പാനുണ്ടയില്‍ സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷം
തലശ്ശേരി: പാനുണ്ടയില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം. ബോംബേറില്‍ പരുക്കേറ്റ മൂന്നു സി.പി.എം പ്രവര്‍ത്തകരെയും മര്‍ദനത്തില്‍ പരുക്കേറ്റ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിസംഘം സംഭവ സ്ഥലത്ത് ഉപേക്ഷിച്ചുപോയ ബോംബുമായി വന്ന ബൈക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച അര്‍ധരാത്രിയോടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു പാനുണ്ട മേഖലയില്‍ കനത്ത പൊലിസ് സന്നാഹം ഏര്‍പ്പെടുത്തി. സി.പി.എം പ്രവര്‍ത്തകരായ പാച്ചപൊയ്കയിലെ വി.കെ ഹൗസില്‍ സമല്‍ബാബു(22), എരുവട്ടി പൊട്ടന്‍പാറയിലെ എസ്.ആര്‍ നിവാസില്‍ ശ്യാംജിത്ത്(23), പൊട്ടന്‍പാറയിലെ കൂടംപൊയില്‍ ശ്രീദേവ്(23), രജിനേഷ്(25) എന്നിവരെ ബോംബേറില്‍ പരുക്കേറ്റ നിലയില്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ശങ്കരനെല്ലൂരിലെ വലിയപറമ്പത്ത് മഞ്ജുനാഥ്(18), ഓലായിക്കര ആലക്കണ്ടി കാരായില്‍ വീട്ടില്‍ പ്രശാന്ത്(42), പാനുണ്ടയിലെ സുപ്രിയയില്‍ ആദര്‍ശ്(22) എന്നിവരെ ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാനുണ്ട യു.പി സ്‌കൂളിനു സമീപമായിരുന്നു അക്രമം. രണ്ടു സ്റ്റീല്‍ ബോംബും ഒരു നാടന്‍ ബോംബും പൊട്ടി. സംഭവമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. സംഭവത്തില്‍ കതിരൂര്‍ പൊലിസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."