അതിഥി തൊഴിലാളികള്‍ക്കും പ്രാഥമിക നിരീക്ഷണം മൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി
കൊച്ചി: കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കും ആരോഗ്യപരിശോധന ഏര്‍പ്പെടുത്തി. അതിഥി തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മേഖലയിലാണ് മൊബൈല്‍ ക്ലിനിക് വഴി പ്രാഥമിക നിരീക്ഷണം ആരംഭിച്ചത്.
പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നാഷനല്‍ ഹെല്‍ത്ത് മിഷനും സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡവലപ്‌മെന്റും ചേര്‍ന്നാണ് മൊബൈല്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം നടത്തുന്നത്. ഒരു ഡോക്ടര്‍, രണ്ടു നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനം ക്ലിനിക്കില്‍ ലഭിക്കും.
ഇന്നലെ പാലക്കാട്ടുതാഴത്തെ ബംഗാള്‍ കോളനിയില്‍ ക്ലിനിക് എത്തി. നിലവില്‍ പ്രാഥമിക സ്‌ക്രീനിങ് മാത്രമാണുള്ളത്. ഫ്‌ളാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചു പനി പരിശോധിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എല്ലാവരെയും സ്‌ക്രീനിങ്ങിനു വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ക്കു പനിയുടെ ലക്ഷണം കണ്ടെത്തിയെങ്കിലും കൊവിഡുമായി ബന്ധമുള്ളതല്ലെന്ന് കൂടുതല്‍ പരിശോധനയില്‍ വ്യക്തമായി. പനിയുടെ ലക്ഷണങ്ങളുള്ളവരെ അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."