കരിപ്പൂരില്‍ പാര്‍ക്കിങ്ങിനായി 15.5 ഏക്കര്‍ ഏറ്റെടുക്കുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാന്‍ 15.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ ടെര്‍മിനലിന് മുന്നില്‍ 15.5 ഏക്കര്‍ ഏറ്റെടുക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിന് ശേഷമായിരിക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 137 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കുന്ന നടപടികളിലേക്ക് കടക്കുക. 15 വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കരിപ്പൂരില്‍ വീണ്ടും ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നത്.
120 കോടി ചെലവില്‍ നിര്‍മിച്ച പുതിയ ടെര്‍മിനലിന് മുന്നിലായാണ് പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കുന്നത്. ഈ ഭാഗത്ത്‌നിന്നുള്ള ഭൂമി ഉപാധികളോടെയായിരിക്കും സര്‍ക്കാര്‍ ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറുക. ഭാവിയില്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിച്ചാല്‍ ഏറ്റെടുത്ത് നല്‍കുന്ന ഭൂമിയുടെ വിലക്ക് തുല്യമായ ഓഹരി സര്‍ക്കാരിന് നല്‍കേണ്ടി വരുമെന്ന ധാരണയിലാണ് ഭൂമി കൈമാറുക.
കൊണ്ടോട്ടി നഗരസഭ പരിധിയില്‍ നിന്നാണ് 15.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടത്. ടെര്‍മിനലിന്റെ മുന്‍വശം കൊണ്ടോട്ടി നഗരസഭ പരിധിയിലാണ്. പിന്നീടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കേണ്ട 137 ഏക്കര്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതാണ്.
15 വര്‍ഷത്തെ പ്രതിസന്ധികള്‍ക്കൊടുവിലാണ് കരിപ്പൂരില്‍ വീണ്ടും ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നത്. 2004ല്‍ ആണ് കരിപ്പൂരില്‍ ഭൂമി ഏറ്റെടുക്കലിന് തുടക്കമിട്ടിരുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ 15 വര്‍ഷമായി മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കൊന്നും സ്ഥലമേറ്റെടുപ്പ് നടത്താനായിരുന്നില്ല.
വിമാനത്താവളത്തില്‍ ടെര്‍മിനല്‍ നിര്‍മാണത്തിനായി 137 ഏക്കര്‍ ഭൂമിയാണ് ആദ്യം ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചാണ് പുതിയ ടെര്‍മിനല്‍ നിലവിലെ സ്ഥലത്ത് അതോറിറ്റി നിര്‍മിച്ചത്. റണ്‍വേ നീളം കൂട്ടലിനും ഏപ്രണ്‍ വികസനത്തിനും അടക്കം പള്ളിക്കല്‍, കൊണ്ടോട്ടി, നെടിയിരുപ്പ് വില്ലേജുകളില്‍ നിന്നായി 385 ഏക്കര്‍ ഭൂമി 2013ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അതോറിറ്റി 137 ഏക്കര്‍ ആവശ്യപ്പെട്ടത്.
കരിപ്പൂരില്‍ റണ്‍വേ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് വലിയ വിമാന സര്‍വിസും പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് 137 ഏക്കറിന് പുറമെ എയര്‍പോര്‍ട്ട് അതോറിറ്റി കാര്‍പാര്‍ക്കിങ്ങിന് 15.5 ഏക്കര്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."