കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: ചികിത്സാകാര്‍ഡ് വിതരണ ഉദ്ഘാടനം നാളെ
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി) ചികിത്സാകാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും. വൈകുന്നേരം 3.30ന് മുഖ്യമന്ത്രിയുടെ ഓഫിസ് കോണ്‍ഫറന്‍സ് ഹാളിലാണ് ഉദ്ഘാടനം നടക്കുക. മന്ത്രി കെ.കെ ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയാകും. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി സംസ്ഥാനത്ത് പ്രാബല്യത്തിലാക്കാനുള്ള ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയേയും സംയോജിപ്പിച്ചുകൊണ്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. 40.96 ലക്ഷം കുടുംബങ്ങള്‍ക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. നിലവില്‍ ആര്‍.എസ്.ബി.വൈ, ചിസ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുബങ്ങളും ഈ പദ്ധതിയുടെ കീഴില്‍ വരുന്നതാണ്. സര്‍ക്കാര്‍ നിയോഗിച്ച ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ ഡയറക്ടര്‍ ഡോ. ഡി. നാരായണ ചെയര്‍മാനായുള്ള വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത പാക്കേജ് നിരക്കുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. 1,824 മെഡിക്കല്‍ പാക്കേജുക്കളുടെ നിരക്കുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ഈ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2019-20 വര്‍ഷത്തിലെ ഇന്‍ഷുറന്‍സ് പ്രൊവൈഡറായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ തെരഞ്ഞെടുത്തിരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയായ ചിയാക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."