ജീവന്‍ ബാക്കിയായാലല്ലേ....മുന്‍കൂര്‍ ശമ്പളമല്ല സുരക്ഷാ ഉപകരണങ്ങളാണ് വേണ്ടത്- ഒഡിഷ സര്‍ക്കാറിനോട് ആരോഗ്യ പ്രവര്‍ത്തകര്‍
ഭുവനേശ്വര്‍ : മുന്‍കൂര്‍ വേതനമല്ല, സുരക്ഷാ ഉപകരണങ്ങളാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ഒഡിഷ സര്‍ക്കാറിനോട് ആരോഗ്യപ്രവര്‍ത്തകര്‍. വീര്‍ സുരേന്ദ്ര സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലെ ആരോഗ്യ പ്രവര്‍ത്തകരാണ് സര്‍ക്കാറിന്റെ വാഗ്ദാനം നിരസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നാല് മാസത്തെ വേതനം മുന്‍കൂറായി നല്‍കാമെന്നായിരുന്നു സര്‍ക്കാറിന്റെ വാഗ്ദാനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ടു പോകാനായിരുന്നു ഇത്. എന്നാല്‍ മുന്‍കൂറായി സാലറി വേണ്ട പകരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും സ്യൂട്ടും നല്‍കിയാല്‍ മതിെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം.
ആവശ്യത്തിന് പേര്‍സണല്‍ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ് (പിപിഇ)കിട്ടാനില്ല. കൊറോണ വൈറസ് പോലുള്ള മഹാമാരിയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ മുന്‍കൂര്‍ വേതനമല്ല ആവശ്യമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. എന്‍ 95 മാസ്‌കുകള്‍ ആവശ്യത്തിന് സാനിറ്റൈസറുകള്‍ പിപിഇ കിറ്റ്(കണ്ണടയും ബൂട്ടും അടങ്ങുന്ന സുരക്ഷാ ഗൌണ്‍) എന്നിവ നല്‍കിയാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉത്തേജിപ്പിക്കണ്ടതെന്നും ഒഡിഷ മെഡിക്കല്‍ സര്‍വ്വീസ് അസോസിയേഷന്‍ വ്യക്തമാക്കി. നിലവിലെ അവസ്ഥയില്‍ പിപിഇ ഇല്ലാതെ ജോലി ചെയ്യുന്നത് ജീവന്‍ തന്നെ അപകടത്തിലാക്കുന്ന നടപടിയാണെന്ന് ഡോക്ടര്‍മാര്‍ വിശദമാക്കുന്നു.
ഒഡിഷ മെഡിക്കല്‍ സര്‍വ്വീസ് അസോസിയേഷനും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ജീവനക്കാരും സമാന ആവശ്യം ഉയര്‍ത്തിയിരുന്നു.
രാജ്യത്തെ മിക്കസ്ഥലങ്ങളിലും ആവശ്യമായ സുരക്ഷാ ഉപാധികളില്ലാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്. സുരക്ഷാ വസ്ത്രങ്ങളുടെ അഭാവത്തില്‍ മഴക്കോട്ടുകളും ഹെല്‍മെറ്റുമാണ് ഇവര്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനിടെ കേന്ദ്രം 90 ടണ്‍ പിപിഇ കിറ്റുകള്‍ സെര്‍ബിയക്ക് വിറ്റതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."