മലയിറങ്ങിയ കുരങ്ങന്മാര്‍ കെണിയില്‍ കുരുങ്ങി
മലയിന്‍കീഴ്: മനുഷ്യര്‍ സൃഷ്ടിച്ച വന്‍ പാരിസ്ഥിതിക ദുരന്തത്തിന്റെ ഇരകളായി മാറിയ വാനരന്മാര്‍ ഒടുവില്‍ മനുഷ്യര്‍ തന്നെ തീര്‍ത്ത കെണിയില്‍ കുരുങ്ങി. ഇനി ഇവര്‍ കാട്ടിലേക്ക് വാസംമാറ്റും. തലസ്ഥാന ജില്ലയിലെ മൂക്കുന്നിമല എന്ന പ്രശസ്തി നേടിയ പാറകൂട്ടങ്ങളടങ്ങിയ മലയിലെ കുരങ്ങന്മാരാണ് ഇപ്പോള്‍ കാട് താവളമാക്കാന്‍ ഒരുങ്ങുന്നത്. കുരങ്ങന്മാര്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുകയും പൊതുജനത്തിന് പൊറുതിമുട്ടുകയും ചെയ്തതിന്റെ പരിണിതഫലമാണ് കാട്ടിലേക്കുള്ള മടക്കം.
അത്യുഷ്ണവും ഭക്ഷണമില്ലായ്മയും തീര്‍ത്ത ഗതികെട്ട അവസ്ഥയില്‍ മൂക്കുന്നിമലയിലെ ശേഷിക്കുന്ന വാനരക്കൂട്ടം വനപാലകര്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങുകയായിരുന്നു. മൂക്കുന്നിമലയിലെ താഴ് വാര ഗ്രാമമായ വിളവൂര്‍ക്കലില്‍ ശല്യക്കാരായി മാറിയ വാനരക്കൂട്ടത്തെ കര്‍ഷകരുടെയും വീട്ടമ്മമാരുടെയും സഹകരണത്തോടെയാണു കെണിയിലാക്കിയത്. കെണിയിലകപ്പെട്ടതു ഒന്‍പതു കുരങ്ങന്മാരാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന പാറമടകളും വന്‍കിട ക്രഷര്‍ യൂനിറ്റുകളും താമസക്കാരായ കുരങ്ങന്മാര്‍ക്ക ഭീഷണിയായിരുന്നു. ഇവിടുത്തെ ഖനനം വിവാദമായിരിക്കുകയും അന്വേഷണം നടക്കുകയുമാണ്.
അതിനിടെ മൂക്കുന്നിമലയില്‍ കഴിഞ്ഞ മാസം ഉണ്ടായ വന്‍ അഗ്‌നിബാധയില്‍ വാനരന്മാരുടെ ആവാസ വ്യവസ്ഥ പാടെ താളംതെറ്റിയിരുന്നു. കാട്ടുപഴങ്ങളും ചക്ക, മാങ്ങ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും കിട്ടാതായതിനു പുറമേ, കുടിവെള്ളവും അന്യമായി. ഇതോടെയാണ് വാനരന്മാര്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി പരാക്രമങ്ങള്‍ തുടങ്ങിയത്. അലക്കിയിട്ടിരിക്കുന്ന തുണികളും വീട്ടുസാധനങ്ങളും പാചകം ചെയ്തു വച്ചിരിക്കുന്ന ഭക്ഷണമുള്‍പ്പെടെ വാനരന്മാര്‍ കൈക്കലാക്കുകയും കൃഷിയിടങ്ങളില്‍ വിഹരിച്ചു നാശംവിതയ്ക്കുകയും വീടുകള്‍ക്കു കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. പൊറുതിമുട്ടിയ ജനങ്ങള്‍ ഒടുവില്‍ വാനരന്മാരെ തളയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തില്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡി.എഫ്.ഒയ്ക്കു വാനരശല്യത്തെക്കുറിച്ച് നാട്ടുകാര്‍ പരാതി നല്‍കിയതോടെ പ്രദേശത്തു വനം വകുപ്പ് എട്ടോളം കൂടുകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നെയ്യാര്‍ വനത്തിലോ, പേപ്പാറ വനത്തിലോ കുരങ്ങന്മാരെ തുറന്നുവിടാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."