മണിയൂരില്‍ ഗ്രൗണ്ട് കൈയേറി ഡി.വൈ.എഫ്.ഐ കൊടിമരം സ്ഥാപിച്ചു
വടകര: മണിയൂരില്‍ രാജീവ് ഗാന്ധി ട്രസ്റ്റിന്റെ പേരിലുള്ള സേവാദള്‍ ഗ്രൗണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയേറി കൊടിമരം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സേവാദളിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറോളം ഭൂമിയുടെ റോഡിനോടു ചേര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റ് സ്തൂപം സ്ഥാപിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ പൊലിസ് സ്തൂപം നീക്കം ചെയ്തു. ഒരാഴ്ച മുന്‍പ് സ്ഥലത്ത് കൊടിമരം സ്ഥാപിക്കാനുള്ള ശ്രമം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്ഥലത്ത് കൊടി നാട്ടുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം റോഡിനോടു ചേര്‍ന്നുള്ള സ്ഥലത്ത് സ്തൂപം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ പരാതിയെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കി. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതൃത്വം ഇത് അംഗീകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം രാത്രി വീണ്ടും കൊടിമരം സ്ഥാപിച്ചത്.
സ്ഥലം കൈയേറിയതില്‍ പ്രതിഷേധിച്ച് നടത്തിയ സംഗമം ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഗ്രൗണ്ട് കൈയേറി കൊടിമരം സ്ഥാപിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും പ്രദേശത്തു നിലനില്‍ക്കുന്ന സമാധാനം അട്ടിമറിക്കാനുള്ള ശ്രമമാണ് ഡി.വൈ.എഫ്.ഐ നടത്തിയതെന്നും ടി. സിദ്ദീഖ് പറഞ്ഞു. ട്രസ്റ്റി അംഗങ്ങളും ഡി.വൈ.എഫ്.ഐ പ്രദേശിക നേതൃത്വവും പയ്യോളി പൊലിസ് മുന്പാകെയെടുത്ത തീരുമാനം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ലംഘിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സംഗമത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.പി വിശ്വനാഥന് അധ്യക്ഷനായി. കൊളായി രാമചന്ദ്രന്, വി.എം കണാരന് മാസ്റ്റര്‍, സി.വി അജിത്ത്, വി.ടി സുരേന്ദ്രന്, മഠത്തില്‍ ശ്രീധരന്, കാവില്‍ രാധാകൃഷ്ണന്, പ്രമോദ് കക്കട്ടില്‍, ചന്ദ്രന് മൂഴിക്കല്‍, വി.വി കേളപ്പന്, ഹമീദ് മാസ്റ്റര്‍, പി.സി ഷീബ, പ്രമോദ് മൂഴിക്കല്‍, ചാലില്‍ അഷ്റഫ്, റിനീഷ്, മഠത്തില്‍ റസാഖ്, രവി, മനേഷ് കരുവാഞ്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."