ദൃശ്യചാരുതയൊരുക്കി പാല്‍ചുരം വെള്ളച്ചാട്ടം; അവഗണിച്ച് അധികൃതര്‍
കൊട്ടിയൂര്‍: സഞ്ചാരികള്‍ എത്താന്‍ കൊതിക്കുന്ന പ്രദേശമാണു പാല്‍ചുരം വെള്ളച്ചാട്ടം. എന്നാല്‍ ഇവിടെ എത്താനുള്ള വഴികളാകട്ടെ ഏറെ ദുര്‍ഘടം നിറഞ്ഞതും. ടൂറിസത്തിന് ഏറെ സാധ്യതയുള്ള ഈ പ്രദേശത്തെ ബന്ധപ്പെട്ട അധികൃതര്‍ ഇപ്പോഴും അവഗണിക്കുകയാണ്. കാനന ദൃശ്യഭംഗിയും കാട്ടാറിന്റെ കുളിരും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇത്തരം ഒരു ദൃശ്യഭംഗിയാണു കൊട്ടിയൂര്‍ പഞ്ചായത്തിലെ പാല്‍ചുരം വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറന്നിടുന്നത്.
എന്നാല്‍ സഞ്ചാരികള്‍ക്ക് ഇവിടെ എത്തിപ്പെടണമെങ്കില്‍ ദീര്‍ഘമായ ഒരു സാഹസിക യാത്ര തന്നെ നടത്തേണ്ടി വരും. കല്ലും മുള്ളും നിറഞ്ഞ കാട്ടുപാതയിലൂടെയാണു സഞ്ചാരികള്‍ക്ക് ഇവിടെ എത്താന്‍ കഴിയുക. ഈ വഴികളാവട്ടെ പ്രളയത്തില്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്. കാട്ടുവള്ളികളില്‍ തൂങ്ങിയും പാറകള്‍ക്കു മുകളിലൂടെ നടന്നുമാണു നിലവില്‍ ഇവിടെ എത്താനാവുക.
ഏറെ ദൃശ്യഭംഗിയുള്ള വെള്ളച്ചാട്ടമായിട്ടും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പോ ഭരണകൂടമോ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതോടെ മലയോര മേഖലയിലെ ടൂറിസം സാധ്യതകള്‍ ഏറെയാണ്. ഇത്തരം ദൃശ്യഭംഗിയുള്ള ഒട്ടേറെ സ്ഥലങ്ങള്‍ മലയോര പ്രദേശത്തുണ്ടായിട്ടും ഇവ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണു പാല്‍ചുരം വെള്ളച്ചാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."