പീഡന വിരുദ്ധ നിയമം: ശക്തമായ നിയമ നിര്‍മാണവുമായി സഊദി
റിയാദ്: സഊദി മന്ത്രി സഭ കഴിഞ്ഞ ദിവസം അംഗീകരിച്ച പീഡന വിരുദ്ധ നിയമത്തിന്റെ കീഴില്‍ ഒരുങ്ങുന്നത് ശക്തമായ ശിക്ഷാ വിധികള്‍. സോഷ്യല്‍ മീഡിയകള്‍ അധികരിച്ച ആധുനിക കാലത്തെ വിവിധ വശങ്ങള്‍ പരിശോധിച്ചാണ് ഇത്തരമൊരു നിയമം സഊദി പ്രാബല്യത്തിലാക്കുന്നത്. സഊദി പരമോന്നത സഭയായ ശൂറാ കൗണ്‍സില്‍ സമര്‍പ്പിച്ച നിയമത്തിന് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയായിരുന്നു.
ആധുനിക സാമൂഹിക മാധ്യമങ്ങളടക്കം ഏതെങ്കിലും തരത്തില്‍ മറ്റൊരാളുടെ ശരീരത്തെയോ മാനത്തെയോ ബന്ധപ്പെടുത്തിയോ ലജ്ജിപ്പിക്കുകയോ ചെയ്യുന്ന തരത്തിലുള്ള വാക്കുകളും പ്രവര്‍ത്തികളും സൂചനകളും നിയമം അനുസരിച്ച് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
കൂടാതെ അപകടസ്ഥലം, പൊതുസ്ഥലം, തൊഴില്‍ സ്ഥലം, എന്നിവിടങ്ങളിലെ പീഡനങ്ങള്‍ക്ക് നിയമം പ്രത്യേക ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്. കുറ്റക്കാര്‍ക്ക് രണ്ടുവര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും വിധിക്കും.
കുറ്റം ആവര്‍ത്തിക്കുന്ന മുറക്ക് ജയില്‍ ശിക്ഷ അഞ്ചുവര്‍ഷം വരെയും മൂന്ന് ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കും. കുട്ടികള്‍, ഭിന്നശേഷിക്കാര്‍, തങ്ങളുടെ കീഴില്‍ നേരിട്ട് അധികാരത്തില്‍ വരുന്നവര്‍ എന്നിവര്‍ക്കെതിരേയുള്ള പീഡനങ്ങള്‍ , തൊഴില്‍, പഠന സ്ഥലങ്ങള്‍, അഭയ കേന്ദ്രങ്ങള്‍, പരിചരണ കേന്ദ്രങ്ങള്‍, പ്രതിയും ഇരയും ഒരേ ലിംഗത്തില്‍ വരുന്ന സാഹചര്യങ്ങള്‍, ഇര അബോധാവസ്ഥയില്‍ വരുന്ന സാഹചര്യത്തിലുള്ള പീഡനം, പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നീ സാഹചര്യങ്ങളിലെ പീഡനം എന്നീ കേസുകളില്‍ പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും മൂന്നുലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. പീഡനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കും സഹായികള്‍ക്കും മുഖ്യപ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷ തന്നെയാണ് ലഭിക്കുക.
പീഡനശ്രമങ്ങള്‍ക്ക് കുറ്റത്തിനുള്ള ശിക്ഷയുടെ പകുതി ശിക്ഷയായി ലഭിക്കും. അതേസമയം പീഡനക്കേസ് വ്യാജമാണെങ്കില്‍ അതെ കേസില്‍ പ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷ വ്യാജപരാതിക്കാര്‍ക്ക് ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.
വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കി കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കുന്നതിനും ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനും വേണ്ടിയാണ് എട്ടുവകുപ്പുകളുള്ള നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി ജൂണില്‍ ആരംഭിക്കാനിരിക്കെയാണ് പീഡന വിരുദ്ധ ബില്‍ കൊണ്ട് വന്നതെന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."