കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ ആഴ്ചയോഗങ്ങള് ഗുണം കണ്ടു
രാജപുരം: ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവര്‍ത്തനമാണു കള്ളാറിനെ ജില്ലയില്‍ ഒന്നാമത്തെയും സംസ്ഥാനത്ത് പത്താമത്തെയും സ്ഥാനത്തെത്തിച്ചതെന്നു പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് പറയുന്നു. നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ആഴ്ച തോറും വിളിച്ചു കാര്യങ്ങള്‍ ഗൗരവതരമായി നീക്കാന്‍ കഴിഞ്ഞതിന്റെ ഗുണഫലം ശരിക്കും ലഭിച്ചതായും അവര്‍ പറഞ്ഞു.
കരാറുകാരുടെ യോഗങ്ങളും ആവശ്യത്തിനു വിളിച്ചു ചേര്‍ത്ത് വിവിധ പ്രവൃത്തികള്‍ കൃത്യ സമയത്ത് ചെയ്യാന്‍ കഴിഞ്ഞതും നേട്ടമായി. നിര്‍വഹണ ഉദ്യോഗസ്ഥരില്‍ പ്രധാനിയായ പഞ്ചായത്ത് സെക്രട്ടറി ഇല്ലാതിരുന്നതു പദ്ധതി പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെങ്കിലും അസിസ്റ്റന്റ് സെക്രട്ടറിയുടെ ആത്മാര്‍ത്ഥമായ സേവനം പഞ്ചായത്തിനെ മുന്നിലെത്തിച്ചു. അതോടൊപ്പം ഭരണ പ്രതിപക്ഷ ഭേദമില്ലാതെയുള്ള ജനപ്രതിനിധികളുടെ ഒത്തൊരുമയും ഏറെ പ്രശംസിക്കപ്പെടേണ്ടതാണെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിന്റെ പദ്ധതികളില്‍ മികച്ചതും തൃപ്തി നല്കുന്നതുമായത് കാര്‍ഷിക മേഖലയിലെയും പട്ടിക വര്‍ഗ്ഗ മേഖലയിലെയും പ്രവര്‍ത്തനങ്ങളാണ്. ഈ രണ്ടു മേഖലകളിലെയും മുഴുവന്‍ അപേക്ഷകളും പരിഗണിക്കാനായതു വന്‍ നേട്ടം തന്നെയാണ്. 98.51 ശതമാനം പ്രവര്‍ത്തികളും ചെയ്യാന്‍ സഹായിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍ എന്നിവരുടെ കലവറയില്ലാത്ത പിന്തുണയാണെന്നും ത്രേസ്യാമ്മ പറഞ്ഞു. പദ്ധതി നൂറു ശതമാനത്തിലെത്തിച്ചു സമ്പൂര്‍ണ വികസനം നടപ്പാക്കുകയെന്നതാണ് അടുത്ത വര്‍ഷത്തില്‍ ഭരണ സമിതി ചെയ്യാനുദ്ദേശിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."