ചോരക്കൊതി തീരാത്ത ഫാസിസ്റ്റ് പാര്‍ട്ടി
#റാശിദ് മാണിക്കോത്ത്
[email protected]
കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനലില്‍ ചര്‍ച്ചയ്ക്കിടെ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. കൊലപാതകങ്ങളും കൊടിയ അക്രമങ്ങളും നടന്നുകഴിയുമ്പോഴെല്ലാം സി.പി.എം നേതാക്കളുടെ നാവുകളില്‍നിന്ന് പുറത്തുവരുന്ന പതിവു പല്ലവിയുണ്ട്. ഈ പാപത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും അഥവാ അങ്ങനെ ആര്‍ക്കെങ്കിലും പങ്കുണ്ടെന്നു തെളിഞ്ഞാല്‍ പാര്‍ട്ടി അവരെ സംരക്ഷിക്കില്ലെന്നും. പണ്ടെങ്ങോ പഠിച്ചുവച്ച പ്രതിജ്ഞ ചൊല്ലുന്നതുപോലെയാണ് സി.പി.എം നേതാക്കളുടെ ഈ പ്രസ്താവന.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഊട്ടിവളര്‍ത്തി പാര്‍ട്ടിക്കു വേണ്ടി അടിമപ്പണി ചെയ്യിപ്പിച്ച് ലാഭം കൊയ്യുന്ന പ്രവണത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന് ഉപേക്ഷിക്കുന്നോ അന്നു മാത്രമേ ശാന്തസുന്ദര കേരളത്തിന്റെ പുനഃസ്ഥാപനം സാധ്യമാകൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന് കേള്‍ക്കുമ്പോഴേ ഭയത്തിന്റെ ഇരുണ്ട കാര്‍മേഘച്ചുരുളുയരുകയാണ് കേരള ജനതയുടെ നെഞ്ചകത്ത്. മനുഷ്യവംശത്തിന്റെ കാലന്മാരായി സി.പി.എം അധഃപതിച്ചു പോയതിന്റെ പരിണിത ഫലം കേരളക്കരയാകെ ഒരു പാട് അച്ഛനമ്മമാരുടെ, വിധവകളുടെ, സഹോദരിമാരുടെ നിലയ്ക്കാത്ത നിലവിളിയായി പ്രതിധ്വനിക്കുകയാണ്. മനുഷ്യ ജീവന്‍ ലാഘവത്തോടെ ഇല്ലായ്മ ചെയ്യുന്ന മനക്കരുത്ത് ഇവര്‍ എവിടെനിന്നാണ് സ്വായത്തമാക്കിയത്?
ആശയത്തെ ആശയം കൊണ്ടു നേരിടുന്നതിനു പകരം പ്രതിയോഗികളെ ആയുധം കൊണ്ട് നേരിടുന്ന തീവ്രവാദ രീതി സ്വന്തമാക്കിയവര്‍ നടത്തുന്ന നവോത്ഥാന പ്രഹസനങ്ങള്‍ ഇത്തരക്കാര്‍ക്ക് നേരെ കൊഞ്ഞനം കുത്തിത്തുടങ്ങിയത് ചരിത്രവിധിയാണ്. സ്ത്രീകളെക്കൊണ്ട് നവോത്ഥാന മതില്‍ തീര്‍ത്തവര്‍ സ്ത്രീകളെക്കൊണ്ടു തന്നെ തോരാത്ത ചുടുകണ്ണീര്‍ ഒഴുക്കിപ്പിക്കുന്ന വിരോധാഭാസത്തിന് ചരിത്രം എങ്ങനെയാണ് മാപ്പ് നല്‍കുക?
ഏറ്റവും ഒടുവിലായി കാസര്‍കോട്ട് രണ്ടു യുവാക്കളെ ചേതനയറുത്തു കിടത്തിയപ്പോഴും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിടുവായത്തങ്ങള്‍ക്ക് അറുതിയുണ്ടാകുന്നതിന് പകരം മനുഷ്യ കുലത്തിനു തന്നെ ഭീഷണിയാകുന്ന വെല്ലുവിളികളും ഭീഷണികളും ഉയര്‍ത്തുന്നതാണ് നാം കണ്ടത്. അടിച്ചാല്‍ തിരിച്ചടിക്കുമത്രെ. എത്രത്തോളം ലാഘവത്തോടെയാണ് നേതാക്കന്മാരുടെ ന്യായീകരണ പ്രസ്താവനകളെന്നോര്‍ക്കുക. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നാല്‍ സമചിത്തത അന്യമായ നരഭോജികളുടെ ഒരു കൂട്ടമാണെന്ന് ചരിത്രം രേഖപ്പെടുത്തേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
ഇക്കൂട്ടരോട് 'മാനിഷാദ' എന്ന് പറയാന്‍ പോലും സമാധാനപ്രിയര്‍ക്കും കേരളത്തിന്റെ പൊതുബോധത്തിനും സമീപകാലത്തൊന്നും സാധിക്കാത്തത്ര പ്രബലത നേടിയിരിക്കുകയാണ് കൊലപാതക രാഷ്ട്രീയ സംസ്‌കാരം. കൊലയ്ക്കു ഗൂഢനീക്കം നടത്തുന്നതും നിര്‍ദേശിക്കുന്നതും സമാന്തര കോടതി വിധിപറയുന്നതും കൊല്ലിക്കുന്നതും കൊലപാതകികളെ സംരക്ഷിക്കുന്നതുമെല്ലാം ചെയ്യുന്നത് സാക്ഷര കേരളത്തെ തെല്ലൊന്നുമല്ല ഭീതിയിലാഴ്ത്തിയിട്ടുള്ളത്. രാഷ്ട്രീയ ഫാസിസത്തിന്റെ കൂര്‍ത്ത ദംഷ്ട്രകള്‍ കേരളത്തിന്റെ മുക്കുമൂലകളിലും ഇരകളെ കാത്തുകഴിയുന്നത് സാധാരണക്കാരുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കുന്നു.
മുമ്പ് രക്തസാക്ഷികളെ സൃഷ്ടിച്ച് പാര്‍ട്ടി വളര്‍ത്തിയതില്‍നിന്ന് ഇക്കൂട്ടരിന്ന് വളരെ മൂന്നാക്കം പോയിരിക്കുകയാണ്. രക്തസാക്ഷികളായാല്‍ തങ്ങളുടെ കുടുംബങ്ങള്‍ക്ക് മാത്രമാണ് നഷ്ടമെന്ന് മനസിലാക്കിയ അണികളില്‍ പലരും അക്രമം കൈവെടിഞ്ഞപ്പോള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കു നേരെ വാളോങ്ങാന്‍ നേതൃത്വം ക്രിമിനലുകളെ സൃഷ്ടിച്ചു തുടങ്ങുകയായിരുന്നു. പാവപ്പെട്ടവന്റെ പാര്‍ട്ടി, മുതലാളിത്ത പാര്‍ട്ടിയായി പരിണമിച്ചതിന്റെ ഫലം. പാര്‍ട്ടി വളര്‍ത്തുന്നതിനെക്കാള്‍ ശ്രമകരമാണ് ക്രിമിനലുകളെ ഊട്ടി വളര്‍ത്തുന്നതെന്ന് നേതൃത്വത്തിനു ബോധ്യം വന്നതും ഇക്കാലയളവിലാണ്. ക്രിമിനലുകളുടെ ജീവിതകാലത്തും ശേഷം അവരുടെ കുടുംബത്തിനും സംരക്ഷണം പാര്‍ട്ടി നല്‍കിക്കൊള്ളാമെന്ന അലിഖിത വ്യവസ്ഥയില്‍ രാഷ്ട്രീയ ഫാസിസത്തെ വടവൃക്ഷം പോലെ വളര്‍ത്തിയതിലൂടെ കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിനു മുകളില്‍ ഭീതിയുടെ ആകാശം പണിതുയര്‍ത്തുകയായിരുന്നു ഇക്കൂട്ടര്‍.
കേരളത്തിലെ വിവിധ ജയിലറകളില്‍ കഴിയുന്ന പാര്‍ട്ടി ക്രിമിനലുകളൊക്കെയും ഇവരുടെ തണലില്‍ വി.ഐ.പി പരിഗണനയോടെ കഴിയുന്നത് മാത്രം അന്വേഷണ വിധേയമാക്കുകയാണെങ്കില്‍ ഈ പാര്‍ട്ടിയുടെ വഴിവിട്ട പോക്കിന്റെ രഹസ്യങ്ങള്‍ കേരള ജനതയ്ക്ക് മുന്നില്‍ വെളിവാക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭരണത്തിന്റെ ഹുങ്കില്‍ ക്രിമിനലുകള്‍ക്കു സുരക്ഷാകവചം തീര്‍ത്തവര്‍ ഭരണനിര്‍വഹണ സ്ഥാപനങ്ങളെ കൈയിലെടുത്തും മറ്റും നിയമ വ്യവസ്ഥിതിക്കു നേരെ കൊഞ്ഞനം കുത്തുന്നു. ക്രിമിനലുകള്‍ക്കു വഴിവിട്ട് പരോള്‍ നല്‍കിയും പണം വാരിയെറിഞ്ഞും സമാധാനകാംക്ഷികളായ പൊതുജനത്തെ വെല്ലുവിളിക്കുന്നു. ജയിലില്‍വച്ചു പോലും ക്രിമിനലുകള്‍ക്ക് വധുവിനെ കണ്ടെത്തി കല്യാണം നടത്തിക്കൊടുക്കുന്ന പുതിയ സമ്പ്രദായത്തിനും ഈ പാര്‍ട്ടി തുടക്കമിട്ടിരിക്കുന്നു.
ഇതില്‍പരം എന്തു സഹായമാണ് ക്രിമിനലുകള്‍ക്കു വേണ്ടത്? ക്രിമിനലുകള്‍ക്കുള്ള സംരക്ഷണം നിര്‍ത്തലാക്കാന്‍ ഇക്കൂട്ടര്‍ക്കു കഴിയില്ലെന്ന വസ്തുതയാണ് കെ.കെ രമ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിലൂടെ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞത്. പാര്‍ട്ടി സംരക്ഷണം നഷ്ടപ്പെട്ട അവസ്ഥയില്‍ ക്രിമിനലുകള്‍ ജയിലുകളില്‍ നിന്ന് ഇറങ്ങിയാല്‍ പാര്‍ട്ടിയുടെ നില തന്നെ പരുങ്ങലിലാവുമെന്ന് നേതാക്കള്‍ക്കു നന്നായറിയാം. ഇവര്‍ എല്ലാ കഥകളും പൊതുജനസമക്ഷം വെളിപ്പെടുത്തിയാല്‍ തങ്ങളെല്ലാം തന്നെ അഴിയെണ്ണേണ്ടി വരുമെന്നും നേതാക്കള്‍ക്കറിയാം. അതുകൊണ്ടു തന്നെ ക്രിമിനലുകളെ കാലാകാലം സംരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത ഇവര്‍ക്കുണ്ട്.
ഇത്തരമൊരു പരിതസ്ഥിതിക്കും സാഹചര്യത്തിനും മാറ്റം വരുത്താനാവാത്തിടത്തോളം കാലം പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്ന് ഉദ്‌ഘോഷിക്കുന്ന മുതലാളിത്ത ക്രിമിനല്‍ ഫാസിസ്റ്റ് പാര്‍ട്ടിക്ക് ചോരക്കൊതി മാറുകയില്ലെന്ന് തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."