വടകരയിലെ ഗതാഗത പരിഷ്‌കരണം: ജില്ലാ ഭരണകൂടം ഇടപെടണമെന്ന്
വടകര: നഗരത്തില്‍ പുതുതായി ഏര്‍പെടുത്തിയ ഗതാഗത പരിഷ്‌ക്കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടാന്‍ താലൂക്ക് വികസന സമിതിയോഗം തീരുമാനിച്ചു. കഴിഞ്ഞ വികസന സമിതി യോഗ തീരുമാന പ്രകാരം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്തെങ്കിലും തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല.
ഇന്നലെ നടന്ന യോഗത്തിലും കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസുകള്‍ ലിങ്ക് റോഡില്‍ ആളെ കയറ്റി ഇറക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയും മോട്ടോര്‍ തൊഴിലാളി സംഘടനകളും പരിഷ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പുതിയ പരിഷ്‌കാരത്തെ അനുകൂലിച്ചും ചിലര്‍ രംഗത്ത് വന്നതോടെ ജില്ലാ കലക്ടര്‍ ഇടപെട്ട് പരിഹരിക്കണമെന്ന് വികസന സമിതി തീരുമാനിക്കുകയായിരുന്നു. വിലങ്ങാട് സെക്ടറിലെ മലയോര മേഖലയില്‍ കാട്ടാന ശല്ല്യം പരിഹരിക്കാനായി ഫോറസ്റ്റ് ഗാര്‍ഡുമാരെ നിയമിച്ചതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കാട്ടാനകളെ ഓടിക്കാന്‍ ഗാര്‍ഡുമാര്‍ പടക്കം പൊട്ടിക്കുന്ന നടപടിയും സ്വീകരിക്കുന്നതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
കണ്ടി വാതുക്കല്‍ പ്രദേശത്ത് ഫെന്‍സിങ്ങ് ഏര്‍പ്പെടുത്തിയതായി അറിയിച്ചു. നഗര ഹൃദയ ഭാഗത്തെ ക്യൂന്‍സ് റോഡില്‍ ഇരുപതോളം തെരുവ് വിളക്കുകള്‍ കത്തുന്നില്ല .
കൂടാതെ നഗരത്തില്‍ പലയിടത്തും അഴുക്ക് ചാലുകള്‍ തകര്‍ന്നു കിടക്കുകയാണെന്ന് യോഗത്തില്‍ പരാതിയുയര്‍ന്നു. തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ നടപടിയെടുക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. നാദാപുരം മേഖലയില്‍ ദുരൂഹ സാഹചര്യത്തില്‍ നടക്കുന്ന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ഏപ്രില്‍ മാസം മുതല്‍ റേഷന്‍ കാര്‍ഡുകള്‍ അപേക്ഷിച്ച ദിവസം തന്നെ നല്‍കുമെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ജില്ല പഞ്ചായത്തഗം ടി.കെ. രാജന്‍ അധ്യക്ഷനായി.
തുണേരി പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മത്, സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, കളത്തില്‍ ബാബു, പി.എം അശോകന്‍, ആവോലം രാധാകൃഷ്ണന്‍, തഹസില്‍ദാര്‍ കെ. കെ. രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."