ഡല്‍ഹിയിലെ മുസ്‌ലിം വേട്ടക്കെതിരേ 1,100 വനിതാ ആക്ടിവിസ്റ്റുകള്‍
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പേരില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരേ നടക്കുന്ന പൊലിസ് വേട്ടക്കെതിരേ രാജ്യമെമ്പാടുമുള്ള 1,100 വനിതാ ആക്ടിവിസ്റ്റുകള്‍. കള്ളക്കേസുകള്‍ ഉടന്‍ പിന്‍വലിക്കുകയും എല്ലാവരെയും മോചിപ്പിക്കുകയും ചെയ്യണമെന്ന് ഇന്നലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അവര്‍ ആവശ്യപ്പെട്ടു.
ആക്ടിവിസ്റ്റുകളായ മേധാപട്കര്‍, ഫാറാ നഖ്‌വി, അരുണാ റോയ്, ശബ്‌നം ഹാഷ്മി, സോണി സോറി, അഞ്ജലി ഭരദ്വാജ്, ടീസ്ത സെതല്‍വാദ്, കവിത ശ്രീവാസ്തവ, കവിതാ കൃഷ്ണന്‍, അക്കാദമിക്കുകളായ ഉമാ ചക്രവര്‍ത്തി, സോയാ ഹസന്‍, വി. ഗീത, ജയന്തി ഘോഷ്, എഴുത്തുകാരായ ഗീതാ ഹരിഹരന്‍, മീന കന്ദസ്വാമി, സിനിമാ പ്രവര്‍ത്തകരായ അപര്‍ണ സെന്‍, മഹാശ്വേത ബര്‍മ്മ, വാണി സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.
ലോക്ക് ഡൗണിന്റെ മറവില്‍ മുസ്‌ലിം വേട്ടയാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
നിരപരാധികളെ വേട്ടയാടുന്നതിനു പകരം കലാപം ആസൂത്രണം ചെയ്ത ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂര്‍, കപില്‍മിശ്ര, പര്‍വേസ് വര്‍മ്മ എന്നിവരെ അറസ്റ്റ് ചെയ്യുകയാണ് പൊലിസ് ചെയ്യേണ്ടത്. ഇതുവരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും ഡല്‍ഹി പൊലിസ് പരസ്യപ്പെടുത്തുകയും സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കുകയും വേണം.
ശഹീന്‍ബാഗില്‍ സമരം നടത്തിയ 200ലധികം സ്ത്രീകളുടെ ഇച്ഛാശക്തിയെ തങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. ജനാധിപത്യപരമായ അവകാശങ്ങള്‍ക്കു വേണ്ടി സമരം നടത്തിയവരെ വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണം. ജയിലുകളിലെ തിരക്ക് ഒഴിവാക്കാന്‍ സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാ രാഷ്ടീയത്തടവുകാരെയും മോചിപ്പിക്കണം. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആക്ടിവിസ്റ്റുകള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."