കിടപ്പിലായ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് ചങ്ങാതിക്കൂട്ടം
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന ചങ്ങാതിക്കൂട്ടം പദ്ധതി സൂപ്പര്‍ ഹിറ്റിലേക്ക്. 'നവകേരളം ഭിന്നശേഷി സൗഹൃദം' എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവനന്തപുരം നോര്‍ത്ത് യു.ആര്‍.സി നടപ്പാക്കിയ ചങ്ങാതിക്കൂട്ടം പദ്ധതിയാണു ശാരീരികാവശത കാരണം സ്‌കൂളിലെത്തി പഠിക്കാന്‍ കഴിയാത്ത കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ശാരീരിക പരിമിതികളാല്‍ സ്‌കൂളുകളിലേക്ക് എത്താന്‍ കഴിയാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്കു ജീവിതത്തിന്റെ പ്രതീക്ഷയും പഠനാനുഭവങ്ങളും പകര്‍ന്നുനല്‍കുകയാണു ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ലക്ഷ്യം. ഗുണപരമായ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്.
എന്നാല്‍ ശാരീരികമോ മാനസികമോ ആയ പരിമിതികളാല്‍ സ്‌കൂളില്‍ എത്തിപ്പെടാന്‍ കഴിയാത്ത ഒരുവിഭാഗം കുട്ടികളും സമൂഹത്തിലുണ്ടെന്ന തിരിച്ചറിവിലാണു നോര്‍ത്ത് ബി.ആര്‍.സി ഈ പദ്ധതി നടപ്പാക്കുന്നത്.
സാമൂഹികവും മാനസികവുമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികളുടെ വീടുകളിലേക്ക് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍നിന്ന് പുസ്തകങ്ങളും കളിക്കോപ്പുകളുമായി സമപ്രായക്കാരായ കുട്ടികള്‍ ചെല്ലുന്ന നൂതന പദ്ധതിയാണ് ചങ്ങാതിക്കൂട്ടം.
ഇതോടെ ആവശതയാല്‍ ഒറ്റപ്പെടുന്ന കുട്ടിക്കുപോലും കൂടുതല്‍ ആനന്ദവും സന്തോഷവും പഠനവും ലഭിക്കുന്നു. ഇതിന്റെ ഭാഗമായി നോര്‍ത്ത് ഉപജില്ലയിലെ വട്ടിയൂര്‍ക്കാവ് ജി.എല്‍.പി.എസില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാശിനാഥിന്റെ വീടാണ് അധ്യാപകരും സഹപാഠികളും പി.ടി.എ അംഗങ്ങളും സന്ദര്‍ശിച്ചത്.
എച്ച്.എം കാര്‍ത്തിക സോമന്‍, എസ്.എം.സി ചെയര്‍മാന്‍ സയ്യിദ് അലി, റിസോഴ്‌സ് അധ്യാപിക സബിത, എം.പി.ടി.എ പ്രസിഡന്റ് സജീന, എം.പി.ടി.എ അംഗം ഷക്കീല, എസ്.എം.സി അംഗം ശാലിനി, എസ്. ഹേമലത, റസിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."