ബി.ജെ.പി നേരിടുന്ന അനിവാര്യ തിരിച്ചടി
കേരളത്തില്‍ ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം തന്നെ രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലുമായി നാലു ലോക്‌സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. അതിന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കു കനത്ത പരാജയമാണ് നേരിട്ടത്. ബി.ജെ.പിയുടെ മൂന്നു ലോക്‌സഭാ സിറ്റിങ് സീറ്റുകളില്‍ അവര്‍ക്കു ജയിക്കാനായത് ഒരിടത്തു മാത്രമാണ്. രണ്ടു സീറ്റുകള്‍ പ്രതിപക്ഷ കക്ഷികള്‍ ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തു. നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ സീറ്റില്‍ ബി.ജെ.പിയുടെ പിന്തുണയുള്ള പ്രാദേശിക കക്ഷിയായ എന്‍.ഡി.പി.പിയാണ് വിജയിച്ചത്. ചെങ്ങന്നൂര്‍ അടക്കമുള്ള 11 നിയമസഭാ സീറ്റുകളില്‍ ബി.ജെ.പിക്കു നേടാനായതാവട്ടെ ഒന്നു മാത്രവും.
രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നു വരുന്ന ഈ ജനവിധികള്‍ വ്യക്തമായ ചില രാഷ്ട്രീയ സൂചനകള്‍ നല്‍കുന്നതാണ്. ബി.ജെ.പി തോറ്റിരിക്കുന്നത് അവരുടെ ശക്തികേന്ദ്രങ്ങളിലാണ്. നോട്ടു നിരോധനം സൃഷ്ടിച്ച ജനരോഷത്തിനിടയിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന യു.പിയിലെ കൈരാനയാണ് അതിലൊന്ന്. കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി എന്നീ കക്ഷികളുടെ പിന്തുണയോടെ മത്സരിച്ച ആര്‍.എല്‍.ഡി സ്ഥാനാര്‍ഥിയാണ് ഇവിടെ ബി.ജെ.പിയെ മുട്ടുകുത്തിച്ചത്. സംസ്ഥാനത്തു ഫുല്‍പൂര്‍ നിയമസഭാ മണ്ഡലവും ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നഷ്ടമായി. മഹാരാഷ്ട്രയിലെ ബാന്ദ്ര- ഗോണ്ടിയയാണ് ബി.ജെ.പിക്കു നഷ്ടമായ മറ്റൊരു ലോക്‌സഭാ മണ്ഡലം.
നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ഒന്നു മാത്രം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് നാലിടത്തു വിജയിച്ചു എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും വിജയിച്ച നിയമസഭാ സീറ്റുകളില്‍ പലതും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. കേരളത്തിലെ ചെങ്ങന്നൂരില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും വന്‍ മുന്നേറ്റം നടത്തിയ ബി.ജെ.പിക്ക് അതില്‍ നിന്ന് ഇത്തവണ ഏഴായിരത്തിലധികം വോട്ടുകളാണ് കുറഞ്ഞത്. ഈ തിരിച്ചടി ഇപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തുടങ്ങിയതല്ല.
കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ നടന്ന 27 ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞടുപ്പില്‍ ബി.ജെ.പിക്കു ജയിക്കാനായത് അഞ്ചിടത്തു മാത്രമാണ്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ കേന്ദ്രത്തില്‍ അധികാരമേല്‍ക്കുമ്പോള്‍ ലോക്‌സഭയില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ എന്‍.ഡി.എയ്ക്കു ഭൂരിപക്ഷമുള്ളതിനാല്‍ ഭരിക്കാന്‍ തടസമൊന്നുമില്ലെങ്കിലും ബി.ജെ.പിക്കു സഭയില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം നഷ്ടമായിട്ടുണ്ട്.
എല്ലാതരം അധികാര രാഷ്ട്രീയക്കളികളിലും ഏറ്റവും മിടുക്കരായ നേതാക്കളുള്ള പാര്‍ട്ടിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ തിരിച്ചടികള്‍ അധികം വൈകാതെ സംഭവിക്കാന്‍ പോകുന്ന പതനത്തിലേക്കു തന്നെയാണ് വിരല്‍ചൂണ്ടുന്നത്. ഭരണതലത്തില്‍ കടുത്ത ജനദ്രോഹ നടപടികളിലൂടെയും പൊതുസമൂഹത്തില്‍ ഹിംസാത്മക വര്‍ഗീയ, വംശീയ അതിക്രമങ്ങളിലൂടെയും ജനങ്ങള്‍ക്കിടയില്‍ ദിനംപ്രതി ഒരുപാട് ശത്രുക്കളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് സംഘ്പരിവാര്‍ രാഷ്ട്രീയം. ഇന്ധന വിലയിലടക്കം തുടരുന്ന സര്‍ക്കാര്‍ സമീപനം ശത്രുക്കളുടെ എണ്ണം കൂട്ടുകയല്ലാതെ ഒട്ടും കുറയ്ക്കുകയില്ലെന്ന വ്യക്തമായ സൂചനയുമുണ്ട്.
പ്രതിപക്ഷ നിരയിലെ അഭൂതപൂര്‍വമായ ഐക്യവും അതിന്റെ വിജയവുമാണ് ഈ തെരഞ്ഞടുപ്പുകള്‍ നല്‍കുന്ന മറ്റൊരു രാഷ്ട്രീയ പാഠം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും തുടര്‍ന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലുമൊക്കെ കീരിയും പാമ്പും കളിച്ച് ബി.ജെ.പിക്ക് അനായാസ വിജയത്തിനു വഴിയൊരുക്കിക്കൊടുത്ത ഈ പാര്‍ട്ടികളുടെ നേതാക്കള്‍ അടുത്ത കാലം വരെ തമ്മില്‍ കണ്ടാല്‍ മിണ്ടാത്തവരായിരുന്നു.
രാഷ്ട്രീയ സാഹചര്യങ്ങള്‍ അവരെ ചങ്ങാത്തത്തിലെത്തിക്കുകയും ആ കൂട്ടുകെട്ടുകള്‍ വിജയം നേടുകയും ചെയ്യുന്ന രാഷ്ട്രീയാന്തരീക്ഷം ഉരുത്തിരിഞ്ഞു വരുന്നതിന്റെ അടയാളങ്ങള്‍ കൂടിയായി ഈ ഉപതെരഞ്ഞെടുപ്പുകള്‍ മാറുന്നു. അധികാരമില്ലായ്മ സൃഷ്ടിക്കുന്ന ഭൗതിക സമ്മര്‍ദങ്ങള്‍ അവരെ ഐക്യത്തിനു നിര്‍ബന്ധിതരാക്കുന്നുമുണ്ട്. കാര്യങ്ങള്‍ ഈ ദിശയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ കനത്ത പതനമായിരിക്കും സംഘ് പരിവാര്‍ രാഷ്ട്രീയത്തെ കാത്തിരിക്കുന്നത്.
രാജ്യത്തെ സംബന്ധിച്ചിടത്തോളം ഈ പതനം അനിവാര്യവുമാണ്. ലോകത്തിനു മുന്നില്‍ തന്നെ തീരാക്കളങ്കമായി മാറിയ സംഘ്പരിവാര്‍ ഭരണത്തെ ഇന്ത്യന്‍ ജനത ഇനി വച്ചുപൊറുപ്പിക്കാനിടയില്ല. ഇടയ്‌ക്കൊക്കെ ദുഷ്ട രാഷ്ട്രീയ രൂപങ്ങളെ പനപോലെ വളര്‍ത്താറുണ്ടെങ്കിലും അധികകാലം ചുമക്കുന്ന ശീലം ഇന്ത്യന്‍ ജനാധിപത്യത്തിനില്ല.
എന്തുകൊണ്ടും മോദിയേക്കാള്‍ പ്രാഗല്ഭ്യവും അന്തര്‍ദേശീയ സ്വീകാര്യതയുമുള്ള നേതാവായിരുന്നു ഇന്ദിരാഗാന്ധി. അടിയന്തരാവസ്ഥയിലൂടെ അധികാരപ്രയോഗം പരിധി വിട്ടപ്പോള്‍ ഇന്ദിരയെ തോല്‍പിച്ചു മൂലയ്ക്കിരുത്തിയ ജനത മോദിയെ ഒരുപാടു കാലം സഹിക്കുമെന്നു കരുതാന്‍ ന്യായമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."