നവീൻ ബാബുവിന് നേരെ മറ്റ് സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്ന് ഭാര്യ മഞ്ജുഷ
പത്തനംതിട്ട: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയാണെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കി. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നതും റിപ്പോർട്ടിൽ ഗൂഢാലോചന വ്യക്തമാണെന്നതും അവർ അവകാശപ്പെട്ടു.
പി.പി. ദിവ്യയ്ക്കൊപ്പം ടി.വി. പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് മഞ്ജുഷ ആരോപിച്ചു. എന്നാൽ, ഇവർക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്നതിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പുതിയ റിപ്പോർട്ട് കുടുംബത്തിന് ആശ്വാസമാകുന്നതായും നിയമപോരാട്ടത്തിന് ശക്തി നൽകുമെന്നും മഞ്ജുഷ പറഞ്ഞു.
"നവീൻ ബാബുവിന് നേരെ മറ്റു ചില സമ്മർദങ്ങളും ഉണ്ടായിരുന്നതായി ചില കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ച് പിന്നീട് വെളിപ്പെടുത്തും," എന്ന് മഞ്ജുഷ വ്യക്തമാക്കി. സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും സിബിഐ അന്വേഷണത്തിനായി ശക്തമായി മുന്നോട്ട് പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി.
നവീൻ ബാബുവിന്റെ മരണത്തിൽ മുഖ്യപ്രതി ടി.വി. പ്രശാന്ത് ആണെന്നും, പക്ഷേ ഇദ്ദേഹത്തെ ഇതുവരെ പ്രതി ചേർത്തിട്ടില്ലെന്നും മഞ്ജുഷ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."