HOME
DETAILS

ജലത്തിന് പുറത്ത് ജീവിക്കുന്ന മീനുകള്‍

  
backup
April 12 2020 | 03:04 AM

12344423


പതിനാറാം നൂറ്റാണ്ടിലെ നവോഥാന കലയിലെ നായകന്മാരിലൊരാളായ പുകഴ്‌പെറ്റ ചിത്രകാരന്‍ തിത്തിയന്റെ (റ്റിസിയാനൊ വെസലിയോ) രചനകളുടെ ഒരു പ്രത്യേക പ്രദര്‍ശനം കലാനിരൂപകനായ മത്തിയാസ് വിവല്‍ ലണ്ടനിലെ നാഷണല്‍ ഗാലറിയില്‍ തുടങ്ങിയിരുന്നു. ജൂണ്‍ പതിനാലുവരെ നീണ്ടുനില്‍ക്കുമായിരുന്ന പ്രദര്‍ശനം കൊറോണയുടെ കടന്നാക്രമണത്തില്‍ നിന്നുപോയി. തിത്തിയന്റെ ചിത്രങ്ങളെപ്പറ്റി ഗവേഷണം നടത്തി ഡോക്റ്ററേറ്റ് നേടിയ മത്തിയാസ് തന്റെ കണ്ടെത്തലുകളുടെ ഭാഗമായാണ് പ്രദര്‍ശനത്തിന് തുടക്കമിട്ടത്. യൂറോപ്പിലെ കോളനി സ്ഥാപകരെ ലോകം അടയാളപ്പെടുത്താതിരുന്ന ഒരു കാലത്ത് സ്‌പെയിനിലേയും പോര്‍ട്ടുഗലിലേയും രാജാവും പ്രസിദ്ധനായ റോമാചക്രവര്‍ത്തി ചാള്‍സ് അഞ്ചാമന്റെ മകനുമായിരുന്ന ഫിലിപ്പ് രണ്ടാമന്റെ നിയോഗപ്രകാരം സമകാലികനായ തിത്തിയന്‍ രചിച്ച പ്രശസ്തങ്ങളായ എട്ടു ചിത്രങ്ങളും മത്തിയാസ് ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.


ഗ്രീക് മിത്തോളജിയിലെ നിരവധി കഥകളെ തന്റെ രചനകള്‍ക്ക് വിഷയമാക്കിയിരുന്ന തിത്തിയന്റെ രചനകളില്‍ ആകൃഷ്ടനായാണ് ഫിലിപ്പ് രണ്ടാമന്‍ അത്തരമൊരു ദൗത്യത്തിന് തിത്തിയനെ തെരഞ്ഞെടുത്തത്. എപ്പോഴും കാഴ്ചക്കാരനെ വിഭ്രമിപ്പിക്കുന്ന ഒരു ലോകം തിത്തിയന്റെ രചനകളെ സമകാലികരായ മറ്റ് ചിത്രകാരന്മാരുടെ സൃഷ്ടികളില്‍ നിന്ന് വ്യത്യസ്തമാക്കിയിരുന്നു. ആധുനികതയുടെ വിളംബരകാലത്ത് സര്‍റിയലിസത്തെ ആഘോഷിക്കാന്‍ ശ്രമിച്ച പലരുടേയും രചനകളുടെ ആദ്യകാല പ്രചോദക ദൃഷ്ടാന്തങ്ങള്‍ക്ക് തിത്തിയന്റെ സൃഷ്ടികള്‍ പരിമിതമായ വിധത്തിലെങ്കിലും കാരണമായിട്ടുണ്ട്. ഫിലിപ്പ് രണ്ടാമന്‍ രാജാവിനുവേണ്ടി ആയിരത്തിഅഞ്ഞൂറ്റി അറുപതുകളില്‍ അദ്ദേഹം വരച്ച 'ദി റേയ്പ് ഓഫ് യൂറോപ്പ' ഗ്രീക് മിത്തോളജിയിലെ ഒരു പുരാവൃത്തത്തിന്റ പുനരാവിഷ്‌കാരമാണ്. അതിലെ യൂറോപ്പ ക്രെറ്റയിലെ മിനോസ് രാജാവിന്റെ അമ്മയാണ്. അവള്‍ കുമാരിയായിരിക്കെ സിയൂസ് ദേവന്‍ കണ്ട് മോഹിച്ച് ഒരു കാളയുടെ വേഷത്തില്‍ വന്ന് നദിയില്‍ കുളിച്ചുനില്‍ക്കെ അവളെ കടത്തിക്കൊണ്ട് വന്ന് സ്വന്തമാക്കി ഫിനീഷ്യന്‍ രാജ്ഞിയാക്കിയ കഥയാണ് തിത്തിയന്‍ പുനരാവിഷ്‌കരിച്ചരിക്കുന്നത്. ചിത്രത്തിലെ ജലപ്പരപ്പില്‍ മനുഷ്യാകൃതിപൂണ്ട മനുഷ്യരൂപങ്ങള്‍ അവളെ രക്ഷിക്കാന്‍ ആയുധങ്ങളുമായി സീയൂസിനെ എതിര്‍ക്കാന്‍ വരുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. അക്കാലത്ത് അത്തരത്തില്‍ മനുഷ്യാകൃതിയുളള മനുഷ്യരെപ്പറ്റി ചിന്തിക്കാന്‍ തിത്തിയന് കഴിഞ്ഞത് അദ്ദേഹത്തന്റെ പ്രതിഭയുടെ അതിശയിപ്പിക്കുന്ന ആഴം തന്നെയാണെന്ന് ഇന്ന് കലാനിരൂപകര്‍ കരുതുന്നു. കരിങ്കടലില്‍ കണ്ടുവരുന്ന ഒരു തരം മീനാകാം അദ്ദേഹത്തിന്റെ ഭാവനയെ ഉദ്ദീപിപ്പിച്ചതെന്ന് കരുതുന്നവരുമുണ്ട്.


ഫിലിപ്പ് രണ്ടാമന്‍ രാജാവിന് വേണ്ടി തിത്തിയന്‍ വരച്ച ചിത്രങ്ങളെല്ലാം ഇത്തരം പുരാവൃത്തങ്ങളെ ആസ്പദിച്ചുളളതാണ്. അക്കാലത്ത് ഫിലിപ്പ് സ്‌പെയിനിന്റെ മാത്രമല്ല അയര്‍ലാന്റിന്റെയും പോര്‍ച്ചുഗലിന്റെയും രാജാവായിരുന്നു. ഒരു വിവാഹ ബന്ധം വഴി കുറച്ചു കാലം ഇംഗ്ലണ്ടും ഫിലിപ്പ് ഭരിച്ചിരുന്നു. അക്കാലത്ത് ഇംഗ്ലണ്ടിന്റെ അധീനതയിലായിരുന്ന ഫിലിപ്പൈന്‍സിന് ആ പേര് വന്നത് ഫിലിപ്പ് രണ്ടാമന്റെ ഭരണത്തിന്റെ ഓര്‍മയ്ക്കു വേണ്ടിയാണ്. ഫിലിപ്പ് രാജാവിന് ലഘുവായ മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ചില മനഃശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് തിത്തിയനെക്കൊണ്ട് ഇത്തരം ചിത്രങ്ങള്‍ വരപ്പിക്കാന്‍ തുനിഞ്ഞതെന്ന് പോലും കരുതുന്നുണ്ട്. പൊതുവെ തിത്തിയന്റെ രചനകളില്‍ പ്രത്യക്ഷപ്പെടുന്ന ചില രൂപങ്ങളുടെ സവിശേഷമായ ആകാര രീതി ഫിലിപ്പിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.


ഫിലിപ്പിന്റെ സമകാലികനായതിനാലാവാം തിത്തിയന്റെ സൃഷ്ടികള്‍ കാണാനുളള നിരവധി അവസരങ്ങള്‍ ഫിലിപ്പിന് ലഭിച്ചിരുന്നു. തനിക്കാവശ്യം ഗ്രീക് മിത്തോളജിയിലെ പലതരത്തിലുളള പുരാവൃത്തങ്ങളെ അധിഷ്ഠാനപ്പെടുത്തിയിട്ടുള്ള രചനകളായിരിക്കണമെന്ന് രാജാവ് ചിത്രകാരനോട് നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടാണ് ഫിലിപ്പിന് വേണ്ടി അദ്ദേഹം വരച്ച ചിത്രങ്ങളെല്ലാം തന്നെ ചില മിത്തുകളുടെ പുനരന്വേഷണങ്ങളായതും. ഫിലിപ്പിന്റെ മനോനിലയിലുളള ചില അപഭ്രംശങ്ങള്‍ മൂലം അസാധാരണത്വം പ്രകാശിപ്പിക്കുന്ന രചനകളോടായിരുന്നു അദ്ദേഹത്തിന് കമ്പമുണ്ടായിരുന്നത്. കലാനിരൂപകന്‍ മത്തിയാസ് ഈ പ്രദര്‍ശനം ഒരുക്കുമ്പോള്‍ ഫിലിപ്പിന് വേണ്ടി തിത്തിയന്‍ ചെയ്ത ചിത്രങ്ങള്‍ മാത്രം ഒറ്റവാതിലുളള ഒരു മുറിയില്‍ വയ്ക്കണമെന്നായിരുന്നു ആദ്യം ചിന്തിച്ചതെങ്കിലും പിന്നീട് ആ ചിന്ത മാറി. അതിന് കാരണം തിത്തിയന്റെ രചനകള്‍ കുറച്ചുകൂടി വിശാലമായ ഒരിടത്തേയ്ക്കു മാറ്റുമ്പോള്‍ ആ ചിത്രങ്ങളുടെ ഫ്രെയിമുകള്‍ക്കപ്പുറം വിസ്മയകരമായ മറ്റൊരു ലോകം തുറന്നുതരുന്നത് പോലെ തനിക്ക് തോന്നിയെന്നാണ് പറയുന്നത്.


ഈ അനുഭവം ചിത്രം നാമറിയാതെ പകര്‍ന്നുതരുന്ന നിര്‍വചനാതീതമായ അതിന്റെ രചനാ ചാരുതകൊണ്ടുതന്നെയാണ്. വിശാലമായ ഒരു മുറിയില്‍ അവ പ്രദര്‍ശിപ്പിക്കമ്പോള്‍ ചിത്രത്തിന്റെ നാലു ചട്ടങ്ങള്‍ക്കുവെളിയിലും ഒരു ലോകം പ്രകാശിക്കുന്നതായി കാഴ്ചക്കാരനു തോന്നും. ചിത്രതലത്തിലെ മുന്‍നിരയില്‍ കാണുന്ന മനുഷ്യരടക്കമുള്ള രൂപങ്ങള്‍ പ്രകടമാക്കുന്ന ദൃശ്യാനുഭവം പിന്‍തലത്തില്‍ രചിക്കപ്പെട്ടതിലേറെ ഇനിയുമുണ്ടെന്ന് കാഴ്ചക്കാരനെ ബോധ്യപ്പെടുത്തും. കലാചരിത്രകാരനായ അലക്‌സാണ്ടര്‍ നഗല്‍ ഈ അടുത്തകാലത്ത് തിത്തിയന്‍ രചനകളെക്കുറിച്ച് നടത്തിയ ഗവേഷണത്തില്‍ മറ്റാരും സൂചിപ്പിക്കാത്ത ചില പുതിയ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. സ്‌പെയിന്‍ രാജാവിന്റെ അധിനിവേശ ത്വരയും ദീര്‍ഘവീക്ഷണപടുത്വവും തിത്തിയന്റെ രചനകളില്‍ പ്രകടമാണെന്ന് അലക്‌സാണ്ടര്‍ നഗല്‍ മനസിലാക്കുന്നു. ഫിലിപ്പിന്റെ ദീര്‍ഘവീക്ഷണങ്ങളില്‍ അമൂര്‍ത്തമായ ഭാവനകള്‍ ആന്തരികചോദനയായി പ്രവര്‍ത്തിക്കുമ്പോഴും അവയില്‍ ഭൂമിശാസ്ത്രപരവും, സാമ്പത്തികാധിഷ്ഠിതവും, സാംസ്‌കാരികവും, എന്തിന് ജന്തുശാസ്ത്രപരവുമായ നിരവധി സാധ്യതകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് തിത്തിയന്‍ തിരിച്ചറിഞ്ഞിരുന്നു. ഫിലിപ്പിന്റെ ഭ്രാന്തന്‍ ചിന്തകള്‍ എന്ന് മറ്റുളളവര്‍ രഹസ്യമായി നിര്‍വചിച്ചിരുന്ന ആ ഭാവനകളില്‍ ഭാവിയുടെ വിളക്കുമാടങ്ങള്‍ പ്രകാശിച്ചിരുന്നതായി തിത്തിയന് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ ഫിലിപ്പിന്റെ ആവശ്യങ്ങള്‍ നിരാകരിക്കാന്‍ തിത്തിയന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, അവയെ ഗൗരവത്തോടെ സ്വീകരിക്കാന്‍ സന്നദ്ധനായി. ഫിലിപ്പിനെപ്പോലെ ദീര്‍ഘവീക്ഷണമുള്ള ഒരാളായിരുന്നു തിത്തിയനുമെന്നത്‌കൊണ്ടാണ് അദ്ദേഹം ഈ രചനകളെ ഭാവിയുടെ വായനയ്ക്കായി സജ്ജമാക്കിയത്. അലക്‌സാണ്ടറുടെ ഗവേഷണം തിത്തിയനെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് പുതിയ പാഠങ്ങള്‍ സമ്മാനിക്കുകയാണ്. ലോകം മുന്‍പ് എപ്പോഴത്തേക്കാളും വലുതായി തോന്നും ഓരോ തവണ നാം ശ്രദ്ധിക്കുമ്പോഴും. പ്രകൃതിയെ നാം ഒരുപാടു കാണുമ്പോഴും വളരെക്കുറച്ചെ മനസിലാക്കുന്നുള്ളൂ. വെട്ടിപ്പിടിക്കാന്‍ വ്യഗ്രത കാണിക്കുന്ന യൂറോപ്പിന്റെ മനഃസാസ്ത്രം പ്രത്യാശാനിര്‍ഭരതയോടെയാണ് ഭൂമിയുടെ നേര്‍ക്ക് നില്‍ക്കുന്നതെങ്കിലും ആ പ്രത്യാശ ക്ഷണികമാണെന്ന് ഫിലിപ്പിലൂടെ തിത്തിയന്‍ വിലയിരുത്തിയിരുന്നു. ആ വികലമായ മനോനിലതന്നെയായിരുന്നു തന്റ രചനകളിലെ മുഖ്യചര്‍ച്ചാവിഷയവും.


ഫിലിപ്പിന് രചനകള്‍ നിര്‍വഹിക്കാനുള്ള കരാര്‍ വളരെ സന്തോഷത്തോടെയാണ് തിത്തിയന്‍ ഏറ്റെടുത്തത്. തന്റെ രണ്ട് ചിത്രങ്ങള്‍ ചില മിനുക്കുപണികള്‍ നടത്തി ഏതാനും മാസങ്ങള്‍ക്കുളളില്‍ അദ്ദേഹം ഫിലിപ്പിന് നല്‍കി. അപ്പോള്‍ ഫിലിപ്പ് സ്‌പെയിനിന്റെയും അധീനപ്രദേശങ്ങളുടെയും രാജാവായി സ്ഥാനമേറ്റതേ ഉണ്ടായിരുന്നുള്ളൂ. പെഴ്‌സ്യൂസ് എന്ന ഗ്രീക്ക് നായകന്‍ എത്യോപ്യയിലെ രാജകുമാരി ആന്ദോമെഡയെ സര്‍പ്പരൂപിയായി ആവേശിച്ച ഒരു കടല്‍ ഭൂതത്തെ കൊലപ്പെടുത്തുവാന്‍ ആകാശങ്ങളില്‍ നിന്ന് താഴോട്ട് ഇറങ്ങിവന്ന് അതിനെ ഒരു പാറയില്‍ ബന്ധിക്കുന്ന സംഭവം ആവിഷ്‌കരിച്ചതായിരുന്നു അവയിലൊന്ന്. നഗ്‌നയായ രാജ്ഞിയും പരിവാരങ്ങളുമാണ് ചിത്രത്തിലെ മുന്‍തലത്തില്‍ ഹൃദ്യമായി വരയ്ക്കപ്പെട്ടിരിക്കുന്നത്. അവര്‍ക്കുചുറ്റും ദൃശ്യമാകുന്ന പ്രകൃതി മുന്‍തലത്തിലെ രചനാവസ്തുക്കളെ കൃത്യമായി പ്രേക്ഷകശ്രദ്ധയ്ക്ക് വിധേയമാകത്തക്കവണ്ണമുള്ള വര്‍ണപ്രയോഗ കൗശലം ആരേയും അത്ഭുതപ്പെടുത്തും.


കീഴ്ക്കാം തൂക്കായ ഭയജനകമായ പാറയ്ക്കുമുകളിലൂടെ കുതിച്ചൊഴുകുന്ന ജലം ഭൂതത്തെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുണ്ടെന്ന് കാഴ്ചക്കാരനെ ധരിപ്പിക്കത്തക്കവണ്ണമുള്ള വര്‍ണപ്രയോഗം അതിന്റെ രചനാമികവ് വെളിപ്പെടുത്തുന്നു. പ്രകൃതി അതിന്റെ സ്വന്തം പദ്ധതി പ്രകാരം നന്മയെയാണ് ഉപാസിക്കുകയെന്നൊരു ചിന്തകൂടി തിത്തിയന്‍ ഇവിടെ പങ്കുവയ്ക്കുന്നു. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും രണ്ട് ചിത്രങ്ങള്‍ തിത്തിയന്‍ ഫിലിപ്പിന് നല്‍കുന്നത്. നേരത്തെ നല്‍കിയതില്‍ നിന്ന് വിഭിന്നമാണ് വിഷയമെങ്കിലും ഒരേ വൈകാരിക തലമായിരുന്നു പുതിയ രചനകളും സംവേദനം ചെയ്തത്. അവയിലൊന്ന് കന്യകാദേവതയായ ഡയാനയും പരിവാരങ്ങളും ഒരു അരുവിയില്‍ കുളിച്ചുകൊണ്ടിരിക്കെ അവിടേയ്ക്ക് യാദൃച്ഛികമായി കടന്നുവന്ന ആക്‌റ്റ്യോണിന്റെ കഥയെ അധികരിച്ചുളളതായിരുന്നു. ആക്‌റ്റ്യോണിനെ അവിചാരിതമായി കണ്ട ഡയാനയുടെ പരിഭ്രമങ്ങളും കോപവും പ്രകടമാക്കുന്ന വര്‍ണ്ണപ്രയോഗമാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ തിത്തിയന്‍ തന്റെ മുന്‍കാല രചനകളില്‍ ചിത്രീകരിച്ചിരിക്കുന്ന പ്രകൃതിയില്‍ നിന്ന് തികച്ചും ഭിന്നമാണ് ഇതിലെ പ്രകൃതി വര്‍ണന. ഒതുക്കമില്ലാത്ത താഴ്‌വാരങ്ങളും മെരുങ്ങാത്ത കുന്നുകളും അന്നേരത്തെ ഡയാനയുടെ മനോനില കൃത്യമായി ആവിഷ്‌കരിക്കാനായാണ് തിത്തിയന്‍ ഈ രചനയില്‍ വരച്ചിട്ടത്. ഇത്തരത്തില്‍ ഫിലിപ്പ് രാജകുമാരനു വേണ്ടി അദ്ദേഹം നിര്‍വഹിച്ച രചനകളെല്ലാം തന്നെ ഫിലിപ്പിന്റെ മാനസിക വ്യപാരങ്ങള്‍ ശരിക്കും തിത്തിയന്‍ മനസിലാക്കിയിരുന്നുവെന്നതിന് വ്യക്തമായ തെളിവുകളാണെന്ന് അലക്‌സാണ്ടര്‍ തന്റെ പഠനത്തില്‍ കണ്ടെത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago