യു.എസ്.എസ് പരീക്ഷ നടത്തിപ്പില്‍ ക്രമക്കേട്: രക്ഷിതാക്കളും വിദ്യാര്‍ഥികളും പരാതി നല്‍കി
പേരാമ്പ്ര: നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് യു.എസ്.എസ് പരീക്ഷ എഴുതിയ നാനൂറോളം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നടത്തിപ്പിന്റെ രീതിയെ കുറിച്ചും ക്രമക്കേടിനെ കുറിച്ചും വ്യാപക പരാതി. ആറ് മാസത്തോളം തീവ്രപരിശീലനം നടത്തി പരീക്ഷക്ക് തയ്യാറായ കുട്ടികളെ വഞ്ചിക്കുന്ന നടപടിയാണ് പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരില്‍ നിന്നുണ്ടായതെന്ന് രക്ഷിതാക്കളും കുട്ടികളും കുറ്റപ്പെടുത്തി.
രാവിലെയും ഉച്ചക്കും നടന്ന പരീക്ഷകളില്‍ അപാകത സംഭവിച്ചു. രാവിലെ മലയാളം എ.ടി, മലയാളം ബി.ടി, ഗണിതം എന്നീ മൂന്നു പേപ്പറുകള്‍ക്കായി ഒന്നര മണിക്കൂറാണ് പരീക്ഷ സമയം. 10.15ന് മൂന്നു പേപ്പറുകളും ഒരുമിച്ച് മത്സരാര്‍ഥികള്‍ക്ക് നല്‍കണം. 10.30 വരെയുളള 15 മിനുട്ട് ചോദ്യങ്ങള്‍ വായിച്ചു മനസിലാക്കാനുള്ള സമയമാണ്. എന്നാല്‍ 10.30ന് മാത്രമാണ് മലയാളം എ.ടി ചോദ്യപേപ്പര്‍ നല്‍കിയതെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് പേപ്പറുകളും ഒന്നിച്ച് ലഭിച്ച് സമയത്തിന്റെ ലഭ്യതക്കനുസരിച്ച് ഉത്തരം എഴുതാന്‍ കുട്ടികള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ 12 മണിക്ക് അവസാനിക്കേണ്ട പരീക്ഷയുടെ 10 മിനുട്ട് മാത്രം ബാക്കിയുള്ളപേപ്പറും പൂര്‍ത്തിയാക്കി മൂന്നാമത്തെ ഗണിതം പേപ്പറിന് കുട്ടികള്‍ അരമണിക്കൂര്‍ നേരം കാത്തു നിന്നു. സമയം ലഭിക്കാതെ ഗണിതം പേപ്പര്‍ പൂര്‍ത്തിയാക്കാതെ വന്ന കുട്ടികളില്‍ നിന്ന് പേപ്പര്‍ ബലമായിപിടിച്ച് വാങ്ങിയതായും ആരോപണമുയര്‍ന്നു. ഇതോടെ മാസങ്ങളോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും നടത്തിയ പരിശ്രമങ്ങള്‍ വെറുതെയായി മാറി. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും സ്‌കൂളധികൃതരും വിദ്യാര്‍ഥികളും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കും നല്‍കിയ പരാതിയില്‍ പോലും യാതൊരു നടപടി ഉണ്ടായിട്ടില്ലെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രന്‍ ടി.പി (മട്ടനോട് എ.യു.പി സ്‌കൂള്‍), നസീമ സി. കാവുന്തറ എ.യു.പി സ്‌കൂള്‍, കെ. ഹരിദാസന്‍ (ജി.യു.പി സ്‌കൂള്‍ തൃക്കറ്റിശേരി) സയീദ് എം.പി (എ.യു.പി സ്‌കൂള്‍ പൂനത്ത്) കെ. സജീവന്‍ (ജി.യു.പി സ്‌കൂള്‍ വാളൂര്‍) സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."