മാനവ സേവനത്തിന്റെ ഉദാത്ത മാതൃക
കൊവിഡില്‍ നിന്നു രക്ഷനേടാന്‍ ഇരുപത്തൊന്നു ദിവസക്കാലത്തേയ്ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങളുടെയും ഭരണകൂടത്തിന്റെയും പ്രതീക്ഷ അതിനു മുമ്പേ തന്നെ കൊറോണ വൈറസ് ആയുധം വച്ചു കീഴടങ്ങുമെന്നായിരുന്നു. എന്തിനാണ് ഇത്രയൊക്കെ ദിവസം വീട്ടില്‍ അടച്ചു പൂട്ടിയിരിക്കുന്നത്, മൂക്കിന്‍ മുകളിലൊരു ടവ്വലുകെട്ടി, കൈയിലൊരു സാനിറ്റൈസറുമായി നടന്നാല്‍ പോരേ എന്നു പരസ്യമായി ചോദിച്ചവരുണ്ട്. പോകെപ്പോകെ സംഗതിയുടെ ഗൗരവം ആരും പറയാതെ തന്നെ നാട്ടുകാര്‍ക്ക് ബോധ്യമായി. പത്തുകളിലും നൂറുകളിലുമൊക്കെ എത്തിനിന്ന കൊവിഡ് മരണക്കണക്ക് പൊടുന്നനെ ആയിരങ്ങളിലേയ്ക്കും പതിനായിരങ്ങളിലേയ്ക്കും ലക്ഷങ്ങളിലേയ്ക്കും കുതിച്ചപ്പോള്‍ ലോകമാകെ വിറച്ചു, സ്വാഭാവികമായും നമ്മളും. പിന്നീട് ലോക്ക് ഡൗണ്‍ നീട്ടണമെന്ന മുറവിളിയായിരുന്നു. ഇന്ത്യയില്‍ രണ്ടാം ലോക്ക് ഡൗണിലും പ്രശ്‌നമൊതുങ്ങാതെ പല സംസ്ഥാനങ്ങളും സ്വയം മൂന്നാം നീട്ടല്‍ നടത്തി. ഒടുവില്‍ ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
കൊവിഡ് അത്രപെട്ടെന്നു നമ്മെ കൈയൊഴിയില്ലെന്നും ദീര്‍ഘകാലത്തെ പോരാട്ടവും കരുതലും തുടരേണ്ടി വരുമെന്നുമുള്ള ആശങ്ക പ്രധാനമന്ത്രിയും പ്രകടിപ്പിച്ചിരിക്കുന്നു. ഏതു നിമിഷവും കൊവിഡ് കേരളത്തില്‍ സാമൂഹ്യവ്യാപനത്തിലേയ്ക്കു കടക്കാനുള്ള സാധ്യത വിദഗ്ധന്മാര്‍ പോലും ഭയപ്പാടോടെ കാണുന്നു. അങ്ങനെ സംഭവിച്ചാല്‍ എങ്ങനെ നേരിടും? അതിനുള്ള ഉത്തരം കണ്ടെത്താനോ പരിഹാരമാര്‍ഗ്ഗത്തിനുള്ള നടപടി കൈക്കൊള്ളാനോ ഫലപ്രദമായ ശ്രമം ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടോ എന്നറിയില്ല.
എന്നാല്‍, ഒരു പ്രസ്ഥാനം, അത്തരമൊരു ഭീതിജനകമായ അന്തരീക്ഷമുണ്ടായാല്‍ തങ്ങള്‍ക്കു കഴിയുന്നതിന്റെ പരമാവധി കര്‍മ്മരംഗത്തു സേവനം ചെയ്യാനാവശ്യമായ സംവിധാനം ആസൂത്രണം ചെയ്തു കഴിഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു കീഴിലുള്ള സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷനാണ് കൊവിഡ് സാമൂഹ്യ വ്യാപന ഭീതിയില്‍ നിന്നു നാടിനെ രക്ഷിക്കാനുള്ള സേവനത്തിനു കരുതല്‍ ഒരുക്കിയിരിക്കുന്നത്. വിഖായ മെഡിക്കല്‍ ടീം എന്നാണ് അതിനു പേരു നല്‍കിയിരിക്കുന്നത്. ആയിരക്കണക്കിനു യുവാക്കള്‍ ഇതില്‍ സേവനസന്നദ്ധരായി പേരു രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവത്രേ.
ഏതെങ്കിലും ഘട്ടത്തില്‍ കൊവിഡ് സമൂഹവ്യാപനം സംഭവിക്കുകയും നിരവധി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടി വരികയും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരസഹായം ആവശ്യമായി വരികയും ചെയ്താല്‍ എസ്.കെ.എസ്.എസ്.എഫ് ഈ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം വിട്ടുകൊടുക്കുമെന്ന് സംഘടനാ സാരഥികളിലൊരാളായ സത്താര്‍ പന്തല്ലൂര്‍ പറയുന്നു. മഹാമാരി ഭീതി ആരംഭിച്ച കാലം മുതല്‍ എസ്.കെ.എസ്.എസ്.എഫ് കൃത്യമായ ആസൂത്രണങ്ങളോടെ സേവനരംഗത്തുണ്ട്. കൊറോണ വൈറസ് പൊതുസ്ഥലത്തു വച്ചു പകരാതിരക്കാന്‍ എല്ലാവരും എ.ടി.എമ്മില്‍ നിന്നും ബസില്‍ നിന്നും കടകളില്‍ നിന്നുമൊക്കെ ഇറങ്ങിയ ഉടന്‍ സോപ്പുപയോഗിച്ചു കൈ കഴുകണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വന്നയുടന്‍ നൂറുകണക്കിന് ഹാന്‍ഡ് വാഷിങ് പോയിന്റുകള്‍ ആരംഭിച്ചു.
കൊറോണ ഭീതി മൂലം ആരും ആശുപത്രികളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പോലും രക്തദാനത്തിന് തയാറാവാതിരുന്നപ്പോള്‍ ആ ജീവകാരുണ്യ ദൗത്യം ഏറ്റെടുത്തു.'ഡോക്ടര്‍ ഡിമാന്‍ഡ് ഹെല്‍പ്പ് ഡെസ്‌ക് ' ഈ പ്രസ്ഥാനത്തിന്റെ ഈ കാലത്തെ ഏറ്റവും ശ്രദ്ധേയമായ സേവനപ്രവൃത്തിയാണ്. ലോക്ക് ഡൗണ്‍ മൂലം പുറത്തിറങ്ങാന്‍ കഴിയാത്ത നാട്ടിന്‍പുറത്തുകാര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ വാട്‌സ്ആപ്പ് വഴി തങ്ങളുടെ രോഗവിവരം സന്നദ്ധപ്രവര്‍ത്തകരെ അറിയിക്കും. അവര്‍ തങ്ങള്‍ നേരത്തേ തയാറാക്കി വച്ച അറുപത്തഞ്ചോളം വിദഗ്ധ ഡോക്ടര്‍മാരില്‍ ഉചിതരായവരെ നോക്കി ആ സന്ദേശം കൈമാറും. മരുന്നിന്റെ കുറിപ്പടിയും നിര്‍ദേശങ്ങളുമടങ്ങുന്ന ഡോക്ടറുടെ സന്ദേശം രോഗിക്ക് കൈമാറും. ആയിരത്തിലേറെ പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. കുറിപ്പടി കിട്ടിയതുകൊണ്ടായില്ലല്ലോ. മരുന്നു വേണമല്ലോ. ഉള്‍നാടുകളില്‍ കാശുണ്ടെങ്കിലും മരുന്നു കിട്ടല്‍ എളുപ്പമല്ല. അതിനും തുണയായി സര്‍ക്കാരിന്റെ പ്രത്യേക യാത്രാപാസുള്ള വിഖായ മെഡിസിന്‍ ചെയിന്‍ സര്‍വിസിന്റെ പ്രവര്‍ത്തകരുണ്ട്.
ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് ഈ കൊവിഡ് കാലം അതിദുരിതകാലമാണ്. അത്തരത്തില്‍പ്പെട്ട ആയിരത്തിലേറെ പേര്‍ക്ക് ഡയാലിസ് സൗകര്യം ഈ പ്രവര്‍ത്തകര്‍ ചെയ്തുകൊടുക്കുന്നുണ്ട്. ആയിരത്തോളം നിര്‍ദ്ധനരോഗികള്‍ക്ക് സഹചാരി റിലീഫ് ഫണ്ടില്‍ നിന്നു രണ്ടായിരം രൂപ വീതം നല്‍കി. അതിഥി തൊഴിലാളികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഭക്ഷണം കിട്ടാതെ പലയിടങ്ങളിലും കഷ്ടപ്പെടുന്നുണ്ട്. അത്തരക്കാരെ കണ്ടെത്തി സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ലഭ്യമാക്കാന്‍ സഹായിക്കുന്നു വിഖായ ഹെല്‍പ്പ് ലൈന്‍ വിങ്.
ദീര്‍ഘകാലത്തെ അടച്ചിടപ്പെട്ട ജീവിതവും സാമ്പത്തിക ദുരിതവുമെല്ലാം മിക്കയാളുകളിലും കടുത്ത മാനസികാഘാതം ഉണ്ടാക്കും. അത്തരക്കാര്‍ക്ക് ആശ്വാസമേകാന്‍ എസ്.കെ.എസ്.എസ്.എഫിന്റെ വെല്‍നസ് ടെലികൗണ്‍സലിങ് സംവിധാനമുണ്ട്. മാസ്‌ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. അതു മുതലെടുത്ത് വില്‍പ്പനക്കൊള്ളയും നടക്കുന്നുണ്ട്. അതില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ പതിനായിരക്കണക്കിനു മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്തു വരികയാണ്. പ്രവാസികളെയും അവരുടെ കുടുംബത്തെയും സഹായിക്കല്‍ പദ്ധതി, ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് തുടങ്ങി ഇനിയുമൊട്ടേറെ പദ്ധതികള്‍ എസ്.കെ.എസ്.എസ്.എഫ് ഈ കൊവിഡ് ഭീതിക്കാലത്ത് നടപ്പാക്കി വരുന്നുണ്ട്. നിരവധി സംഘടനകള്‍ പലതും ചെയ്യുന്നുണ്ടല്ലോ, ഇതു മാത്രം എന്തിന് എടുത്തുപറയുന്നു എന്നാണ് ചോദ്യമെങ്കില്‍ ഉത്തരമിതാണ്.' ഞങ്ങളിതാ ഇന്നതിന്ന തൊക്കെ ചെയ്തു' എന്നു വിളിച്ചു പറയുന്നവര്‍ക്കിടയില്‍ പെടാത്തവരാണിവര്‍. ഇതാണ് നിസ്വാര്‍ഥ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."