അറിവിന്റെ പടിവാതിലില്‍
പയ്യന്നൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഉജ്വല പ്രഖ്യാപനമായി ഒരിക്കല്‍കൂടി ആഘോഷമായി പ്രവേശനോല്‍സവം. കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ നടന്ന ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അടുത്ത പ്രവേശനോത്സവത്തിന് മുമ്പ് സമ്പൂര്‍ണമായി ഹൈടെക്കായി മാറുന്ന കേരളത്തിലെ ആദ്യത്തെ മലയാളം മീഡിയം സ്‌കൂളായി കുഞ്ഞിമംഗലം സ്‌കൂള്‍ മാറുമെന്ന് അധ്യക്ഷനായ ടി.വി രാജേഷ് എം.എല്‍.എ പറഞ്ഞു. ആണ്ടാംകൊവ്വലില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടന്നു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംഗീത ശില്‍പവും അരങ്ങേറി. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ത്ത രക്ഷിതാക്കള്‍ക്ക് കുഞ്ഞിമംഗലം ചിന്ത സാംസ്‌കാരികവേദി ഉപഹാരം നല്‍കി. രക്ഷിതാക്കളുടെ കൈപിടിച്ച് വിദ്യാലയത്തിലെത്തിയ കുരുന്നുകള്‍ക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും സൗജന്യമായി നല്‍കി വിവിധ സംഘടനകളും പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി. ഒന്നാംക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് കുഞ്ഞിമംഗലം സര്‍വിസ് സഹകരണ ബാങ്ക് മഷിപ്പേനകളാണ് സൗജന്യമായി നല്‍കിയത്. കൈരളി കുഞ്ഞിമംഗലം കുട്ടികള്‍ക്ക് കുട നല്‍കിയപ്പോള്‍ ഫ്രണ്ട്‌സ് കുണ്ടംകുളങ്ങര സ്റ്റീല്‍ കുടിവെള്ള ജാറും സമ്മാനിച്ചു. ഡി.വൈ.എഫ്.ഐ കുഞ്ഞിമംഗലം നോര്‍ത്ത് മേഖലാ കമ്മിറ്റി കുട്ടികള്‍ക്ക് സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും, കുമാര്‍ കുഞ്ഞിമംഗലം സ്റ്റീല്‍ വാട്ടര്‍ബോട്ടിലും സമ്മാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പ്രവേശോനോത്സവ സന്ദേശം നല്‍കി. ഫുട്‌ബോള്‍ താരം സി.കെ വിനീത്, സിനിമാ സീരിയല്‍ താരം ബേബി നിരഞ്ജന എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഫുട്‌ബോള്‍ ലോകകപ്പിനെ അടിസ്ഥാനമാക്കി ചോദിച്ച ചോദ്യത്തിനു ശരിയുത്തരം നല്‍കിയ വിദ്യാര്‍ഥിക്ക് സി.കെ വിനീത് സമ്മാനമായി ഫുട്‌ബോള്‍ നല്‍കി. സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. കെ.പി ജയബാലന്‍, ആര്‍. അജിത, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിരാമന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.യു രമേശന്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ കെ.ആര്‍ അശോകന്‍, വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. രതീഷ് കാളിയാടന്‍ പങ്കെടുത്തു.
ടാഗോറില്‍ കുട്ടികളുടെ പ്രവേശനസമരം
തളിപ്പറമ്പ്: ടാഗോര്‍ വിദ്യാനികേതനില്‍ അപേക്ഷ നല്‍കി പ്രവേശനത്തിന് കാത്തുനില്‍ക്കുന്ന കുട്ടികള്‍ പ്രവേശനസമരം നടത്തി. പഠനം തങ്ങളുടെ മൗലികാവകാശം എന്നെഴുതിയ പ്ലക്കാര്‍ഡ് പിടിച്ചാണ് അന്‍പതോളം കുട്ടികള്‍ അണിനിരന്നത്. ടാഗോറില്‍ നേരത്തെ അഞ്ചിലും എട്ടിലും അപേക്ഷ നല്‍കി പ്രവേശനത്തിന് കാത്തിരിക്കുന്ന കുട്ടികള്‍ രാവിലെ തന്നെ സ്‌കൂളിലെത്തിയിരുന്നു. ഇന്നലെ കോടതിയുടെ ഉത്തരവ് വരുമെന്നും അതിനുശേഷം പ്രവേശന നടപടിയുണ്ടാകുമെന്നും പ്രതീക്ഷിച്ചാണ് കുട്ടികളും രക്ഷിതാക്കളും സ്‌കൂളിലെത്തിയത്. അധികൃതര്‍ സ്ഥാപിച്ച പ്രവേശനോല്‍സവ ഫ്‌ളസ് ബോര്‍ഡിന് താഴെയായാണ് കുട്ടികള്‍ സമരം നടത്തിയത്.
നാട്ടുകാര്‍ മുന്നിട്ടിറങ്ങി: മുഖം മിനുക്കി മുണ്ടേരി എല്‍.പി സ്‌കൂള്‍
കണ്ണൂര്‍: 'നിങ്ങള്‍ ഹൃദയം കൊണ്ട് തയാറാണെങ്കില്‍ ഈ ലോകത്ത് അസാധ്യമായത് ഒന്നുമില്ല' എന്നത് മുന്‍ അമേരിക്കല്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ പ്രശസ്തമായ വാചകമാണ്. ഈ വാക്കുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ അസാധ്യമെന്നു ഏവരും കരുതിയിരുന്ന കാര്യം കൂട്ടായ്മയിലൂടെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് മുണ്ടേരിയിലെ ഒരുകൂട്ടം നാട്ടുകാരും പി.ടി.എ ഭാരവാഹികളും.
അമ്പാടി സ്‌കൂള്‍ എന്നറിയപ്പെടുന്ന 103 വര്‍ഷമായി പ്രദേശത്തെ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ മുണ്ടേരി എല്‍.പി സ്‌കൂളിന്റെ കെട്ടിടമാണ് പി.ടി.എയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പുനര്‍നിര്‍മിച്ചത്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വീര്‍പ്പുമുട്ടിയിരുന്ന ഓടിട്ട സ്‌കൂള്‍ കെട്ടിടമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഏറെക്കാലമായി കെട്ടിടം മാറ്റണമെന്ന ആവശ്യമുയര്‍ന്നെങ്കിലും മാനേജ്‌മെന്റിന് ഒറ്റയ്ക്ക് കെട്ടിടം പുനര്‍നിര്‍മിക്കാന്‍ കഴിയാത്തതിനാല്‍ സ്‌കൂള്‍ വികസനം പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സ്‌കൂളിന്റെ നിര്‍മാണ ചുമതല ജനകീയ കമ്മിറ്റി ഏറ്റെടുത്തു. ഏപ്രില്‍, മെയ് മാസങ്ങള്‍ മാത്രമായിരുന്നു നിര്‍മാണം നടത്താന്‍ കമ്മിറ്റിക്കു മുന്നിലുണ്ടായിരുന്നത്. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.
സര്‍ക്കാര്‍ തലത്തിലുള്ള അനുമതികളും കെട്ടിടത്തിന്റെ രൂപരേഖയുമെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ ഒപ്പിച്ചു. സ്‌കൂള്‍ രണ്ടുമാസത്തേക്ക് അടച്ചതിനു പിന്നാലെ തന്നെ പഴയ കെട്ടിടം പൊളിച്ചുമാറ്റി. നിര്‍മാണത്തിനാവശ്യമായ തുക പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ചു. ഏകദേശം 35 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
രണ്ടു നിലയുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ തേപ്പ്, പെയിന്റിങ്ങ് മുറ്റം ഒരുക്കല്‍ എന്നിവയെല്ലാം നാട്ടുകാരുടെ സഹായത്തോടെയാണ് പൂര്‍ത്തിയാക്കിയത്. പഴയ കിണര്‍ വീതികൂട്ടി ആള്‍മറ കെട്ടി ഉയര്‍ത്തിയതും നാട്ടുകാരുടെ ശ്രമദാനത്തിലൂടെയാണ്. പൂര്‍ണമായും ഹൈടെക് രീതിയിലുള്ള പഠനാന്തരീക്ഷം ഒരുക്കുകയെന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം.
ഇതിനായി നാട്ടുകാരും അധ്യാപകരും പി.ടി.എ ഭാരവാഹികളും പൂര്‍ണ മനസോടെ കൂടെയുണ്ട്. ഓരോ ക്ലാസും സ്മാര്‍ട്ട് ക്ലാസ് റൂമാക്കി മാറ്റും. കൂടാതെ ഇന്ററാക്ടീവ് ടച്ച് സ്‌ക്രീന്‍, സോളാര്‍ പാനലുകള്‍, ഓരോ ക്ലാസ് മുറിയിലും എ.സി എന്നിവ സ്ഥാപിക്കാനും ആലോചന നടക്കുന്നുണ്ട്. രണ്ട് പ്രൊജക്ടറുകള്‍ നിലവില്‍ സ്‌കൂളിനുണ്ട്. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. പങ്കജാക്ഷന്‍, എ. രഞ്ജിത്ത്, പി. സുജീവന്‍, പി.ടി.എ പ്രസിഡന്റ് കെ. സജീവന്‍, അഡ്വ. എം. പ്രഭാകരന്‍, അനില്‍കുമാര്‍, കെ. രാജീവന്‍, മുഹമ്മദ് ഹാജി, കെ.സി രവീന്ദ്രന്‍, സി. നാണു, സനേഷ്, സ്‌കൂള്‍ പ്രധാനാധ്യാപിക കെ.സി ഷീബ, പി. മുനീര്‍, അതുല്‍ കൃഷ്ണന്‍ തുടങ്ങിയവരാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്നലെ നടന്ന പ്രവേശനോത്സവം നാട്ടുകാരുടെ നേതൃത്വത്തില്‍ ആഘോഷമാക്കിയിരുന്നു. സ്‌കൂള്‍ അലങ്കരിക്കുകയും മധുരം നല്‍കി കുട്ടികളെ സ്വീകരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."