ചീത്തപ്പേര് മാറ്റാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സല്‍കാരവുമായി പാമ്പാടി നെഹ്‌റു കോളജ്
പാലക്കാട് : പാമ്പാടി നെഹ്‌റു കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജിഷ്ണുറോയിയുടെ ഓര്‍മകളേയും മരണം ഉണ്ടാക്കിയ ചീത്തപ്പേരില്‍ നിന്നും മോചിപ്പിക്കാന്‍ ഉദ്ദേശിച്ച് നെഹ്‌റു കോളജ് മാനേജ്‌മെന്റ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ കോയമ്പത്തൂരിലെ ആസ്ഥാനത്ത് കൊണ്ടുപോയി സല്‍കാരവും അതിനുശേഷം പാമ്പാടിയില്‍ കൊണ്ടുവന്ന് സൗജന്യ ആകാശയാത്രയും സംഘടിപ്പിച്ചു.
ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കോളജിനോടും മാനേജ്‌മെന്റിനോടും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ ഉറപ്പിക്കാനാണ് നെഹ്‌റു ഗ്രൂപ്പ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ പ്രത്യേക വാഹനങ്ങളില്‍ കോയമ്പത്തൂരിലും പിന്നീട് പാമ്പാടിയിലും എത്തിച്ച് സല്‍കരിച്ചത്. സല്‍കാരത്തിന് ശേഷം നെഹ്‌റുഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും മാനേജ്‌മെന്റ് പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. നെഹ്‌റുഗ്രൂപ്പിന്റെ കോയമ്പത്തൂരിലെ സ്ഥാപനങ്ങളില്‍ മികച്ച രീതിയില്‍ പഠനവും പ്രവേശനവും നടക്കുമ്പോള്‍ പാമ്പാടി കോളജിലെ പഠനാന്തരീക്ഷവും, അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍തൃ ബന്ധവും ഏറെ മോശമാണെന്ന വിലയിരുത്തലിലാണ് മാനേജ്‌മെന്റ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി സല്‍കാരം ഏര്‍പാടാക്കിയത്. പാമ്പാടി കോളജില്‍ ജിഷ്ണുവിന്റെ മരണ ശേഷം പുതിയ പ്രവേശനത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവാണ് വന്നിരുന്നത്.
മാധ്യമങ്ങളുമായി ഊഷ്മളമായ ബന്ധം സൃഷ്ടിക്കുന്നതിലൂടെ നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സല്‍പ്പേര് വീണ്ടെടുക്കാനുള്ള ശ്രമങ്ങളില്‍ മാധ്യമങ്ങളെക്കൂടെ പങ്കാളികളാക്കുകയാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്ന് ഒരു മുതിര്‍ന്ന സ്റ്റാഫ് പ്രതിനിധി സുപ്രഭാതത്തോട് പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകരെ സല്‍കരിക്കാന്‍ ക്ഷണിക്കുമ്പോള്‍ തന്നെ മാനേജ്‌മെന്റിന്റെ കച്ചവട താല്‍പ്പര്യം മനസ്സിലാക്കി ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ സല്‍കാരത്തില്‍ പ്രശസ്ത ചലചിത്ര സംവിധായകന്‍ മേജര്‍ രവി മുഖ്യാഥിതിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."