ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ്
മുംബൈ: ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് മൂന്നാം പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ശക്തരായ ന്യൂസിലന്‍ഡ് ഇന്ത്യയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. ഒരു ഗോളിന് മുന്നില്‍ നിന്ന ഇന്ത്യയെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ന്യൂസിലന്‍ഡ് വീഴ്ത്തുകയായിരുന്നു. തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്ക് ശേഷം ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയാണിത്.
മികച്ച ഗോള്‍ വ്യത്യാസത്തില്‍ ഇന്ത്യ നേരത്തെ തന്നെ ഫൈനലുറപ്പിച്ചു. ഇന്ത്യയെ കീഴടക്കിയതോടെ ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്ത്. ന്യൂസിലഡിനെ നേരത്തെ കെനിയ പരാജയപ്പെടുത്തിയതിനാല്‍ ഇന്ന് നടക്കുന്ന കെനിയ- ചൈനീസ് തായ്പേയ് മത്സരത്തിന്റെ ഫലം വന്നാലെ ഫൈനലിലെ ഇന്ത്യയുടെ എതിരാളി ആരെന്ന് അറിയൂ.
വിശ്വസ്തനായ മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക, ജെജെ ലാല്‍പെഖുലെ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ കളിച്ചത്. മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയന് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോളടി തുടര്‍ന്നപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ ലീഡെടുത്തു. എന്നാല്‍ യുവ താരങ്ങളുടെ കരുത്തില്‍ കളിക്കാനെത്തിയ ന്യൂസിലന്‍ഡ് നിരവധി ഗോളവസരങ്ങള്‍ ഒരുക്കി തിരിച്ചടിക്കുള്ള സാധ്യത വിടാതെ നിര്‍ത്തി.
ഇന്ത്യയുടെ ഗോള്‍ ആവേശത്തിന് രണ്ട് മിനുട്ട് ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളു. 47ാം മിനുട്ടില്‍ ലീഡെടുത്ത ഇന്ത്യയെ 49ാം മിനുട്ടില്‍ നേടിയ ഗോളിലൂടെ ന്യൂസിലന്‍ഡ് ഒപ്പം പിടിച്ചു. ആന്ദ്രെ ജോങായിരുന്നു സമനില ഗോള്‍ നേടിയത്. പിന്നീട് മത്സരം പുരോഗമിക്കവേ ഇരു പക്ഷത്തിനും വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ 86ാം മിനുട്ടില്‍ മോസസ് ഡയറിലൂടെ ന്യൂസിലന്‍ഡ് വിജയ ഗോള്‍ നേടിയതോടെ ഇന്ത്യ പരാജയം സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."