HOME
DETAILS
MAL
അതിര്‍ത്തിയില്‍ ഡോക്ടര്‍മാരെ നിയമിച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവും ഫലിച്ചില്ല
backup
April 03 2020 | 02:04 AM
സ്വന്തം ലേഖകന്‍
മഞ്ചേശ്വരം: കേരളത്തില്‍നിന്ന് അത്യാസന നിലയിലുള്ള രോഗികളുമായി മംഗളൂരുവിലേക്കു പോകുന്ന ആംബുലന്‍സുകള്‍ അതിര്‍ത്തിയില്‍ തടയുന്ന വിഷയത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായിട്ടും കുലുക്കമില്ലാതെ കര്‍ണാടക സര്‍ക്കാര്‍.
കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടു വിശദീകരണം തേടിയതിനു തൊട്ടുപിന്നാലെ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ വിദഗ്ധ ഡോക്ടര്‍മാരടക്കമുള്ള സംഘത്തെ നിയമിച്ചു. കേരളത്തില്‍ നിന്നുള്ള രോഗികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് വിദഗ്ധ ചികിത്സ അവശ്യമാണെങ്കില്‍ മാത്രം മംഗളൂരുവിലെ ആശുപത്രികളിലേക്ക് കടത്തിവിടാന്‍ വേണ്ടിയാണിത്.കേരളത്തില്‍ നിന്ന് ഇന്നലെയും അതിര്‍ത്തിയിലെത്തിയ ചില രോഗികളെ തിരിച്ചയച്ചു. അതേസമയം ചരക്കു വാഹനങ്ങള്‍ അതിര്‍ത്തി കടന്ന് ഇരു സംസ്ഥാനങ്ങളിലേക്കും യഥേഷ്ടം കടന്നുപോകുന്നുണ്ട്. തലപ്പാടി അതിര്‍ത്തിയില്‍ കേരളത്തിലെ ആംബുലന്‍സുകളെ കടത്തിവിടാത്തതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ കിട്ടാതെ ഒരാഴ്ചയ്ക്കിടെ ഏഴു മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. ദേശിയതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാകും നിര്‍ണായകമാവുക. ഈ വിഷയത്തില്‍ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി ഇന്നു പരിഗണിക്കും. ബി.ജ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെയും ദക്ഷിണ കര്‍ണാടക ബി.ജെ.പി ഘടകത്തിന്റെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് രോഗികളെ കടത്തിവിടാതെ കടുത്ത നിയന്ത്രണം അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം അത്യാസന നിലയിലുള്ള രോഗിയെയും കൊണ്ടുപോയ ആംബുലന്‍സ് കടത്തിവിടാന്‍ ആവശ്യപ്പെട്ട മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫിനോട് ബലന്റന്‍ ഡിസോസ എന്ന ഡിവൈ. എസ്.പി തട്ടിക്കയറുകയും തിരിച്ചുപോയില്ലെങ്കില്‍ ലാത്തിച്ചാര്‍ജ് ചെയ്യുമെന്നും കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തുകയുമുണ്ടായി.
നിരന്തരം രാഷ്ട്രീയ ഇടപെടലുകളുണ്ടായിട്ടും കര്‍ണാടക സര്‍ക്കാര്‍ മനുഷ്യത്വരഹിത നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടെ രോഗികള്‍ക്കു ജീവന്‍ രക്ഷാ മരുന്നുകളെത്തിക്കാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ മരുന്നുകള്‍ ജില്ലാ പഞ്ചായത്തിന്റെ വാഹനത്തില്‍ ആഴ്ചയില്‍ രണ്ടുതവണ നിര്‍ദിഷ്ട കേന്ദ്രങ്ങളിലെത്തിക്കും. കൂടാതെ വൈറ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരും കാസര്‍കോട്ടെ രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."