എബോള നല്‍കിയ കൊറോണക്കാലത്തെ പാഠങ്ങള്‍
ലോകത്താകമാനം നാല് ലക്ഷത്തില്‍പരം രോഗബാധിതരും പതിനായിരത്തിലധികം മരണങ്ങളുമായി എളുപ്പം മറികടക്കാനാവാത്ത, സമാനതകളില്ലാത്ത ദുരന്തമായി കൊറോണവൈറസ് മാറിയിട്ടുണ്ട്. വൈറസുമായി ശാരീരിക സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുമില്ലാത്തവരെ വരെ മാനസികമായി അത് ബാധിച്ചുകഴിഞ്ഞു. നമ്മുടെ വാര്‍ത്തകളും വര്‍ത്തമാനങ്ങളും അത് കീഴടക്കിയിരിക്കുന്നു. അളന്നുതിട്ടപ്പെടുത്തുക സാധ്യമല്ലാത്ത വിധം നമ്മുടെ ജീവസന്ധാരണ മാര്‍ഗങ്ങളെയും ആരോഗ്യ മേഖലയെയും യാത്രകളെയും സാമൂഹിക ജീവിതത്തെയും കൊറോണ പിടികൂടി. വൈറസും അതിന് സമാന്തരമായുള്ള ഭീതിയും പടര്‍ന്ന് പിടിക്കുംതോറും നിയന്ത്രണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും കൂടുതല്‍ തീവ്രമാവാനിരിക്കുന്നു.
എന്നാല്‍, പുതിയ ഈ സാഹചര്യങ്ങള്‍ എനിക്ക് വളരെ പരിചിതമായാണ് അനുഭവപ്പെടുന്നത്. കാരണം, അപ്രതീക്ഷിതമായാണെങ്കിലും 2014-16 കാലത്തെ എബോള ദുരന്തം സംബന്ധിച്ച് വിദഗ്ധനായി തീര്‍ന്ന ഒരു സാമൂഹ്യ നരവംശശാസ്ത്രജ്ഞനാണ് (ടീരശമഹ അിവേൃീുീഹീഴശേെ) ഞാന്‍.
രണ്ടായിരത്തിപതിനാലില്‍ എബോള വൈറസ് പൊട്ടിപ്പുറപ്പെട്ട സമയം, സിയറ ലിയോണിന്റെ തലസ്ഥാനനഗരിയായ ഫ്രീടൗണിനടുത്തുള്ളൊരു പ്രദേശത്ത് എന്റെ ഗവേഷണാനുബന്ധിയായുള്ള ഫീല്‍ഡ് വര്‍ക്കില്‍ വ്യാപൃതനായിരുന്നു ഞാന്‍. കൊറോണവൈറസിന് സമാനമായി എബോളയെയും ലോകാരോഗ്യ സംഘടന ഒരു ആഗോള ആരോഗ്യ പ്രതിസന്ധിയായി പ്രഖ്യാപിക്കുകയുണ്ടായി. ഫ്രീടൗണ്‍ ആയിരുന്നു ഈ ദുരന്തത്തിന്റെ കേന്ദ്രസ്ഥാനങ്ങളിലൊന്ന്.
ആഴ്ചകള്‍ക്കുള്ളില്‍, നഗരവും ജീവിതവും തീവ്രമായ നിയന്ത്രണങ്ങളില്‍ അമര്‍ന്നു. സ്‌കൂളുകളും കോളജുകളും അടച്ചുപൂട്ടി. യാത്രകള്‍ നിയന്ത്രിക്കുകയും ദിനേനെ കര്‍ഫ്യൂ പ്രഖ്യാപനങ്ങളുണ്ടാവുകയും ചെയ്തു. വ്യോമയാന സര്‍വിസുകള്‍ ഓരോന്നായി പിന്‍വലിച്ചുതുടങ്ങി. പ്രാദേശികമായ ചെറിയ ക്ലിനിക്കുകള്‍ അടച്ചുപൂട്ടുകയും അതുവഴി ചിലപ്പോഴൊക്കെ മാരകമായേക്കാവുന്ന ശൈലീ രോഗങ്ങളുടെ ചികിത്സ അസാധ്യമാവുകയും ചെയ്തു. സാധാരണക്കാരായ ജനങ്ങളോട്, ഫലത്തില്‍ അവരുടെ ജീവിതം തന്നെ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത് പോലെയായി.
എന്റെ സുഹൃത്തുക്കളും അയല്‍വാസികളും ഈ അടിയന്തരാവസ്ഥയോട് പ്രതികരിച്ച വിധം എന്നെ പിടിച്ചുലച്ചു. ഈ സാംക്രമിക രോഗത്തില്‍ അകപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അതീവ ഗൗരവത്തോടുകൂടെ തന്നെ എല്ലാവരും കൈക്കൊണ്ടിരുന്നു. എബോള അത്രമാത്രം ഭയപ്പെടുത്തുന്ന ആദ്യാനുഭവമായിരുന്നല്ലോ. ഞാന്‍ താമസിച്ചിരുന്ന കുടുംബം അവരുടെ വീട്ടിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം തന്നെ ഒരു ക്ലോറിന്‍ ഹാന്‍ഡ് വാഷിങ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. അപരിചതരുമായുള്ള ശാരീരിക സമ്പര്‍ക്കം എല്ലാവരും നിയന്ത്രിച്ചിരുന്നു. ഇതിനായി 'എബോള ഹാന്‍ഡ്‌ഷേക്' (കൈമുട്ടുകള്‍ പരസ്പരം മുട്ടിച്ചുകൊണ്ടുളള അഭിവാദനരീതി) പോലുള്ള നൂതന രീതികള്‍ പ്രചാരത്തില്‍ വന്നു. സമൂഹത്തില്‍ ഒരു രോഗമോ മരണമോ ഉണ്ടാവുകയാണെങ്കില്‍ അധികാരികളെ വിവരമറിയിക്കാന്‍ എല്ലാവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തി.
എങ്കിലും, ജീവിതം മുന്നോട്ട് തന്നെ പോയി. എബോള കാരണം ജോലി നഷ്ടമായവര്‍ പുതിയ ജോലികള്‍ കണ്ടെത്തിത്തുടങ്ങി. എന്റെ ചില സുഹൃത്തുക്കളൊക്കെ ഔദ്യോഗിക എബോള പ്രതിരോധ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. ടീച്ചര്‍മാര്‍ പലരും പരിസരത്തുള്ള കുട്ടികള്‍ക്കായി വീടുകള്‍ കേന്ദ്രമാക്കിയുള്ള ഗാര്‍ഹികപാഠശാലകള്‍ ആരംഭിച്ചത് കാരണം അനൗപചാരികമായാണെങ്കിലും കുട്ടികളുടെ പഠനം മുന്നോട്ടുപോയി. മതകീയവും സാമൂഹികവുമായ മുന്‍ഗണനകളൊക്കെ ഇതിനിടയിലും ഒരുവിധം നിലനിന്നിരുന്നു. എന്റെ അയല്‍വാസികള്‍ പലരും ഈസ്റ്ററും ഈദും ആചരിക്കാന്‍ കുറഞ്ഞ അപകടസാധ്യതകളുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വളരെ പ്രധാനപ്പെട്ട കുടുംബമുഹൂര്‍ത്തങ്ങള്‍ മാത്രം ആചരിക്കുകയും ചെയ്തു. എന്തിനേറെ, കായികമത്സരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചെറിയ ചാനലുകള്‍ അടച്ചുപൂട്ടിയപ്പോള്‍ വലിയ ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ ലാ ലിഗയും പ്രീമിയര്‍ ലീഗും കാണാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്തു.
അടിയന്തര സാഹചര്യങ്ങളില്‍ ഗവണ്‍മെന്റ് അടിച്ചേല്‍പ്പിച്ച സങ്കീര്‍ണമായ നിയന്ത്രണങ്ങള്‍ക്കിടയില്‍ സാധാരണ ജീവിതം നയിക്കാന്‍ മുന്‍ഗണനാക്രമങ്ങളില്‍ കാര്യമായ അഴിച്ചുപണികള്‍ ആവശ്യമായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യമായി കരുതപ്പെടുന്നത് രോഗബാധ തടയുന്നതിനായുള്ള ഫലപ്രദമായ മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നതായിരുന്നു. പുതിയ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനും പുതിയ രീതികളോട് സഹകരിക്കാനുമുള്ള ജനങ്ങളുടെ ശേഷി അടിസ്ഥാനമാക്കിയാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുക. എബോള അതിജീവനമെന്നത് രോഗബാധ ഒഴിവാക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ മാത്രമായിരുന്നില്ല, മറിച്ച് വളരെ അര്‍ഥവത്തും ആദരണീയവുമായ ഒരു രീതിയില്‍ ജീവിതം മുന്നോട്ടുനയിക്കുകയെന്ന വലിയൊരു സാമൂഹിക ദൗത്യം തന്നെയായിരുന്നു.
ഈ ദുരന്തത്തിന്റെ പാരമ്യത്തിലാണ്, ഞാന്‍ കൂടെ കഴിഞ്ഞിരുന്ന യുവദമ്പതിമാരായ ജയിംസിനും ഐഷക്കും ഒരു കുട്ടി പിറക്കുന്നത്. പ്രതിസന്ധി കാരണം ജയിംസിന് ഒരു പ്രാദേശിക ഗസ്റ്റ്ഹൗസിലുള്ള ജോലി ഒഴിവാക്കേണ്ടിവന്നിരുന്നു. ബിസിനസ് മാനേജ്‌മെന്റിലുള്ള ഐഷയുടെ പഠനം മുടങ്ങി. അവിവാഹിതരായ ചെറിയൊരു കുടുംബമായതിനാല്‍ തന്നെ സാമ്പത്തികമായുള്ള പിന്തുണയോ ബാന്ധവമോ അവര്‍ക്കുണ്ടായിരുന്നില്ല. സഞ്ചാരങ്ങള്‍ക്കും സമ്പര്‍ക്കങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ, പരമ്പരാഗതമായ കുട്ടിക്ക് പേരിടല്‍ കര്‍മത്തിന്റെ ഒരു 'പരിഷ്‌കൃത രീതി' ആചരിക്കാന്‍ അവര്‍ തീരുമാനിച്ചു.
പ്രാദേശിക ഉദ്യോഗസ്ഥരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം, പതിവിലും വൈകിക്കൊണ്ട്, പാരമ്പര്യമായി നവജാത ശിശു ചെയ്യേണ്ട ആചാരങ്ങളില്‍ സഹായിക്കാന്‍ വളരെ അത്യാവശ്യമായ, ജെയിംസിന്റെ മുന്‍ബോസും ഐഷയുടെ ചില സഹപാഠികളും ചേര്‍ന്ന് പേരിടല്‍ കര്‍മം പൂര്‍ത്തീകരിച്ചു. സന്താനപരിപാലനമെന്ന ദീര്‍ഘകാല വെല്ലുവിളിയും രോഗബാധയെന്ന താത്കാലിക പ്രതിസന്ധിയും തമ്മില്‍ ഒരു സന്തുലനം സാധ്യമാക്കിയ ഒരു നടപടിയായിരുന്നു ഇത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്ന വിദഗ്ധരും മീഡിയയും ചേര്‍ന്ന് ഒരു സാംക്രമിക രോഗത്തിന് ചുറ്റുമായി നിര്‍മിച്ചെടുത്ത ആഗോള ഉന്മാദാവസ്ഥയോടുള്ള പ്രകടമായ വൈപരീത്യം.
എബോളക്കെതിരെയുള്ള ആഗോള പ്രതികരണത്തിന്റെ ഊന്നല്‍ എന്തുവിലകൊടുത്തും വൈറസ് വ്യാപനത്തെ നിയന്ത്രിക്കുക എന്ന സങ്കുചിതമായ സമീപനത്തിലായിരുന്നു. സമാനമായ ഒരു പ്രതികരണം തന്നെയാണ് കൊറോണവൈറസിന്റെ കാര്യത്തിലും നാം കണ്ടുകൊണ്ടിരിക്കുന്നത്. വൈറസില്‍ മാത്രമുള്ള കേന്ദ്രീകരണം പൊതുജനാരോഗ്യ നടപടികള്‍ മൂലമുണ്ടാവുന്ന, ചിലപ്പോഴൊക്കെ തുല്യപ്രാധാന്യമുള്ള, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങളെ അവഗണിക്കാന്‍ ഇടവരുത്തുന്നു. ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ജെയിംസിനെയും ഐഷയെയും പോലുള്ള ബാധിത ജനങ്ങളുടെ മുന്‍ഗണനാക്രമങ്ങള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെടുന്നു.
എബോള വ്യാപന സമയത്ത് ജീവിതം തുടരാന്‍ തന്നെ തീരുമാനിച്ച എന്റെ ഫ്രീടൗണിലെ സുഹൃത്തുക്കള്‍ മറുപുറത്തുള്ള വലിയ ചിത്രത്തെ കുറിച്ച് അജ്ഞരായിരുന്നില്ല. ഇന്ന് ചിന്തിക്കുമ്പോള്‍ അന്ന് നിരുത്സാഹപ്പെടുത്തപ്പെട്ടിരുന്ന അവരുടെ പല പ്രവര്‍ത്തനങ്ങളുടെയും പൊരുള്‍ മനസിലാവുന്നുണ്ട്. ഇന്ന് പ്രസ്തുത ദുരന്തം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സിയറ ലിയോണിലെ സാമ്പത്തിക, ആരോഗ്യരംഗം ദയനീയമായി തുടരുന്നത് കാണുമ്പോള്‍ അന്ന് പ്രഖ്യാപിതമായ മള്‍ട്ടിബില്യണ്‍ ഡോളറുകളുടെ ആഗോള പ്രതികരണങ്ങളൊക്കെ എന്തുമാത്രം സ്ഥാപിത താല്‍പര്യാര്‍ഥം പൊതുജനങ്ങളുടെ ജീവിതത്തെ അവഗണിച്ചുകൊണ്ടായിരുന്നുവെന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ട്.
എബോളയെ കുറിച്ചുള്ള സിയറ ലിയോണിലെ എന്റെ ഗവേഷണത്തില്‍ നിന്ന് ഞാന്‍ പഠിച്ചൊരു പാഠമിതാണ്: വൈറസിനെ കുറിച്ചോര്‍ത്ത് ഒരിക്കലും പരിഭ്രാന്തരാവരുത്, മറുപുറത്തുള്ള വലിയ ദൃശ്യം (ആശഴഴലൃ ജശരൗേൃല) കാണാനുള്ള ശേഷി നഷ്ടപ്പെടുത്തരുത്. കൊറോണവൈറസിനോട് പോരാടുമ്പോള്‍ വ്യക്തികളും സമൂഹവും എന്ന നിലകളില്‍ നമ്മുടെ മുന്‍കാലാനുഭവങ്ങളില്‍ നിന്ന് ചിലതൊക്കെ പഠിക്കാനാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
(ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിന് കീഴിലെ ഫിറോസ് ലാല്‍ജി സെന്റര്‍ ഫോര്‍ ആഫ്രിക്കയിലെ പോസ്റ്റ് ഡോക്ഡറല്‍ ഗവേഷകനാണ് ഡോ. ജോനാ ലിപ്റ്റണ്‍)
വിവര്‍ത്തനം: അനീസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."