ചെറുപുഴയ്ക്ക് കാവലൊരുക്കി എഴുപതുകാരന് മാതൃകയാകുന്നു
മാവൂര്‍: ശുചിത്വബോധമില്ലാത്ത സമൂഹത്തിന്റെ ചെയ്തികള്‍ കാരണം മാലിന്യം പേറി നാശത്തിന് വക്കിലെത്തിയ ചെറുപുഴയ്ക്ക് കാവലൊരുക്കി എഴുപതുകാരന് മാതൃകയാകുന്നു. കുറ്റിക്കടവ് പാലക്കല്‍ അബ്ദുല്‍ ഖാദര്‍ ആണ് പ്രായത്തിന്റെ അവശതകള്‍ മറന്ന് സ്വന്തം ജീവനായ പുഴയെ മാലിന്യമുക്തമാക്കാന്‍ ഇറങ്ങിത്തിരിച്ചത്.
പുഴയെ രക്ഷിക്കാന്‍ തന്നാലാവും വിധം പരിഹാരം ചെയ്ത് വ്യത്യസ്തനാവുകയാണ് ഈ പ്രകൃതിസ്നേഹി. പതിറ്റാണ്ടുകളായി ചെറുപുഴയിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നീക്കം ചെയ്യുന്നത് തന്റെ ജീവിതചര്യയാക്കിയിരിക്കുകയാണ് ഈ മനുഷ്യന്. പെരുവഴിക്കടവ് മുതല്‍ ചെട്ടിക്കടവ് വരെയുള്ള ഒന്നരക്കിലോമീറ്റര്‍ പുഴയില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്താണ് പുഴയെ ശുചീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ തോണിയിലൂടെ സഞ്ചരിച്ചാണ് പുഴയില്‍ ഒഴുകി നടക്കുന്നതും കാടുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതുമായ കുപ്പികളും പ്ലാസ്റ്റിക് കവറുകളും ഇദ്ദേഹം പെറുക്കിയെടുത്ത് കരയിലെത്തിക്കുന്നത്. അബ്ദുല്‍ഖാദറിന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് ചെറുപുഴയിലെ ഓളപ്പരപ്പുകളിലാണ്.
പുഴയുടെ മുക്കും മൂലയും തന്റെ കൈവെള്ള പോലെ പരിചിതമായ അബ്ദുല്‍ ഖാദര്‍ പകലന്തിയോളം ചെറുപുഴയെ സുന്ദരിയാക്കാന്‍ തന്റെ ചെറുതോണിയില്‍ അലയും. കഴിഞ്ഞദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കുറ്റിക്കടവ് പാലത്തിന് സമീപത്ത് മാത്രം വന്നടിഞ്ഞത് ടണ്‍ കണക്കിന് പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും. ചാലിയാറിന്റെ പോഷകനദിയായ ചെറുപുഴയില്‍ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിങ് യൂനിറ്റിലേക്ക് അയക്കുകയാണ് അബ്ദുല്‍ ഖാദറിന്റെ പതിവ്. ഇത്തവണ ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ ചാക്കില്‍ കെട്ടി റീസൈക്ലിങ് യൂനിറ്റിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ്.
നാല്പതിലേറെ വര്‍ഷമായി ചെറുപുഴയില്‍നിന്ന് മത്സ്യം പിടിച്ച് ഉപജീവനം കഴിച്ചുവരികയാണ് അബ്ദുല്‍ ഖാദര്‍. മാലിന്യം അടിഞ്ഞുകൂടുന്നതോടെ മത്സ്യസമ്പത്ത് കുറയുന്നു. അതുകൊണ്ടു തന്നെ ഒരു ദിനചര്യ എന്ന പോലെയാണ് പുഴയിലെ മാലിന്യം നീക്കാന്‍ അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വലിയ പരിസ്ഥിതി പ്രവര്ത്തകന് ഒന്നുമല്ലെങ്കിലും പുഴയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തള്ളുന്നത് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് അബ്ദുല്‍ഖാദറിന് നല്ല അവബോധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."