സൈനികന്റെ മരണം: മാധ്യമ പ്രവര്‍ത്തകക്കെതിരേ കേസ്
ന്യൂ ഡല്‍ഹി: മഹാരാഷ്ട്രയിലെ നാസികില്‍ മലയാളി ജവാന് കൊല്ലം സ്വദേശി ലാന്‍സ് നായിക് റോയ് മാത്യു മരിച്ച സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകക്കെതിരേ പൊലിസ് കേസെടുത്തു. ഒളികാമറയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ജവാന്റെ പരാതി രേഖപ്പെടുത്തി സംപ്രേഷണം ചെയ്ത ക്വിന്റ് വാര്‍ത്ത വെബ്സൈറ്റ് ലേഖിക പൂനം അഗര്‍വാളിനെതിരേയാണ് നാസിക് പൊലിസ് കേസെടുത്തത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരവും ആത്മഹത്യാ പ്രേരണാകുറ്റത്തിനുമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ദിയോദാലിയിലെ സൈനിക മേഖലയില്‍ അനധികൃതമായി പ്രവേശിക്കാനും ഒളികാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും മാധ്യമപ്രവര്‍ത്തകയെ സഹായിച്ചവരെ കണ്ടെത്താനുള്ള നീക്കവും പൊലിസ് തുടങ്ങിയിട്ടുണ്ട്.
വാര്‍ത്താ വെബ്സൈറ്റിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്ക്കെതിരേ ആരോപണം ഉന്നയിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നാസികില്‍ റോയ് മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം സംബന്ധിച്ച് പരാതി പറയുന്ന വീഡിയോ പുറത്തുവന്നതോടെ ജവാന് മാനസിക സമ്മര്ദ്ദത്തിനടിപ്പെട്ടിരുന്നതായും ഇതാണ് ആത്മഹത്യക്ക് കാരണമായതെന്നുമാണ് നിഗമനം. തന്റെ വ്യക്തി വിവരങ്ങള്‍ മറച്ചുവയ്ക്കുമെന്ന് ഉറപ്പുനല്‍കിയതിനാലാണ് വെബ്സൈറ്റിനോട് വിവരങ്ങള്‍ പറഞ്ഞതെന്ന് റോയ്മാത്യു വീട്ടുകാരോട് ഫോണില്‍ പറഞ്ഞിരുന്നു.
എന്നാല്‍ രഹസ്യ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈബ്സൈറ്റ് മറയില്ലാതെ സംപ്രേഷണം ചെയ്തു. ഇതേതുടര്‍ന്ന് തന്റെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റോയ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."