പുണ്യം നുകര്‍ന്ന് പത്താം വര്‍ഷവും ശ്രീധരന്; വിതരണം ചെയ്തത് 30 ചാക്ക് അരി
പൊന്നാനി: കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി കാടഞ്ചേരിയിലെ മുത്താട്ട് ശ്രീധരന് ചെയ്യുന്നൊരു പുണ്യപ്രവൃത്തിയാണ് റമദാന് ഇരുപത്തിയേഴാം രാവിലെ അരി വിതരണം. ഓരോ റമദാനിലെയും ഇരുപത്തിയേഴാം രാവില്‍ ശ്രീധരന്വിതരണം ചെയ്യുന്നത് 30ചാക്ക് അരിയാണ്. ജാതിമത വ്യത്യാസമില്ലാതെ പാവങ്ങളായ എല്ലാവര്ക്കും അഞ്ചുകിലോ അരി വീതമാണ് ഇവര്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഇതിന് യാതൊരു മുടക്കവുമില്ല.
അമ്മ യശോദയാണ് ശ്രീധരന്റെ വഴികാട്ടി. 20 വര്‍ഷമായി അമ്മ സ്വന്തം നിലക്ക് റമദാനിലെ ഇരുപത്തിയേഴാം രാവില്‍ 15 ചാക്ക് അരി വിതരണം ചെയ്യാറുണ്ട്. ഒരു വര്‍ഷം പോലും അതിന് മുടക്കം വന്നിട്ടില്ലെങ്കിലും ഇത്തവണ ആരോഗ്യം അനുവദിക്കാത്തതിനാല്‍ അരി വിതരണം ചെയ്യാനായിട്ടില്ല. അമ്മയുടെ നല്ല മനസ് തൊട്ടറിഞ്ഞാണ് ശ്രീധരന് പത്ത് വര്‍ഷമായി അരിവിതരണം ചെയ്യാന്‍ തുടങ്ങിയത്. ഓരോവര്‍ഷവും 25 ചാക്ക് അരിയില്‍ കുറച്ചിട്ടില്ല ശ്രീധരന്.
രാവിലെത്തന്നെ പാവങ്ങളായ പലരും ഇവരുടെ വീട്ടിലെത്തിയിരുന്നു.എത്താന്‍ കഴിയാത്തവര്‍ക്ക് ഇവര്‍ അരി എത്തിച്ചുനല്‍കുകയും ചെയ്യും. വലതുകൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന വിശ്വാസക്കാരനായതിനാല് ഒന്നും ഇവര്‍ കൊട്ടിഘോഷിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."