ബിഹാറില്‍ അവഗണിക്കാനാവാതെ കുഞ്ഞുപാര്‍ട്ടികള്‍
ന്യൂഡല്‍ഹി: 40 സീറ്റുകളുള്ള ബിഹാറില്‍ എന്‍.ഡി.എ സഖ്യം ഇതിനകം തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ് ആകട്ടെ ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയുമായുള്ള തര്‍ക്കം തീരാതെ നില്‍ക്കുകയാണ്. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും കൂടാതെ ആര്‍.ജെ.ഡി, ജെ.ഡി.യു എന്നിവയാണ് ബിഹാറിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതു കൂടാതെ വിധി നിര്‍ണയിക്കാന്‍ ശേഷിയുള്ള ലോക്ജനശക്തിപാര്‍ട്ടി, രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി, ഹിന്ദുസ്ഥാനി അവാംമോര്‍ച്ച, വികാസാഹില്‍ ഇന്‍സാന്‍ പാര്‍ട്ടി, ലോക് താന്ത്രിക് ജനതാദള്‍ എന്നീ ചെറു പാര്‍ട്ടികള്‍ വേറെയുമുണ്ടെങ്കിലും കഴിഞ്ഞ 25 വര്‍ഷം ബിഹാര്‍ രാഷ്ട്രീയത്തില്‍ പ്രമുഖ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരമായിരുന്നു നടന്നിരുന്നത്.
2000 മുതലാണ് ചെറിയ രാഷ്ട്രീയപാര്‍ട്ടികള്‍ അവഗണിക്കാനാവാത്ത ശക്തിയായി വളര്‍ന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെറുപാര്‍ട്ടികള്‍ ശക്തമായ സാന്നിധ്യവുമായിരുന്നു. ജെ.ഡി.യു, ലോക് ജനശക്തി പാര്‍ട്ടി എന്നിവയാണ് സംസ്ഥാനത്തെ എന്‍.ഡി.എ സഖ്യത്തിലുള്ളത്.
17 സീറ്റുകളില്‍ വീതം ബി.ജെ.പിയും ജെ.ഡി.യുവും മത്സരിക്കാനും ബാക്കിയുള്ള ആറു സീറ്റുകള്‍ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തിപാര്‍ട്ടിക്ക് നല്‍കാനുമാണ് ധാരണ. നിലവില്‍ കേന്ദ്രമന്ത്രിയായ പാസ്വാന്‍ ഇത്തവണ മത്സരിക്കില്ല.
പകരം ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലൊന്നിലൂടെ പാര്‍ലമെന്റിലെത്തും. ഫലത്തില്‍ എന്‍.ഡി.എയ്ക്ക് തിരിച്ചടിയുണ്ടായാലും പാസ്വാന് കോട്ടമുണ്ടാകില്ല. ജെ.ഡി.യു നേതൃത്വത്തിലുള്ള സര്‍ക്കാരിലുണ്ടായിരുന്ന ഉപേന്ദ്രകുശവാഹിന്റെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി പിണങ്ങി കോണ്‍ഗ്രസ് പക്ഷത്തേക്ക് പോയതോടെ കാര്യമായ തര്‍ക്കങ്ങളൊന്നുമില്ലാതെയാണ് എന്‍.ഡി.എ സീറ്റ് ഓഹരിവയ്ക്കല്‍ നടത്തിയത്. അന്ന് തനിച്ച് മത്സരിച്ച ജെ.ഡി.യു ഇപ്പോള്‍ എന്‍.ഡി.എ പക്ഷത്താണ്.
2014ലെ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം 31 സീറ്റുകളാണ് നേടിയത്. 30 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പി 22 സീറ്റുകള്‍ നേടി. ലോക് ജനശക്തിപാര്‍ട്ടി മത്സരിച്ച ഏഴില്‍ ആറിലും വിജയിച്ചു. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി മത്സരിച്ച മൂന്ന് സീറ്റിലും വിജയിച്ചു. ജെ.ഡി.യു രണ്ടു സീറ്റുകളില്‍ മാത്രമാണ് ജയിച്ചതെങ്കിലും ഇത്തവണ ബി.ജെ.പി മത്സരിക്കുന്ന അത്ര തന്നെ സീറ്റുകള്‍ അവര്‍ നേടിയിട്ടുണ്ട്.
ഇത്തവണ ബിഹാറില്‍ യു.പി.എ സഖ്യമില്ല, പകരം മഹാസഖ്യമാണുള്ളത്. ആര്‍.ജെ.ഡിയെയും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയെയും കൂടാതെ ഹിന്ദുസ്ഥാന്‍ അവാംമോര്‍ച്ച, വികാസാഹില്‍ ഇന്‍സാന്‍ പാര്‍ട്ടി തുടങ്ങിയവര്‍ വേറെയുമുണ്ട്. ആകെയുള്ള 40 സീറ്റുകള്‍ എല്ലാവര്‍ക്കുമായി തര്‍ക്കമില്ലാതെ വീതം വയ്ക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നിലുള്ളത്.
കോണ്‍ഗ്രസ് പരമാവധി 12 സീറ്റുകളിലും ആര്‍.ജെ.ഡി 20 സീറ്റുകളിലും മത്സരിക്കാനാണ് ഏകദേശ ധാരണ. ബാക്കി എട്ടുസീറ്റുകള്‍ മറ്റെല്ലാ പാര്‍ട്ടികള്‍ക്കുമായി വീതിച്ചു നല്‍കും. ബിഹാറിലെ ചില ജില്ലകളില്‍ സ്വാധീനമുള്ള ഇടത്പാര്‍ട്ടികളെക്കൂടി സഖ്യത്തിന്റെ ഭാഗമാക്കാന്‍ ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും താല്‍പര്യമുണ്ട്. മൂന്നോ നാലോ സീറ്റുകള്‍ അവര്‍ക്ക് നല്‍കാനും തയാറാണ്. സീറ്റ് വിഭജനം സംബന്ധിച്ച അന്തിമതീരുമാനം ഇന്നോ നാളെയോ ഉണ്ടായേക്കും. യു.പി.എ സഖ്യത്തിന് 2014ലെ തെരഞ്ഞെടുപ്പില്‍ ആകെ ഏഴു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അതില്‍ നാലു സീറ്റ് നേടിയ ആര്‍.ജെ.ഡിയായിരുന്നു വലിയകക്ഷി. കോണ്‍ഗ്രസ് നേടിയത് രണ്ടു സീറ്റ്. എന്‍.സി.പിക്ക് ഒരു സീറ്റ്. ചെറു പാര്‍ട്ടികളില്‍ ലോക് ജനശക്തി പാര്‍ട്ടിയ്ക്കാണ് ശക്തി. 2014ലെ തെരഞ്ഞെടുപ്പില്‍ 6.4 ശതമാനവും 2015ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ 4.8 ശതമാനവും വോട്ടുവിഹിതമുണ്ടായിരുന്നു. 2009ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 29 സീറ്റുകള്‍ നേടിയ ചരിത്രവുമുണ്ട് പാസ്വാന്റെ പാര്‍ട്ടിയ്ക്ക്. ബിഹാറിലെ 16 ശതമാനം വരുന്ന ആദിവാസികളില്‍ അഞ്ചുശതമാനത്തോളം പാസ്വാനൊപ്പമാണ്.
കഴിഞ്ഞ ലോക്‌സഭയിലേക്ക് നേടിയ ആറു സീറ്റാണ് ഏറ്റവും മികച്ച പ്രകടനം. ബിഹാര്‍ സഖ്യത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലും എല്‍.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കും. എല്‍.ജെ.പിയിലൂടെ ദലിത് വോട്ടുകള്‍ പിടിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഉപേന്ദ്രകുശവാഹിന്റെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിക്ക് കഴിഞ്ഞ ലോക്‌സഭയില്‍ മൂന്ന് ശതമാനവും നിയമസഭയില്‍ 2.6 ശതമാനവും വോട്ട് വിഹിതമാണുള്ളത്.
ഹിന്ദുസ്ഥാനി അവാംമോര്‍ച്ച 2015ല്‍ മാത്രം രൂപം കൊണ്ടതാണ്. ജെ.ഡി.യുവിലുണ്ടായ അധികാരത്തര്‍ക്കമാണ് മുഷാഹര്‍ വിഭാഗക്കാരമായ ജിതിന്‍ റാം മന്‍ജിഹി പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതിലെത്തിയത്. 2015ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ഭാഗമായിരുന്നു. വീണ്ടും എന്‍.ഡി.എയുമായി സഖ്യം ചേരാനുള്ള ശ്രമം നടത്തുന്നുണ്ട്. ബി.ജെ.പിയുമായി ചേരാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ശരത് യാദവ് രൂപം കൊടുത്ത പാര്‍ട്ടിയാണ് ലോക്താന്ത്രിക് ജനതാദള്‍. കാര്യമായ കേഡറുകളില്ല. ആര്‍.ജെ.ഡിയുടെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തനം. എന്നാല്‍ ശരത് യാദവ് ദേശീയ തലത്തില്‍ ശ്രദ്ധേയനായ നേതാവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."