വത്തിക്കാന്‍ ട്രഷറര്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍ കുറ്റക്കാരന്‍
സിഡ്‌നി: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടുയരുന്ന പരാതികളില്‍ കടുത്ത നടപടി സ്വീകരിക്കാന്‍ തീരുമാനിച്ച ഉച്ചകോടിക്ക് പിന്നാലെ ബാലപീഡനക്കേസില്‍ മുതിര്‍ന്ന കര്‍ദിനാളിനെ കുറ്റക്കാരനെന്നു കണ്ടെത്തി. ഗായകസംഘത്തിലെ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വത്തിക്കാന്‍ ട്രഷറര്‍ കര്‍ദിനാള്‍ (ആസ്‌ത്രേലിയ) ജോര്‍ജ്ജ് പെല്ലിനെയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. കേസില്‍ ഇന്നു ശിക്ഷവിധിക്കും.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 11നാണ് കേസില്‍ ഇദ്ദേഹത്തെ കുറ്റക്കാരനെന്നു കണ്ടെത്തിയതെങ്കിലും വാര്‍ത്ത ഇന്നലെ മാത്രമാണ് പുറത്തുവിട്ടത്. പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ ഉപദേശകനുമായിരുന്നു ഇദ്ദേഹം.
പീഡനവുമായി ബന്ധപ്പെട്ട് അഞ്ചുകുറ്റങ്ങളാണ് കര്‍ദിനാളിനെതിരേ ചുമത്തിയിരിക്കുന്നത്. ഇതില്‍ ഓരോ കുറ്റവും പരമാവധി പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നവയാണ്. താന്‍ കുറ്റംചെയ്തിട്ടില്ലെന്നും വിധിക്കെതിരേ അപ്പീല്‍ പോവുമെന്നും പെല്‍ പറഞ്ഞു.
22 വര്‍ഷം മുന്‍പുള്ള സംഭവത്തിലാണ് വത്തിക്കാനിലെ പദവിയില്‍ മൂന്നാമതുള്ള ശക്തനായ കര്‍ദിനാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
1996ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായി ദിവസങ്ങള്‍ക്കുള്ളിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷമാണ് സംഭവം. 13 വയസുള്ള ഗായകസംഘത്തിലെ കുട്ടികളെ ഇയാള്‍ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കുട്ടികള്‍ മുറിയിലെത്തുമ്പോള്‍ അവിടെ ആരുമില്ലെന്നു മനസിലാവുകയും മുന്നിലുണ്ടായിരുന്ന വൈന്‍ ഇവരെടുത്തു കുടിക്കുകയും ചെയ്തു. ഈ രംഗമാണ് അവിടെയെത്തിയ ജോര്‍ജ്ജ് പെല്‍ കാണുന്നത്. ഇതിന്റെ പേരില്‍ കുട്ടികളെ ചൂഷണം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരായ കുട്ടികളിലൊരാള്‍ 2014ല്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."