എള്ള് കൃഷിയില്‍ നൂറ്‌മേനി വിളവെടുത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍
ഹരിപ്പാട്: എള്ള് കൃഷിയില്‍ നൂറ് മേനി വിളവെടുത്ത് മാതൃകയാവുകയാണ് പള്ളിപ്പാട് പഞ്ചായത്ത് പത്താം വാര്‍ഡ് ദുര്‍ഗ്ഗ കുടുംബശ്രീ പ്രവര്‍ത്തകര്‍. കഴിഞ്ഞ 20 വര്‍ഷമായി കൃഷിയിറക്കാതെ തരിശായി കിടന്ന 6 ഏക്കര്‍ ഇരുപ്പൂവ് നിലമാണ് ഒരു കൂട്ടം വനിതകളുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി എള്ള് കൃഷിയിലൂടെ കൃഷിയോഗ്യമാക്കിയെടുത്തത്. ഡിസംബര്‍ എട്ടാം തിയതിയാണ് പള്ളിപ്പാട് നടുവട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള പാടശേഖരം കൃഷിയോഗ്യമാക്കി വിത്തെറിഞ്ഞത്.
തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പുല്ല് ചെത്തിമാറ്റിയ ശേഷം ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതു മറിച്ചു. അതിന് ശേഷം ചാണകവും ചാരവും വിതറി തികച്ചും ജൈവ രീതിയിലാണ് കൃഷിയിറക്കിയത് .കരുനാഗപ്പള്ളി തഴവയില്‍ കിലോയ്ക്ക് 250 രൂപ പ്രകാരം എള്ള് വിത്ത് വാങ്ങുകയായിരുന്നു. ഉഴവ് കൂലിയുള്‍പ്പടെ 25000 രൂപയോളം ചിലവായിട്ടുണ്ട്. വിശ്വവിലാസത്തില്‍ ലളിതയുടെ ആശയം ഒരു കൂട്ടം വനിതകള്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ അന്യം നിന്നുപോയ, ഒരു കാലത്ത് ഓണാട്ടുകരയുടെ മുഖമുദ്രയായ എള്ള് കൃഷിയാണ് തിരികെയെത്തിയത്.
തച്ചേരില്‍ വിമല, സൂരജ് ഭവനത്തില്‍ രുഗ്മിണി, തുണ്ടില്‍ കൃഷ്ണമ്മ, ലക്ഷ്മി ഭവനത്തില്‍ കമലമ്മ, ആക്കാട്ടു വിളയില്‍ പൊന്നമ്മ, സന്തോഷ്ഭവനത്തില്‍ സതിയമ്മ, നന്ദാശ്ശേരില്‍ മിനി, കൊരട്ടിപ്പള്ളില്‍ സുമ, സരസ്വതി, വാലില്‍ ബിന്ദു, പാരിഷ്ഹാളില്‍ കൊച്ചുമോള്‍, ഗീതാഭവനത്തില്‍ രമണിയമ്മ എന്നിവരാണ് ലളിതയോടൊപ്പം നേട്ടം കൊയ്തത്. പത്താം വാര്‍ഡ് മെമ്പര്‍ ശ്രീലതയുടെ സഹായവും മാര്‍ഗ നിര്‍ദേശവും ഇവര്‍ക്ക് തുണയായി.
എള്ള് കൃഷിയിലൂടെ ബമ്പര്‍ വിളവ് ലഭിച്ചതിന്റെ ആവേശത്തിലും സന്തോഷത്തിലും മേടമാസത്തില്‍ പത്താമുദയത്തിന് തികച്ചും പരമ്പരാഗത രീതിയില്‍ കലപ്പ കൊണ്ട് പൊഴിപിടിച്ച് നെല്‍വിത്ത് കൃഷിയിറക്കുവാനാണ് ഇവര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."