പത്തു വര്‍ഷത്തെ അന്വേഷണം; ഒടുവില്‍ വരപ്രസാദിന് ആശ്രയയില്‍ നിന്ന് അമ്മയെ തിരികെ ലഭിച്ചു
കൊല്ലം: അമ്മയെതേടിയുള്ള പത്തു വര്‍ഷത്തെ ഒരു മകന്റെ അന്വേഷണം സഫലമായി. കലയപുരം ആശ്രയ സങ്കേതത്തില്‍ അവര്‍ കണ്ടുമുട്ടി. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ എടുക്കുരു സ്വദേശിയായ വരപ്രസാദിനാണ് നഷ്ടപ്പെട്ടുപോയ അമ്മയെ കലയപുരം സങ്കേതത്തില്‍ നിന്നും തിരികെ ലഭിച്ചത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടാത്തലയില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച യുവതിയെ നാട്ടുകാരാണ് സങ്കേതത്തിലെത്തിച്ചത്. സ്വന്തം നാട്ടിനെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം നഷ്ടമായിരുന്ന ഇവര്‍ക്ക് സ്വന്തം പേരുപോലും മറന്നുപോയിരുന്നു. ഇവരെ ആശ്രയ ജനറല്‍ സെക്രട്ടറി കലയപുരം ജോസ് കുമാരിയെന്ന പേരു നല്‍കി സങ്കേതത്തില്‍ അഭയം നല്‍കി. സങ്കേതത്തിലെ മനോരോഗ വിദഗ്ദ്ധരായ ഡോ. പുരുഷോത്തമ ഭട്ട്, ഡോ. സുരോഷ്ബാബു, ഡോ. ഡൈനീഷ്യസ് എന്നിവരുടെ ചികിത്സയും പരിചരണവും നിമിത്തം ഓര്‍മ്മകള്‍ തിരികെ ലഭിക്കുകയും സങ്കേതത്തില്‍ കഴിഞ്ഞുവരികയുമായിരുന്നു. വീട്ടിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും യഥാര്‍ഥ വിലാസം ലഭ്യമല്ലാത്തതിനാല്‍ അതിനു കഴിഞ്ഞിരുന്നില്ല. എന്നാല്‍ കുമാരിക്ക് വീടുവിട്ടിറങ്ങിയത് എന്തിനാണെന്നോ എങ്ങിനെയാണെന്നോ എന്നതും ഇന്നും അജ്ഞാതമാണ്.
തീരെ ചെറുപ്പത്തില്‍ തന്നെ പിതാവ് ഉപേക്ഷിച്ചുപോയ വരപ്രസാദ് മാതാവിന്റെ തണലില്‍ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കുന്നതിനിടയിലാണ് 12-ാം വയസ്സില്‍ അമ്മയെ നഷ്ടപ്പെടുന്നത്. അമ്മയുടെ വിയോഗം നിമിത്തം 9-ാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്ന വരപ്രസാദ് മരപ്പണി ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു.
സ്വന്തമായി വീടില്ലാത്ത വരപ്രസാദ് ഇപ്പോള്‍ അമ്മാവനോടും കുടുംബാംഗങ്ങളോടുമൊപ്പമാണ് താമസിക്കുന്നത്. തന്നെ പെറ്റുവളര്‍ത്തിയ അമ്മയെതേടിയുള്ള അന്വേഷണങ്ങളിലായിരുന്നു നാളിതുവരെ ഈ മകന്‍. രണ്ടുവര്‍ഷക്കാലം തുടര്‍ച്ചയായി അമ്മയെ തേടി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ അന്വേഷിച്ചു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നാലുമാസങ്ങള്‍ക്കു മുന്‍പ് ആന്ധ്രപ്രദേശിലെ ഒരു സന്നദ്ധ സംഘടനയില്‍ നിന്നും പഠനത്തിന്റെ ഭാഗമായി കലയപുരം ആശ്രയ സങ്കേതം സന്ദര്‍ശിച്ച ശ്രീനിവാസ്, പ്രകാശ് എന്നിവരോട് കുമാരിയെക്കുറിച്ചുള്ള വിവരങ്ങള്‍ ജനറല്‍ സെക്രട്ടറി അറിയിച്ചതോടെയാണ് അന്വേഷണങ്ങള്‍ക്ക് പുതുജീവന്‍ വച്ചത്. തുടര്‍ന്ന് കുമാരി പറഞ്ഞ കാര്യങ്ങള്‍ വച്ചുള്ള
അവരുടെ നിരന്തര അന്വേഷണം വരപ്രസാദിലേക്ക് എത്തുകയായിരുന്നു. അവര്‍ നല്‍കിയ മേല്‍വിലാസം വാങ്ങി വരപ്രസാദ് ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ കയറി കലയപുരം സങ്കേതത്തിലെത്തി.
വര്‍ഷങ്ങള്‍ക്കു ശേഷം തനിക്ക് നഷ്ടപ്പെട്ടുപോയ അമ്മയെ കണ്ടപ്പോള്‍ സ്വര്‍ഗ്ഗം ലഭിച്ച അവസ്ഥയായിരുന്നു വരപ്രസാദിന്. തുടര്‍ന്ന് മകന്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം കുമാരിയുടെ യഥാര്‍ത്ഥ പേര് മേരിയമ്മ എന്നാണെന്നും മകന്റെ പേര് വരപ്രസാദാണെന്നും ആ അമ്മ തിരിച്ചറിഞ്ഞു. നൊന്തുപെറ്റ ഏകമകനെ തിരിച്ചറിഞ്ഞ ആ അമ്മ വാത്സല്യത്താല്‍ വാരിപ്പുണര്‍ന്നു. തുടര്‍ന്ന് രണ്ടുപേരും വിശേഷങ്ങള്‍ പലതും പങ്കുവച്ചു.
സ്വന്തമായി വീടില്ലാത്ത തനിക്ക് അമ്മയെക്കൂടി സംരക്ഷിക്കാന്‍ കഴിയാത്തതിനാല്‍ വീടുവയ്ക്കുന്നതുവരെ തല്‍ക്കാലം സങ്കേതത്തിലെ സംരക്ഷണയില്‍ കഴിയട്ടെയെന്നും എല്ലാ മാസവും വന്ന് കാണാം എന്ന വാക്കും നല്‍കിയാണ് മകന്‍ അമ്മയോട് യാത്രപറഞ്ഞത്. ഒരു മകനുകൂടി അമ്മയെ തിരികെ നല്‍കിയ സന്തോഷത്തിലാണ് ആശ്രയയും കുടുബാംഗങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."