പാകിസ്താനില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും 33 മരണം
പെഷാവര്‍: പാകിസ്താനില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും 33 പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന വടക്കന്‍ പാകിസ്താനിലാണ് കാലവര്‍ഷം രൂക്ഷമായത്. വടക്കന്‍ പ്രവിശ്യയായ ഖൈബര്‍ മേഖലയിലെ ചിത്രാല്‍ ജില്ലയില്‍ ശനിയാഴ്ച മുതലാണ് ശക്തമായ മഴയും ചുഴലിക്കാറ്റും തുടങ്ങിയത്. ജില്ലയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. പള്ളി, വീടുകള്‍, ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ ഉര്‍സൂനിലെ സൈനിക പോസ്റ്റ് എന്നിവയെല്ലാം നശിച്ചതായി മേയര്‍ മെഗ്ഫിറാത്ത് ഷാ അറിയിച്ചു.
അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുനിന്ന് എട്ട് ഗ്രാമീണരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. ആറ് സൈനികരെ കാണാതാവുകയും ചെയ്തു. താര്‍ബെലാ ഡാമിന്റെ നിര്‍മാണത്തിലേര്‍പ്പെട്ട രണ്ട് ചൈനീസ് എന്‍ജിനിയര്‍മാര്‍ മരിക്കുകയും അഞ്ച് പാകിസ്താന്‍ തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഡാം സൈറ്റില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടമുണ്ടായതെന്ന് ദുരന്തനിവാരണ അതോറിറ്റി വക്താവ് ലത്വിഫുര്‍ റഹ്്മാന്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ പാക്അധീന കശ്മിര്‍, ഖൈബര്‍ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 127 പേര്‍ മരിച്ചിരുന്നു. ഓരോ വര്‍ഷവും മഴയിലും കാറ്റിലും വീടുകള്‍ തകര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ പാകിസ്താനില്‍ കൂടിവരികയാണ്. ഗ്രാമീണ മേഖലകളിലാണ് ദുരന്തം കൂടുതലും സംഭവിക്കുന്നത്. സുരക്ഷിതമല്ലാത്ത വീടുകളുടെ നിര്‍മാണമാണ് കാലവര്‍ഷത്തില്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പലപ്പോഴും ശക്തമായ മഴയാണ് പാകിസ്താനില്‍ ഉണ്ടാകുന്നത്. മോശം കാലാവസ്ഥകാരണം അടുത്ത കാലത്തായി നൂറുകണക്കിന് ആളുകള്‍ മരിക്കുകയും വ്യാപകമായി കൃഷിഭൂമി നശിക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞവര്‍ഷം വേനല്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 81 പേര്‍ മരിച്ചിരുന്നു. മഴ രാജ്യത്തെ മൂന്നു ലക്ഷം ജനങ്ങളെയാണ് സാരമായി ബാധിച്ചത്. 2010ലുണ്ടായ കാലവര്‍ഷക്കെടുതിയാണ് പാകിസ്താനില്‍ ഉണ്ടായ ദുരന്തങ്ങളില്‍ ഏറ്റവും വലുത്. അന്ന് രണ്ടായിരം ആളുകള്‍ മരിക്കുകയും ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."