ഒരു മണി നെല്ലുപോലും നശിക്കാന്‍ അനുവദിക്കില്ല: മന്ത്രി പി.തിലോത്തമന്
ആലപ്പുഴ: ഒരുമണി നെല്ലുപോലും പാടത്ത് നശിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന്. മുഴുവന്‍ നെല്ലും സര്‍ക്കാര്‍ സംഭരിക്കും. ഇത് സംബന്ധിച്ചുള്ള മറ്റ് പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മഴയില്ലാത്തതിനെ തുടര്‍ന്ന് കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലും ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്ന് കുട്ടനാട്ടിലെ മറ്റ് ചില പ്രദേശങ്ങളിലും കൊയ്ത നെല്ലിന്റെ ഗുണമേന്മ കുറഞ്ഞിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ മില്ലുടമകളും കര്‍ഷകരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.
എന്നാല്‍ മുഴുവന്‍ നെല്ലും സംഭരിക്കണമെന്ന് മില്ലുടമകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നെല്ല് സംഭരിക്കാത്ത മില്ലുടമകളെ നെല്ലെടുക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഗുണനിലവാരത്തിലുണ്ടാകുന്ന മാറ്റം അനുസരിച്ച് ചില വിട്ടുവീഴ്ചകള്‍ക്ക് കര്‍ഷകരും തയാറാകേണ്ടിവരും. ഇത് മുന്‍പും ചെയ്തിട്ടുണ്ട്. കൃഷിക്കാരെ പീഡിപ്പിക്കാനുള്ള ഏത് നീക്കത്തേയും സര്‍ക്കാര്‍ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കര്‍ഷകരുടേയും മില്ലുടമകളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് കലക്ട്രേറ്റില്‍ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."