കൊവിഡ് ഭീതിയ്ക്കിടയിലും വിശുദ്ധ റമദാനെ വരവേല്‍ക്കാനൊരുങ്ങി ലോക മുസ്ലിങ്ങൾ
ജിദ്ദ: ലോകമെങ്ങും പടരുന്ന കൊവിഡ് ഭീതിയ്ക്കിടയിലും വിശുദ്ധ റമദാനെ വരവേല്‍ക്കാനൊരുങ്ങി ലോക
മുസ്ലിങ്ങൾ. ഉംറയും സിയാറത്തും നിലച്ചു പോയ ഈ വര്‍ഷത്തെ റമദാൻ മാസാചരണം മുസ്ലിം ലോകത്തിന്റെ ആസ്ഥാന നഗരങ്ങളായ മക്കയിലും മദീനയിലും ഏറെ വ്യത്യസ്തമായിരിക്കും. പ്രാര്‍ത്ഥനാ നിര്‍ഭരമായ മസ്ജിദുകളും അവിടങ്ങളിലെ തറാവീഹും ഇഫ്താര്‍ സംഗമങ്ങളും കേവലം മുന്‍വര്‍ഷങ്ങളിലെ ധന്യസ്മരണകള്‍ മാത്രമായി ഒതുങ്ങും ഇത്തവണ.
അതേ സമയം മഹാമാരി വിട്ടൊഴിയാത്ത ഈ വര്‍ഷത്തെ വിശുദ്ധ മാസത്തില്‍ വിശ്വാസികളുടെ പ്രാര്‍ത്ഥന രണ്ടു മാസങ്ങള്‍ക്ക് ശേഷം വരാനിരിക്കുന്ന ഹജ്ജ് തീര്‍ത്ഥാടനമെങ്കിലും തടസ്സമില്ലാതെ അരങ്ങേറാനായിരിക്കും.
റമദാൻ വ്രതാരംഭം ഈ മാസം ഇരുപത്തിനാല് വെള്ളിയാഴ്ചയായിരിക്കുമെന്ന് പ്രമുഖ വാന നിരീക്ഷകന്‍ ഷറഫ് അല്‍സുഫ്യാനി പ്രവചിച്ചു. സഊദി ഔദ്യോഗിക കലണ്ടര്‍ പ്രകാരവും ശഅബാന്‍ മാസം മുപ്പത് വ്യാഴാഴ്ച പൂര്‍ത്തിയാവുകയും റംസാന്‍ ഒന്ന് വെള്ളിയാഴ്ചയും ആണ്.എന്നാല്‍, ശഅബാന്‍ ഇരുപത്തിയൊമ്പതിന് ബുധനാഴ്ച മാസപ്പിറവിയ്ക്ക് സാധ്യത ഉണ്ടെന്നതിനാല്‍ അന്ന് ചന്ദ്രപ്പിറവി നിരീക്ഷിക്കണമെന്ന ആഹ്വാനവും ഉണ്ട്. ബുധനാഴ്ച ചന്ദ്രപ്പിറവി ദൃശ്യമായാല്‍ ഇരുപത്തി നാല് വ്യാഴാഴ്ചയായിരിക്കും വ്രതാരംഭം.
കൊറോണാ വ്യാപനം തടയുന്നതിന് കൈക്കൊണ്ടിട്ടുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഈ റമദാനിലും മക്കയിലെയും മദീനയിലെയും ഹറം പള്ളികളില്‍ മാത്രമായിരിക്കും സംഘടിത നിസ്‌കാരങ്ങളും പ്രത്യേക തറാവീഹ് പ്രാര്‍ത്ഥനയും ഉണ്ടാവുക.
ഹറമുകളിലേയ്ക് പ്രവേശിക്കാനോ, അവിടങ്ങളിലെ തറാവീഹ് നിസ്‌കാരത്തില്‍ പങ്കെടുക്കാനോ പൊതുജനങ്ങള്‍ക്ക് അനുമതിയുണ്ടായിരിക്കുന്നതല്ലെന്നും ഇരുഹറം ഭരണസമിതി അധ്യക്ഷന്‍ ശൈഖ് ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു.
ഇരു ഹറമുകളിലും നടക്കുന്ന സംഘടിത നിസ്‌കാരങ്ങളില്‍ അവിടങ്ങളിലെ ഉദ്യോഗസ്ഥന്മാരും ക്‌ളീനിങ്, അണുനശീകരണ തൊഴിലാളികളും മാത്രമാണ് പങ്കെടുക്കുക. കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇരുപത് റക്‌അത്ത് ഉള്ള തറാവീഹ് നിസ്‌കാരം ഇത്തവണ പത്ത് റക്‌അത്ത് മാത്രമായിരിക്കുമെന്നും ശൈഖ് അല്‍സുദൈസ് അറിയിച്ചു.
തറാവീഹിന്റെ സമാപനമായുള്ള വിത്ര് നിസ്‌കാരത്തിലെ സുദീര്‍ഘമായ ഖുനൂത്ത് പ്രാര്‍ത്ഥനയും ഇത്തവണ ചുരുക്കും. പാപമോചനം, കൊറോണാ വ്യാധിയില്‍ നിന്നുള്ള രക്ഷ എന്നിവയ്ക്കുള്ള തേട്ടം മാത്രമായിരിക്കും ഈ റമദാനിലെ ഖുനൂത്ത് പ്രാര്‍ത്ഥന.
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അവരുടെ വീടുകളില്‍ വെച്ചാണ് നിസ്‌കരിക്കേണ്ടതെന്ന് പണ്ഡിത സഭ കൊറോണാ ഭീഷണി ഉണ്ടായ ആദ്യകാലത്തും റമദാൻ അടുത്തെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളിലും നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമെന്നോണം നിസ്‌കാരങ്ങള്‍, ഇഫ്താര്‍, അത്താഴം എന്നിവകളില്‍ സംഘടിത രൂപങ്ങളും കൂടിച്ചേരലുകളും പരമാവധി ഒഴിവാക്കണമെന്നും പണ്ഡിത സഭ അറിയിച്ചു
അതേ സമയം കൊവിഡ് ബാധിതരും ആരോഗ്യ പ്രവർത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യു.എ.ഇ ഫത്‍വ കൗൺസിൽ മതനിയമം പുറപ്പെടുവിച്ചു. നിലവിലെ സ്ഥിതിക്ക് മാറ്റമില്ലെങ്കിൽ പള്ളികളിലെ പെരുന്നാൾ നമസ്കാരവും ഒഴിവാക്കാമെന്നും ഫത്‍വയിൽ നിർദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."