പി.എസ്.സിയുടെ വിദ്വേഷ ചോദ്യം: കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം- എസ്.കെ.എം.ഇ.എ
കോഴിക്കോട്: കൊവിഡുമായി മുസ് ലിം സമുദായത്തെ ബന്ധപ്പെടുത്തി നടത്തുന്ന വിദ്വേഷ പ്രചാരണത്തെ ഏറ്റുപിടിച്ച് പി.എസ്.സി ഇറക്കിയ ബുള്ളറ്റിനിലെ ചോദ്യം പിന്‍വലിക്കണമെന്ന് സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍. ഏറെ അപകടകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ചോദ്യം പ്രസിദ്ധീകരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ എസ്.കെ.എം.ഇ.എ ആവശ്യപ്പെട്ടു.
കൊവിഡ് പരത്തിയ തബ്‌ലീഗ് സമ്മേളനം നടന്നത് എവിടെ എന്ന പ്രസ്തുത ചോദ്യം മുസ്‌ലിം സമുദായത്തെ കൊവിഡിന്റെ പേരില്‍ പൊതുസമൂഹത്തിനിടയിലും ഔദ്യോഗിക തലങ്ങളിലൂടെ അവമതിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് എന്ന് മനസിലാക്കുന്നു. കൊവിഡിനെ മുസ്‌ലിം സമുദായവുമായി ബന്ധപ്പെടുത്തി വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരുടെ വസ്തുതാപരമല്ലാത്ത ആരോപണത്തിന് സാധൂകരണം നല്‍കാന്‍ പി.എസ്.സി യുടെ ഔദ്യോഗിക പ്രസിദ്ധീകരണം ഇടവരുത്തുന്നത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും നിവേദനത്തില്‍ പറഞ്ഞു.
വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ബുള്ളറ്റിന്‍ പിന്‍വലിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എസ്.കെ.എം.ഇ.എ പ്രസിഡന്റ് ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."