിന്റെ കുറ്റകരമായ നിഷ്‌ക്രിയത്വവും.
സ്വന്തം മതക്കാരി തന്നെയായ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്ത കുറ്റത്തിനാണ് ഭാര്യയുടെ സഹോദരനടക്കമുള്ള സംഘം കെവിനെ തട്ടിക്കൊണ്ടുപോയി അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയത്. മതം ഒന്നാണെങ്കിലും കുടുംബത്തിന്റെ ദലിത് പശ്ചാത്തലമാണ് കെവിനു വിനയായത്. ഒരു ദലിത് ജാതിയില്‍ നിന്ന് ക്രൈസ്തവ മതത്തിലേക്കു മാറിവന്ന കുടുംബമാണു കെവിന്റേത്. പെണ്‍കുട്ടിയുടെ കുടുംബമാവട്ടെ സവര്‍ണ ക്രൈസ്തവ പശ്ചാത്തലമുള്ളതും. മാത്രമല്ല സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗവുമാണ് കെവിന്‍. ഇതെല്ലാം പെണ്‍കുട്ടിയുടെ വീട്ടുകാരിലുണ്ടാക്കിയ ജാതീയ ദുരഭിമാനമാണ് ഈ ക്രൂരകൃത്യത്തിനു പ്രേരണയായത്. പെണ്‍കുട്ടിയുടെ സഹോദരന്‍ ഒരു ഗുണ്ടാസംഘത്തോടൊപ്പം കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ജാതീയവും സാമ്പത്തികവുമായ അസമത്വം കേരളത്തില്‍ ഇന്നും കൊടികുത്തി വാഴുന്നുണ്ടെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്നതാണ് ഈ കൊലപാതകം. ജാതിയുടെ പേരില്‍ വേറെയും അക്രമങ്ങള്‍ അടുത്തകാലത്ത് കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്. ഇത് കേരളമാണെന്നും ജാതിയുടെ പേരിലുള്ള അതിക്രമങ്ങളൊന്നും ഇവിടെ നടക്കില്ലെന്നുമുള്ള മിഥ്യാഭിമാനത്തില്‍ തലചായ്ച്ചു വിശ്രമിക്കുന്ന കേരളീയ പൊതുബോധത്തിനു കനത്ത പ്രഹരമാണ് ഈ സംഭവം ഏല്‍പിച്ചിരിക്കുന്നത്.
സമൂഹത്തിലെ വലിയൊരു വിഭാഗമാളുകള്‍ ജാതിബോധത്തിന്റെ ഹിംസാത്മക ചിത്തഭ്രമത്തിലേക്കു നീങ്ങുമ്പോള്‍ അവര്‍ക്ക് എന്തും ചെയ്യാന്‍ അവസരമൊരുക്കുകയാണ് ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള പൊലിസ് സേന. കെവിന്റെ കൊലയില്‍ കുറ്റകൃത്യം നടത്തിയവരുടെ അത്ര തന്നെ പങ്ക് പൊലിസിനുമുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് മാന്നാനത്തെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കെവിനെയും ബന്ധു അനീഷിനെയും പെണ്‍കുട്ടിയുടെ സഹോദരനും ഗുണ്ടാസംഘവും ചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പിടികൂടി വാഹനത്തില്‍ കയറ്റി കൊല്ലം ജില്ലയില്‍ തമിഴ്‌നാട് അതിര്‍ത്തിയിലുള്ള തെന്മല ഭാഗത്തേക്കു കൊണ്ടുപോയത്. ഇന്നലെ രാവിലെ തന്നെ പെണ്‍കുട്ടിയും കെവിന്റെ പിതാവും മറ്റും കോട്ടയത്തെ ഗാന്ധിനഗര്‍ പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു പൊലിസ്. കോട്ടയത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കാനുള്ളതിനാല്‍ ഇപ്പോള്‍ ഇത് അന്വേഷിക്കാനാവില്ലെന്നും മുഖ്യമന്ത്രി പോയ ശേഷം നോക്കാമെന്നുമുള്ള മറുപടിയാണ് പൊലിസ് നല്‍കിയത്. ഇന്നലെ രാവിലെയാണ് കെവിന്റെ മൃതദേഹം ക്രൂരമായി ആക്രമിക്കപ്പെട്ട നിലയില്‍ തെന്മലയിലെ ഒരു തോട്ടില്‍ കണ്ടെത്തിയത്. നേരത്തെ ബന്ധുവിനെ അവര്‍ വഴിയില്‍ ഉപേക്ഷിച്ചിരുന്നു.
പരാതി കിട്ടിയ ഉടന്‍ തന്നെ പൊലിസ് ഇടപെട്ടിരുന്നെങ്കില്‍ ആ ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന കാര്യം വ്യക്തമാണ്. അത്യാധുനിക ആശയവിനിമയ സൗകര്യങ്ങളുള്ള ഇക്കാലത്ത് സമയം പാഴാക്കാതെ പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എവിടെവച്ചെങ്കിലും ആ ഗുണ്ടാസംഘത്തെ തടയാമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. കെവിന്റെ ജീവനെടുക്കാന്‍ ഗുണ്ടാസംഘത്തിന് ആവശ്യത്തിലധികം സമയം നല്‍കുകയായിരുന്നു അവര്‍. മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കുന്ന പേരു പറഞ്ഞതിനു പുറമെ പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങളും പൊലിസിന്റെ ഒഴിഞ്ഞുമാറലിനു കാരണമായി പറയപ്പെടുന്നുണ്ട്.
മുഖ്യമന്ത്രി പോലുള്ള പ്രമുഖര്‍ക്ക് അകമ്പടി ഒരുക്കേണ്ട സന്ദര്‍ഭങ്ങളില്‍ പൊലിസിന് അവഗണിക്കാവുന്നതല്ല സാധാരണക്കാരുടെ സുരക്ഷ. സാധാരണക്കാരെ വെറും കീടങ്ങളായി കണ്ട് കൊലയ്ക്കുകൊടുക്കുന്ന പൊലിസ് ഒരു നാടിനും ചേരുന്നതല്ല. കുറച്ചുകാലമായി കേരള പൊലിസ് ഇതുപോലുള്ള നിരവധി സംഭവങ്ങളില്‍ പ്രതിക്കൂട്ടിലാണ്. കസ്റ്റഡി മരണമടക്കം ക്രൂരമായ പൊലിസ് അതിക്രമങ്ങളുടെ പരമ്പര തന്നെ സംസ്ഥാനത്ത് അരങ്ങേറുന്നു. കേസുകളില്‍ പൊലിസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്ന പരാതിയും വ്യാപകമാണ്. ഇത്തരമൊരു പൊലിസ് സേന നാടിനു വേണോ എന്ന് ജനങ്ങള്‍ ചോദിക്കുന്നിടത്ത് എത്തിയിട്ടുണ്ട് കാര്യങ്ങള്‍.
കെവിന്‍ വധവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കോട്ടയം എസ്.പിയെ സ്ഥലംമാറ്റിയിട്ടുമുണ്ട്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന നടപടികളാണ് അതൊക്കെ. എന്നാല്‍, ഇത്തരം നടപടികളൊന്നും പൊലിസ് സേനയെ നേരെയാക്കിയെടുക്കാന്‍ പര്യാപ്തമല്ലെന്ന് ഉറപ്പാണ്. ജനവിരുദ്ധരെയും ക്രിമിനലുകളെയുമൊക്കെ മാറ്റിനിര്‍ത്തുകയും കര്‍ശന ശിക്ഷാനടപടികള്‍ക്കു വിധേയരാക്കുകയുമൊക്കെ ചെയ്തുകൊണ്ട് പൊലിസ് സേനയെ അടിമുടി ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. ഇത്തരമൊരു പൊലിസിനെ ഇനിയും കേരളത്തിനു കൊണ്ടുനടക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."