കൊവിഡ് നിർദേശങ്ങൾ പാലിക്കാതെ പ്രവാസികൾ കൂട്ടമായെത്തി; സേവനങ്ങൾ നിർത്തി വെച്ചതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ സഊദിയിൽ ഏർപ്പെടുത്തിയ കർഫ്യു നിയന്ത്രങ്ങൾ മൂലം നിർത്തി വെച്ച അത്യാവശ്യ സേവനങ്ങൾക്ക് ഒരുക്കിയിരുന്ന താൽകാലിക സേവനങ്ങൾ നിർത്തി വെച്ചതായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സേവനങ്ങൾക്കായി അഭൂതപൂർവമായ തിരക്ക് ഉണ്ടാകുകയും കൊവിഡ് നിർദേശങ്ങൾ പാലിക്കാതെ പ്രവാസികൾ എത്തിയതുമാണ് പാസ്‌പോർട്ട് സംബന്ധമായ അത്യാവശ്യ സേവനങ്ങൾക്കായി തുറന്ന സംവിധാനം നിർത്തി വെച്ചത്. ഇനിയൊരറിയിപ്പ് സേവനങ്ങൾ ഉണ്ടാകുകയിലെന്ന് ജിദ്ദ കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
Public Notice regarding suspension of Consular services under CGIJeddah until further notice. pic.twitter.com/XbkmSFi77u
— India in Jeddah (@CGIJeddah) May 5, 2020
വൈറസ് വ്യാപന പശ്ചാത്തലത്തിൽ നിർബന്ധിത ഘട്ടത്തിൽ നിർത്തിവെച്ച സേവനങ്ങൾ ചൊവാഴ്‌ചയാണ് പുനഃരാരംഭിച്ചത്. പാസ്‌പോർട്ട് സംബന്ധമായ സേവനങ്ങൾ ഉണ്ടാകുമെന്ന് കോൺസുലേറ്റ് നേരത്തെ അറിയിക്കുകയും തിങ്കളാഴ്ച മുതൽ നേരത്തെ നൽകിയ ടെലിഫോണിലും ഇമൈലിലും ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ചൊവ്വാഴ്ച മുതൽ കോൺസുലേറ്റിൽ എത്താനുള്ള സമയവും മറ്റും നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ, രജിസ്റ്റർ പോലും ചെയ്യാതെ ധാരാളം പേർ കോൺസുലേറ്റിൽ എത്തിയതോടെ തിരക്ക് അനുഭവപ്പെടുകയായിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിന് സഊദി സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങളുടെ ലംഘനം ആയതുകൊണ്ടാണ് സേവനങ്ങൾ നിർത്തുന്നതെന്ന് കോൺസുലേറ്റ് അറിയിച്ചു.
എന്നാൽ, നിയന്ത്രണങ്ങൾ പാലിച്ച് പടിഞ്ഞാറൻ മേഖലയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിസ, പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ ഭാഗികമായി തുറന്നുപ്രവർത്തിക്കാനുള്ള അനുമതിക്കായി സഊദി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വിമാനസർവിസ് ആരംഭിക്കുന്ന മുറക്ക് ആളുകളുടെ യാത്ര മുടങ്ങാതിരിക്കാൻ പാസ്പോർട്ട് കാലാവധി തീർന്നവർക്കും മറ്റും കോൺസുലേറ്റ് സേവനങ്ങൾ ലഭ്യമാക്കുമെന്നും അറിയിപ്പിൽ വ്യകത്മാക്കി. വൈറസ് വ്യാപനം തടയുന്നതിന് സഊദി സർക്കാർ പുറത്തിറക്കുന്ന നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് കോൺസുലേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ ഇന്ത്യൻ പ്രവാസികളോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."