പെരുന്നാള്‍ മാനവികതയുടെ മഹാഘോഷമാക്കണം: സംയുക്ത ജമാഅത്ത്
കാഞ്ഞങ്ങാട്: ആത്മ നിയന്ത്രണത്തിന്റെ അഴകുകള്‍ സമ്പൂര്‍ണമായി പ്രതിഫലിപ്പിച്ചുകൊണ്ടു പെരുന്നാളാഘോഷവും തുടര്‍ ജീവിതവും ചിട്ടപ്പെടുത്താന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ആഹ്വാനം ചെയ്തു.
മതം പഠിപ്പിക്കുന്ന അച്ചടക്കത്തിന്റെയും വിനയത്തിന്റെയും ക്രമത്തിന്റെയും സന്മാര്ഗത്തിന്റെയും പരിധി ലംഘിക്കുന്ന ബൈക്ക് റെയ്സിങ്, കരിമരുന്ന് പ്രയോഗങ്ങള്‍, ഗാനമേളകള്‍ മുതലായവ ഒരുതരത്തിലും ഉണ്ടാകാതിരിക്കാന്‍ മഹല്ല് ഖത്തീബുമാരും ജമാഅത്ത് നേതൃത്വങ്ങളും ആവശ്യമായ ബോധവല്‍ക്കരണം നടത്തണം.
നാനാജാതി മതവിഭാഗങ്ങളില്‍പെട്ട പാവങ്ങള്‍ക്കു പെരുന്നാളിന്റെ ഭക്ഷണമെത്തിച്ചുകൊടുത്തും സഹോദര സമുദായങ്ങളോടുള്ള സൗഹൃദം ശക്തിപ്പെടുത്തിയും ഈദാഘോഷം മാനവികതയുടെ മഹാഘോഷമാക്കി മാറ്റാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."