മുക്കോലയില്‍ ഏഴര കോടിയുടെ കുടിവെള്ള പദ്ധതി ഉടന്‍ നടപ്പാക്കും
കോവളം: വേനല്‍ കനത്തതോടെ വരള്‍ച്ച മുന്നില്‍കണ്ട് കോവളം നിയോജക മണ്ഡലത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി എം. വിന്‍സെന്റ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മുക്കോലയില്‍ ഏഴര കോടിയുടെ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനു നാഷനല്‍ ഹൈവേ അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള തടസം നീക്കാന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എന്‍.എച്ച് അധികൃതരുടെ യോഗം വിളിക്കാനും ബാലരാമപുരം വാണിഗര്‍ തെരുവില്‍ വെള്ളം എത്തിക്കുന്നതിനു റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള തടസം നീക്കാന്‍ ശശി തരൂര്‍ എം.പിയുടെ നേതൃത്വത്തില്‍ റെയില്‍വേ ഡിവിഷനല്‍ മാനേജരുമായി ഉടന്‍ ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു.
വിവിധ കുടിവെള്ള പദ്ധതികളിലെ കോടായ പമ്പുകള്‍ക്ക് പകരം മൂന്നു പുതിയ മോട്ടോര്‍ പമ്പുകള്‍ വാങ്ങും. കോട്ടുകാല്‍ പഞ്ചായത്തില്‍ കുടിവെള്ളം ശുദ്ധീകരിച്ച് നല്‍കുന്നതിനു 25 കോടി രൂപയുടെ കിഫ്ബി പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അടുത്ത കിഫ്ബി യോഗത്തില്‍ സമര്‍പ്പിക്കും. വെള്ളായണി കായല്‍ കുടിവെള്ള പദ്ധതിയിലെ വെള്ളത്തിന്റെ ശുചീകരണം കൂടുതല്‍ കാര്യക്ഷമമാക്കാനും നെയ്യാര്‍ ഡാമില്‍നിന്ന് കായലിലേക്ക് കൂടുതല്‍ വെള്ളം എത്തിക്കാനും ഇറിഗേഷന്‍ വകുപ്പുമായി ചേര്‍ന്നു നടപടി സ്വീകരിക്കും.
വിഴിഞ്ഞം മേഖലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിലെ ക്ലോറിന്റെ അളവ് കുറക്കാനും നിലച്ചുപോയ കാക്കാമൂല നെടിഞ്ഞില്‍ കുടിവെള്ള പദ്ധതി വെള്ളായണി പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കാനും നടപടി സ്വീകരിക്കും. അടിമലത്തുറ കുടിവെള്ള പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായും കരുംകുളം, പൂവാര്‍, കാഞ്ഞിരംകുളം എന്നീ പഞ്ചായത്തുകളിലേക്കുള്ള കുമിളി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഏഴിന് നടക്കുമെന്നും എം. വിന്‍സെന്റ് എം.എല്‍.എ പറഞ്ഞു.
വാട്ടര്‍ അതോരിറ്റി ടെക്‌നിക്കല്‍ മെംബര്‍ സി. രവീന്ദ്രന്‍, ചീഫ് എന്‍ജിനീയര്‍ ജി. ശ്രീകുമാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."