ആറളം ഫാം എം.ഡി: സി.പി.എം സഹയാത്രികന്റെ കാലാവധി നീട്ടിനല്‍കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വ്യാപന കാലത്ത് സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന മന്ത്രിസഭാ യോഗങ്ങളിലും പാര്‍ട്ടി സഹയാത്രികരെ കൈവിടാതെ ഇടത് സര്‍ക്കാര്‍. ആറളം ഫാമിങ് കോര്‍പ്പറേഷന്റെ എം.ഡിയായി സി.പി.എം സഹയാത്രികനായ ബിമല്‍ ഘോഷിനാണ് കൊവിഡ് കാലത്ത് പുനര്‍ നിയമനം നല്‍കിക്കൊണ്ട് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.
കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയരക്ടറായിരുന്ന ബിമല്‍ ഘോഷിനെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 നാണ് ആറളം ഫാമിങ് കോര്‍പ്പറേഷന്റെ എം.ഡിയായി നിയമിച്ചത്. വിരമിക്കാന്‍ ഒരു മാസം ബാക്കിയുള്ളപ്പോള്‍, അതായത് കഴിഞ്ഞ വര്‍ഷം നവംബറില്‍ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ബിമല്‍ ഘോഷ് സര്‍ക്കാരിന് കത്തെഴുതി. എന്നാല്‍ ഈ കത്ത് ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ മാസം എട്ടിനു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇദ്ദേഹത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കി അടിയന്തര തീരുമാനമെടുത്തത്. രണ്ട് ദിവസത്തിനുള്ളില്‍ ഇതിന്റെ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു.
ബിമല്‍ ഘോഷിന് ഒരു വര്‍ഷത്തേക്കു കൂടി നിയമനം നല്‍കാന്‍ ഇപ്പോഴാണ് ഉത്തരവിറക്കിയതെങ്കിലും കഴിഞ്ഞ നാലു മാസത്തോളമായുള്ള അദ്ദേഹത്തിന്റെ സേവനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവില്‍ ഒന്നും പറഞ്ഞിട്ടില്ല.
ഇതിനിടെ തന്നെ, സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷന്‍ ചെയര്‍മാന് ചീഫ് സെക്രട്ടറി റാങ്കും അഞ്ച് അംഗങ്ങള്‍ക്ക് സെക്രട്ടറിമാരുടെ റാങ്കും നല്‍കുന്നതിനും മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ചീഫ് സെക്രട്ടറിക്കുള്ള രണ്ട് ലക്ഷത്തിലധികം രൂപ ശമ്പളവും വാഹനം, ജീവനക്കാര്‍, വസതി തുടങ്ങിയ സൗകര്യങ്ങളും ഇനി മുതല്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷന്‍ ചെയര്‍മാനും ലഭിക്കും. അംഗങ്ങളായ വി.രമേശന്‍, എം.വിജയലക്ഷ്മി, അഡ്വ. ബി.രാജേന്ദ്രന്‍, കെ. ദിലീപ് കുമാര്‍, പി.വസന്തം എന്നിവര്‍ക്കാണ് സര്‍ക്കാര്‍ വകുപ്പിലെ സെക്രട്ടറിമാരുടെ പദവി ലഭിച്ചിരിക്കുന്നത്.
കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും പദവി നിശ്ചയിച്ചു നല്‍കണമെന്ന് കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിസഭയുടെ ഈ തീരുമാനവും. 2013 ലെ സംസ്ഥാന ഭക്ഷ്യ ഭദ്രതാ ചട്ടത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷന്‍ ചെയര്‍മാന് ചീഫ് സെക്രട്ടറി പദവിയോ അംഗങ്ങള്‍ക്ക് സെക്രട്ടറി പദവിയോ നല്‍കണമന്നു പറഞ്ഞിട്ടില്ല. എന്നാല്‍ മന്ത്രിസഭയുടെ ഈ തീരുമാനത്തിലൂടെ ഖജനാവിന് വന്‍ ബാധ്യതയാണ് ഉണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."