ട്രംപ്-കിം ഉച്ചകോടി ഇന്ന്
ഹനോയ്: വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള ദ്വിദിന ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഉച്ചകോടിക്കായി ട്രംപും കിമ്മും ഇന്നലെ തന്നെ വിയറ്റ്‌നാമിലെത്തി. രാവിലെ ട്രെയിന്‍ മുഖേനയാണ് കിം ദോങ് ദാങ് റെയില്‍വേ സ്റ്റേഷനിലെത്തിയത്.
ഉത്തര കൊറിയയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കനത്ത സുരക്ഷയില്‍ 65 മണിക്കൂറെടുത്ത് 4500 കിലോമീറ്റര്‍ യാത്ര ചെയ്താണ് കിം എത്തിയത്. ഇവിടെനിന്നു റോഡ് മാര്‍ഗം ഹനോയിയിലേക്കു പുറപ്പെട്ടു. നിരവധി വാഹനവ്യൂഹങ്ങളും കിമ്മിന് അകമ്പടി സേവിച്ചു. ട്രെയിനിറങ്ങിയ കിമ്മിന് വിയറ്റ്‌നാമില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
കിം താമസിക്കാനിരുന്ന മെലിയ ഹനോയ് ഹോട്ടലില്‍ തന്നെയായിരുന്നു അമേരിക്കയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും താമസത്തിനായി ബുക്ക് ചെയ്തിരുന്നത്. ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനായി ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ഹോട്ടലിലെത്തിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ ഒഴിപ്പിച്ചാണ് കിം തന്റെ വരവറിയിച്ചത്.
കിമ്മിന്റെ അടുത്ത സഹായി ചാങ് സൊന്‍ ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ഹനോയിയിലെത്തി ഒരുക്കങ്ങളും സുരക്ഷാ നടപടികളും പരിശോധിച്ചിരുന്നു. ഹോട്ടലുള്‍പ്പെടെ പൂര്‍ണമായി പരിശോധിക്കുകയും ചെയ്തു. വിയറ്റ്‌നാമിലെത്തിയ ശേഷം സഹോദരി യോ ജോങ്ങിനൊപ്പം ഉത്തരകൊറിയന്‍ എംബസി സന്ദര്‍ശിക്കുകയാണ് കിം ആദ്യം ചെയ്തത്. മാധ്യമപ്രവര്‍ത്തകരുമായി നിശ്ചിത അകലം പാലിച്ചായിരുന്നു കിമ്മിന്റെ യാത്രകളെല്ലാം.
ഇന്നലെരാത്രിയോടെയാണ് ട്രംപ് എത്തിയത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ നേരത്തെ തന്നെ വിയറ്റ്‌നാമിലെത്തിയിരുന്നു. ഇന്നു രാത്രി അത്താഴത്തോടെയാവും ഉച്ചകോടിക്ക് തുടക്കമാവുക. ഉച്ചകോടിക്കു ശേഷം ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. ഉത്തരകൊറിയയുടെ ആണവനിരായുധീകരണം തന്നെയാവും ഉച്ചകോടിയിലെ പ്രധാന അജണ്ട. ആണവനിരായുധീകരണത്തോട് ഉത്തര കൊറിയ സ്വീകരിക്കുന്ന നിലപാടിനനുസരിച്ചിരിക്കും ഉച്ചകോടിയുടെ വിജയമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതിനാല്‍ കൂടിക്കാഴ്ചയുടെ ആദ്യത്തില്‍ തന്നെ ഇക്കാര്യമാവും കിമ്മിനു മുന്‍പില്‍ ട്രംപ് വയ്ക്കുക. എന്നാല്‍, ഇതിനോട് ഏത് രീതിയിലാവും കിം പ്രതികരിക്കുകയെന്നു വ്യക്തമല്ല. ഉത്തരകൊറിയക്കുമേലുള്ള രാജ്യാന്തര ഉപരോധം അവസാനിപ്പിക്കുകയെന്നതാവും കിമ്മിനു മുന്നിലുള്ള പ്രധാന ആവശ്യം. ഇത് നേടിയെടുക്കാനായി ആണവായുധ വിഷയത്തില്‍ കിം അയഞ്ഞേക്കും. കൂടിക്കാഴ്ചയുടെ ഫലം ഉത്തരകൊറിയയുടെ സുഹൃത് രാഷ്ട്രമായ ചൈനയും വളരെ പ്രാധാന്യത്തോടെയാണ് നോക്കുന്നത്.
1950ല്‍ നടന്ന കൊറിയന്‍ യുദ്ധത്തിനു ശേഷം അകന്ന അമേരിക്കയുടെയും ഉത്തരകൊറിയയുടെയും നേതാക്കള്‍ കഴിഞ്ഞവര്‍ഷമാണ് ഒരുമേശയ്ക്ക് ചുറ്റുമിരുന്നത്. സിംഗപ്പൂരിലെ കഴിഞ്ഞവര്‍ഷത്തെ ഉച്ചകോടിയുടെ രണ്ടാം ഘട്ടമാണ് ഇന്നും നാളെയുമായി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."