മോഹങ്ങള്‍ വാരിക്കോരി നല്‍കും; പക്ഷെ, ഒന്നും നടപ്പാകില്ല
പെരിയ: മാളോത്തുംപാറ കോളനിയിലെ 16 കുടുംബങ്ങള്‍ കുടിവെള്ളത്തിനു വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ്. ഈ കോളനിയിലെ മൂന്നു പൊതു കിണറുകളിലും ഒരിറ്റു വെള്ളം പോലുമില്ല.
ഒരു കുഴല്‍ക്കിണര്‍ കോളനിയില്‍ ഉണ്ടെങ്കിലും ഇതില്‍ നിന്നു ചെളിനിറഞ്ഞ വെള്ളമാണ് ഇവര്‍ക്കു ലഭിക്കുന്നത്. ഇതോടെ കോളനിയിലെ ഈ പതിനാറു കുടുംബാംഗങ്ങള്‍ പ്രാഥമിക കൃത്യത്തിനും ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനും പരക്കം പാഞ്ഞ് വെള്ളം ശേഖരിക്കേണ്ട അവസ്ഥയിലാണ്. കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മറ്റുമാണ് ഇവര്‍ വെള്ളം ശേഖരിച്ചു തങ്ങളുടെ കുടിലുകളില്‍ ചുമന്നെത്തിക്കുന്നത്.
കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ടു ഒട്ടനവധി തവണ പുല്ലൂര്‍ പെരിയ പഞ്ചായത്ത് അധികൃതര്‍ക്ക് ഇവര്‍ നിവേദനം നല്‍കിയെങ്കിലും അങ്ങിനെയൊരു പദ്ധതി പഞ്ചായത്തില്‍ ഇല്ലെന്നു പറഞ്ഞു അവരും കൈമലര്ത്തുകയാണെന്നു കോളനിയിലെ ആളുകള്‍ പറയുന്നു.
അതേ സമയം സ്വപ്ന വാഗ്ദാനങ്ങള്‍ ഇവര്‍ക്കു നല്കി ഈ കോളനി കേന്ദ്രസര്വകലാശാലക്കു വേണ്ടി അധികൃതര്‍ ഏറ്റെടുത്തിട്ടു വര്‍ഷങ്ങളായെങ്കിലും ഇവര്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമിയും വീടും മറ്റു സൗകര്യങ്ങളും അധികൃതര്‍ നല്‍കിയിട്ടില്ല.
കോളനി നിവാസികള്‍ക്കു എല്ലാവിധ സൗകര്യങ്ങളും ചെയ്തു നല്‍കുമെന്ന അധികൃതരുടെ വാഗ്ദാനം നടപ്പാകാന്‍ ഇനിയും കാത്തിരിക്കണമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."