തകര്‍ത്തുപെയ്ത് മഴ; തകര്‍ന്നടിഞ്ഞു മലയോരം
തിരുവമ്പാടി: മൂന്നുദിവസമായി മലയോരത്ത് തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മലയോര മേഖലയിലുണ്ടായത് സമീപകാലത്തെ ഏറ്റവും വലിയ കൃഷിനാശം. രണ്ടു കോടിയോളം രൂപയുടെ കൃഷിയാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്നു നിരവധി റോഡുകളും തകര്‍ന്നു.
മുത്തപ്പന്‍പുഴ-മേലെ മുത്തപ്പന്‍പുഴ റോഡ്, കെ.പി.സി-തേന്‍പാറ റോഡ്, ആനക്കാംപൊയില്‍-കരിമ്പ് റോഡ്, മറിപ്പുഴ-മേലെ മറിപ്പുഴ റോഡ്, കണ്ടപ്പന്‍ചാല്‍ ആര്‍ച്ച് പാലം അപ്രോച്ച് റോഡ് എന്നിവ പൂര്‍ണമായി മലവെള്ളപ്പാച്ചില്‍ ഒലിച്ചുപോയി. ഓടപ്പൊയിലിലും കരിമ്പ് പുന്നകുറ്റി റോഡിലും കലുങ്കുകള്‍ താഴ്ന്നുപോയി. ഇവിടെ മണ്ണിടിഞ്ഞ് പത്തോളം വീടുകള്‍ക്കു സാരമായ കേടുപാട് സംഭവിച്ചു. ഉരുള്‍പൊട്ടലില്‍ 100 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചതായാണു പ്രാഥമിക നിഗമനം.
1,200 കര്‍ഷകകുടുംബങ്ങളെയാണ് ഉരുള്‍പൊട്ടല്‍ പ്രതികൂലമായി ബാധിച്ചത്. 10 ഹെക്ടറില്‍ ഉരുള്‍പൊട്ടല്‍ മൂലം കൃഷിസ്ഥലം തന്നെ നശിച്ചു. അഞ്ഞൂറോളം തെങ്ങ്, 3000 റബര്‍, 3000 കമുക്, മുപ്പത്തി അയ്യായിരം വാഴ, 5000 കുരുമുളക്, 30 ഏക്കറില്‍ കിഴങ്ങ്, 1500 ജാതി, 1500 കൊക്കോ തുടങ്ങിയവയാണു നശിച്ച കൃഷികള്‍. മണ്ണൊലിപ്പുമൂലം 10 ഹെക്ടറില്‍ കൃഷിസ്ഥലം തന്നെ ഇല്ലാതെയായി. മൊത്തം 1,70,50,000 രൂപയുടെ നഷ്ടമാണു കൃഷിവകുപ്പ് കണക്കാക്കിയത്.
കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്, ചെമ്പ്കടവ്, തുഷാരഗിരി, ജീരകപ്പാറ, കണ്ടപ്പഞ്ചാല്‍, കൂരോട്ടുപാറ, കാട്ടിപ്പൊയില്‍ എന്നീ മേഖലകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കനത്ത കൃഷിനാശം സംഭവിച്ചു. നിരവധി ഭാഗങ്ങളില്‍ കൃഷിയിടങ്ങള്‍ ഒലിച്ചുപോവുകയും മണ്ണിടിഞ്ഞു വിളനാശം സംഭവിക്കുകയും ചെയ്തു. രാവിലെ മുതല്‍ കനത്ത മഴയെ അവഗണിച്ച് കോഴിക്കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോളി പിയുടെ നേതൃത്വത്തില്‍ കൃഷി ഓഫിസര്‍ ഷബീര്‍ അഹമ്മദ്, കൃഷി അസിസ്റ്റന്റുമാരായ മിഷേല്‍ ജോര്‍ജ്, രാജേഷ് കെ. എന്നിവരും കൊടുവള്ളി ബ്ലോക്ക് കൃഷി ഓഫിസര്‍മാരായ നസീര്‍ ടി.കെ (കിഴക്കോത്ത്), ഷിജോ കെ.എ (താമരശ്ശേരി), സാജിദ് (ഓമശ്ശേരി), സെബിന്‍ എന്നിവരടങ്ങിയ സംഘവും ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു നാശനഷ്ടം വിലയിരുത്തി.
നൂറാംതോട് എല്‍.പി സ്‌കൂളിനു സമീപമുള്ള ഉരുള്‍പൊട്ടലില്‍ റബര്‍, തെങ്ങ്, കവുങ്ങ് വാഴ മുതലായവ നശിച്ചു. മൂന്ന് ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. ചെമ്പുകടവ് വെണ്ടേക്കും പൊയില്‍ അംബേദ്കര്‍ കോളനിക്കു സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ വടക്കേല്‍ ചാക്കോ, സിനി തോമസ് കോനുകുന്നേല്‍, അഗസ്റ്റിന്‍ മചുകുഴിയില്‍ എന്നിവരുടെ റബര്‍, കവുങ്ങ് മുതലായ വിളകള്‍ നശിച്ചു. ഇവിടെ ഒരു ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചുചെമ്പുകടവ് കോഴിക്കോടഞ്ചാലിലുണ്ടായ ഉരുള്‍പൊട്ടലില്‍ സോജി പപ്പിനിശ്ശേരി, സണ്ണി പാപ്പിനിശ്ശേരി, തങ്കച്ചന്‍ കൊല്ലംപറമ്പില്‍ എന്നിവരുടെ നൂറ് കണക്കിന് റബര്‍ തൈകള്‍ നശിച്ചു. ഇവിടെ രണ്ട് ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു.
ചെമ്പുകടവ് തുഷാരഗിരി റോഡില്‍ വട്ടച്ചുവട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജോണ്‍സണ്‍ ചൂരപ്പുഴ, ബേബി ഉന്നത്തില്‍, ജിബി ഉന്നത്തില്‍, എബി ഉന്നത്തില്‍, പാപ്പച്ചന്‍ ഒരപ്പുഴി, റൂപ്പസ് എന്നിവരുടെ കൃഷിയിടത്തില്‍ വന്‍ നാശനഷ്ടം നേരിട്ടു. ഇവിടെ തെങ്ങ് റബര്‍ കൊക്കോ കവുങ്ങ് കാപ്പി വാഴയടക്കം നാല് ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായി നശിച്ചു. കണ്ടപ്പന്‍ ചാല്‍ സഡക് റോഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ മേരി ദേവസ്യ ചക്കിട്ടമുറി ഹസനുല്‍ ഹന്ന, അഷ്രഫ് പൊയില്‍ വാഴ എന്നിവരുടെ ജാതി റബര്‍ തുടങ്ങിയ വിളകള്‍ നശിച്ചു.
കൂരോട്ടുപാറ പുളിയിലക്കാട്ടു പടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വാലോലിക്കല്‍ ജോസഫ് മുസ്തഫ പറമ്പില്‍, ഷാജി വളവനാനി എന്നിവരുടെ വാഴ, ജാതി കൊക്കോ, കവുങ്ങ് എന്നീ വിളകളും ഈ ഭാഗത്ത് രണ്ടര്‍ ഹെക്ടര്‍ സ്ഥലത്തെ കൃഷിയും നശിച്ചു. കൂരോട്ടുപാറ പുളിയിലക്കട്ടുപടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദേവസ്യ തെങ്ങുംപള്ളില്‍, ടോമി തെങ്ങുംപള്ളില്‍, മാത്തുക്കുട്ടി മണക്കാലുംപുറത്ത് എന്നിവരുടെ റബര്‍,കൊക്കോ ജാതി, വാഴ എന്നിവ നശിച്ചു. ഇവിടെ രണ്ട് ഹെക്ടറോളം കൃഷിനഷ്ടമുണ്ടായി. കാട്ടിപ്പൊയില്‍, കണ്ടപ്പഞ്ചാല്‍ തെരേസ റോഡ്, മല്ലിപ്പാറ റോഡ്, ജീരകപ്പാറ മുതലായ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി നിരവധി വിളകള്‍ നശിച്ചു.
തിരുവമ്പാടി മുത്തപ്പന്‍പുഴയില്‍ ചൂരതൊട്ടിയില്‍ മറിയക്കുട്ടി, കുട്ടിയാനിക്കല്‍ പൈലി, കുറുമ്പാലക്കാട്ട് മറിയക്കുട്ടി മാത്യു, തടത്തില്‍ ദേവസ്യ, ചക്കുംമൂട്ടില്‍ അന്നമ്മ, മുണ്ടക്കാട്ട് മോളി, കുറുമ്പാലക്കാട്ട് ഷിബു, കാക്കരകുന്നേല്‍ ബേബി, ചൂരതൊടിയില്‍ ജോബി, കൊച്ചുപുരക്കല്‍ കുട്ടപ്പന്‍, കൊച്ചുപുരക്കല്‍ ശ്രീധരന്‍, വടക്കുംകര പ്രസന്നന്‍ എന്നിവരുടെ കൃഷിയാണു നശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."