മിഷേലിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്
കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് രാസപരിശോധനാഫലം.
മിഷേലിന്റെ ശരീരത്തില്‍ വിഷമോ രാസപദാര്‍ഥങ്ങളോ ചെന്നതായി റിപ്പോര്‍ട്ടിലില്ല. ആമാശയത്തിലും ശ്വാസകോശത്തിലും കണ്ടെത്തിയത് കായല്‍ വെള്ളം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക പീഡനം നടന്നതായോ ശരീരത്തില്‍ മുറിവേറ്റതായോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന പൊലിസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന രാസപരിശോധനാ റിപ്പോര്‍ട്ടും. കാക്കനാട്ടെ റീജിയണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. പരിശോധനാഫലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
അതേസമയം തന്റെ മകളെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതാണെന്ന് പിതാവ് ഷാജി കഴിഞ്ഞദിവസം അന്വേഷണ ഏജന്‍സിക്കുമുന്‍പാകെ സംശയമുയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം മിഷേലിനെ കാണാതായ ദിവസം ഹൈക്കോടതിക്കുസമീപം കായലിലുണ്ടായിരുന്ന ബോട്ടുകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. മിഷേലിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്ന യാതൊരുതെളിവും ഇതുവരെ അന്വേഷണസംഘത്തിന് ലഭ്യമായിട്ടില്ല. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്തതല്ലെന്ന പിതാവ് ഷാജിയുടെ നിലപാടാണ് സംഘത്തെ വലയ്ക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് ഹൈക്കോടതി പരിസരത്തുനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ തന്റെ മകളുടെതല്ലെന്നാണ് ഷാജി പറയുന്നത്. ഗോശ്രീ പാലത്തില്‍ മിഷേലിനെ കണ്ടെന്നും അല്‍പസമയത്തിനകം കാണാതായെന്നുമുള്ള സാക്ഷി മൊഴിയും പൂര്‍ണമായും വിശ്വസിക്കാന്‍ പറ്റാത്തതാണ്.
മിഷേലിന്റെ വസ്ത്രധാരണം സംബന്ധിച്ച് സാക്ഷിനല്‍കുന്ന വിവരണമാണ് പൊരുത്തക്കേടുണ്ടാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ക്കെതിരേ പോക്‌സോ വകുപ്പും ആത്മഹത്യാപ്രേരണാ കുറ്റവും ചുമത്തിയിട്ടുണ്ട്. മിഷേലിനെ ഇയാള്‍ നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യപ്പെടുത്തിയെന്നാണ് പൊലിസ് കണ്ടെത്തല്‍. ഇയാളുടെ ഫോണിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ വിശദമായ പരിശോധനയ്ക്കയച്ചിരിക്കുകയാണ് അന്വേഷണസംഘം.
അതേസമയം മിഷേലിന്റെ ഫോണിനും ബാഗിനുമായി അന്വേഷണസംഘം കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ മാസം അഞ്ചിനാണ് മിഷേല്‍ ഷാജിയെ കാണാതാകുന്നത്. കലൂര്‍ പള്ളിയില്‍ പോയ മിഷേലിനെ പിറ്റേദിവസം കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."