'പൊളിഞ്ഞു വീഴാറായ വീട്ടില്‍ അജിത് ഒറ്റക്കാണ് '
സുല്‍ത്താന്‍ ബത്തേരി: ബാല്യത്തിന്റെ കുസൃതികള്‍ അന്യമായി അജിത് ഇന്ന് ഒറ്റക്ക് ജീവിക്കുകയാണ്. അമ്മയും അച്ഛനും സഹോദരനും ഇല്ലാത്ത, നാല്‍പതു വര്‍ഷം പഴക്കമുള്ള, പച്ചക്കട്ടയില്‍ കെട്ടിപൊക്കിയ ഏതു നിമിഷവും പൊളിഞ്ഞു വീഴാറായ കുടുംബത്തിന്റെ സ്വപ്നക്കൂട്ടില്‍.
ഇത് അജിത്തിന്റെ ജീവിതമാണ്. മധ്യപ്രദേശ് സര്‍ക്കാരിന്റെ അധീനതയിലുള്ള ബീനാച്ചി എസ്റ്റേറ്റിലെ കൊളഗപ്പാറ ചൂരിമലകുന്ന് ഭാഗത്തെ പട്ടയമില്ലാത്ത എന്‍ക്രോച്ച്‌മെന്റ് ഭൂമിയിലെ വീട്ടിലാണ് വിധിയാല്‍ അനാഥമാക്കപ്പെട്ട അജിത് കഴിയുന്നത്.
അച്ഛന്‍, അമ്മ, സഹോദരന്‍, അജിതിന് എല്ലാവരുമുണ്ടായിരുന്നു. പക്ഷെ കുടുംബത്തിന്റെ കൂട്ടില്‍ അജിത് ഒറ്റപ്പെടാന്‍ തുടങ്ങിയത് തന്റെ പത്താം വയസ് മുതലാണ്. തന്റെ കുസൃതികള്‍ ഏറെയിഷ്ടമായിരുന്ന അമ്മയുടെ വിയോഗമാണ് അജിതിന്റെ ആദ്യ നഷ്ടം. ആറ് വര്‍ഷം മുമ്പ് ക്യാന്‍സറിന്റെ രൂപത്തിലെത്തിയാണ് അമ്മ ലതയെ വിധി അജിത്തില്‍ നിന്നും അടര്‍ത്തിയെടുത്തത്. അമ്മയുടെ വിയോഗം തളര്‍ത്തിയ കുഞ്ഞു മനസിനെ വീണ്ടും ദു:ഖത്തിലാഴ്ത്തി ജ്യേഷ്ഠന്‍ അനീഷും വിധിക്ക് കീഴടങ്ങി. പൂതാടി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരിക്കെ നാല് വര്‍ഷം മുമ്പ് പൂതാടിയില്‍ പുഴയില്‍ കൂട്ടുകാരോടുത്ത് കുളിക്കാനാറിങ്ങിയ സഹോദരന്‍ പിന്നെ തിരിച്ചുവന്നില്ല. പിന്നീട് അച്ഛനായിരുന്നു അജിതിന് എല്ലാം.
സങ്കടങ്ങള്‍ക്കിടയിലും പഠനം തുടര്‍ന്ന അജിത് ബീനാച്ചി ഗവ.ഹൈസ്‌കൂളില്‍ ഒന്‍പതിലെത്തിയപ്പോള്‍ വീണ്ടും ദുരിതം അവനെ തേടിയെത്തി. ഇത്തവണ ടി.ബിയുടെ രൂപത്തില്‍ അച്ഛന്‍ ബാലുവിനെയാണ് വിധിതട്ടിയെടുത്തത്. ഇതോടെയാണ് എല്ലാവരുമുണ്ടായിരുന്ന വീട്ടില്‍ അജിത് ഒറ്റപ്പെട്ടത്. അങ്ങനെ എല്ലാ അശ്രയവും നഷ്ടപ്പെട്ട് അജിത്ത് ഇപ്പോള്‍ ഒറ്റക്കാണ് താമസം. ബന്ധുക്കളുമായി അത്രക്ക് അടുപ്പമില്ല. അയല്‍ വീട്ടുകാരുടെയും സമീപത്തെ ക്ലബുകാരുടെയും സഹായമാണ് അജിതിന് ആശ്രയം. ഒന്‍പതാം ക്ലാസിലെ പഠനത്തിനിടക്ക് അച്ഛന്റെ മരണത്തെ തുടര്‍ന്ന് പഠനം മുടങ്ങിയിരുന്നു. അതിനാല്‍ ഇത്തവണയും ബീനാച്ചി സ്‌കൂളില്‍ അതേ ക്ലാസില്‍ തന്നെയാണ് അജിത്.
പട്ടികജാതി വിഭാഗത്തിലെ കുറുമ സമുദായംഗമാണ് അജിത്. അജിതിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഇനി ഭരണകൂടം കനിയണം. അടച്ചുറപ്പുള്ള വീടും പഠന ചെലവുമാണ് അജിതിന് ആദ്യമായി വേണ്ടത്. ഇതിന് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വീടും നല്‍കണമെന്നും പഠന ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."