ബൈക്ക് മോഷണം; യുവാവിനെ തന്ത്രപൂര്‍വം വലയിലാക്കി
കുന്ദമംഗലം: നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ കുന്ദമംഗലം പൊലിസ് അറസ്റ്റുചെയ്തു. കോഴിക്കോട് റഹ്മാന് ബസാര്‍ സ്വദേശി മുഹമ്മദ് ഷക്കീലിനെ(24) യാണ് കുന്ദമംഗലം പൊലിസ് സബ് ഇന്‍സ്പെക്ടര്‍ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം പൊലിസും സിറ്റി പൊലിസ് കമ്മിഷണറുടെ ആന്റി ഗുണ്ടാ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
വ്യാഴാഴ്ച കുന്ദമംഗലം പൊലിസ് സ്റ്റേഷന് പരിധിയിലെ കൊളായിത്താഴത്ത് വാഹന പരിശോധനക്കിടെ പൊലിസിനെ കണ്ട് വാഹനം വഴിതിരിച്ച് വിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ തന്ത്രപൂര്‍വ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്.
ഹെല്‍മറ്റ് ഇല്ലാത്തതിനാലാണ് വഴിതിരിച്ച് വിട്ടതെന്ന് പറഞ്ഞെങ്കിലും അസ്വാഭാവികത തോന്നിയ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഓടിച്ച ബൈക്ക് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പൊലിസ് സ്റ്റേഷന് പരിധിയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. കോഴിക്കോട് ജില്ലയില്‍ പന്നിയങ്കര പൊലിസ് സ്റ്റേഷനിലെയും ഫറോക്ക് പൊലിസ് സ്റ്റേഷനിലെയും വാഹനമോഷണക്കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഷക്കീല്‍.
കുന്ദമംഗലം പൊലിസ് സബ് ഇന്‍സ്പെക്ടര്‍ കൈലാസ്നാഥ് എസ്.ബി, എ.എസ്.ഐ പി. ബാബു, സി.പി.ഒ കെ. മനേഷ്, ആന്റി ഗുണ്ടാ സ്ക്വാഡംഗങ്ങളായ കെ.എ ജോമോന്, എന്‍. നവീന്‍, എ. ജിനേഷ്, സുമേഷ്, പി. സോജി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."