റാഫേല്‍: മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ മതിയായ തെളിവുണ്ടെന്ന് രാഹുല്‍
ന്യൂഡല്‍ഹി: റാഫേല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതി തുടങ്ങുന്നതും അവസാനിക്കുന്നതും മോദിയിലാണെന്നും റാഫേലുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് പറയുന്നത് തെളിവു നശിപ്പിക്കലാണെന്നും രാഹുല്‍ ആരോപിച്ചു.
അഴിമിതി മറച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് മോദി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റാഫേല്‍ കേസില്‍ സുപ്രിം കോടതി നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
റാഫേല്‍ രേഖകള്‍ മോഷണം പോയെന്ന സര്‍ക്കാരിന്റെ പ്രതികരണം തന്നെ ദുരൂഹതയാണ് ഉണ്ടാക്കുന്നത്. 2016ല്‍ ഉണ്ടാക്കിയ കരാറില്‍ വിമാനങ്ങള്‍ക്ക് അധിക വിലയാണ് ചുമത്തിയിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സിനെ ഒഴിവാക്കി വിമാന നിര്‍മാണത്തില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കിയത് വലിയ അഴിമതിക്കാണ് ഇടയാക്കിയതെന്നും രാഹുല്‍ ആരോപിച്ചു. എന്നാല്‍ സര്‍ക്കാരും അനില്‍ അംബാനിയും ഫ്രഞ്ച് കമ്പനിയായ ദസോള്‍ ഏവിയേഷനും ഇത് തള്ളിയെങ്കിലും ഇപ്പോള്‍ സുപ്രിം കോടതി സ്വീകരിച്ച നിലപാട് മോദിക്കെതിരേ കേസെടുക്കാന്‍ പര്യാപ്തമായതാണെന്നും രാഹുല്‍ വ്യക്തമാക്കി.
ഇടപാടില്‍ അഴിമതിയും അനധികൃത പ്രവൃത്തികളും നടന്നിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഈ സാഹചര്യത്തില്‍ മോദിക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഫ്രഞ്ച് വിമാനക്കമ്പനിയായ ദസോള്‍ ഏവിയേഷനെയും റിലയന്‍സിനെയും സഹായിക്കാനാണ് മോദി തന്റെ പദവി ദുരുപയോഗം ചെയ്ത് പൊതുപണം നഷ്ടപ്പെടുത്തിയതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
ഇടപാടില്‍ കൂടിയാലോചന നടത്തിയ ഇന്ത്യന്‍ നെഗോഷിയേഷന്‍ ടീമിന്റെ റിപ്പോര്‍ട്ട് പൊതുജന മധ്യത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു. ദസോള്‍ കമ്പനിക്ക് വേണ്ടി ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കിയതും മോദിയുടെ താത്പര്യ പ്രകാരമാണ്. റഫാലുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള അഴിമതി നടന്നതായി തെളിഞ്ഞു. ഇത് അഴിമതി നിരോധന നിയമത്തിന്റെ ലംഘനമാണ്. ഇന്ത്യന്‍ പീനല്‍കോഡിന്റെ വിവിധ വകുപ്പുകളും ഇതില്‍ ചേര്‍ക്കാവുന്നതാണ്. മോദിക്കും മറ്റുള്ളവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി അധികാരത്തിന്റെ ഉന്നത സ്ഥാനത്തുള്ളവരേയും ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
റാഫേല്‍ കരാറില്‍ വലിയ അഴിമതിയുണ്ടായെന്നാണ് സുപ്രിംകോടതിയിലെ സര്‍ക്കാറിന്റെ നിലപാടില്‍നിന്ന് വ്യക്തമാകുമെന്നതെന്ന് സി.പി.എംജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. റാഫേലില്‍ അഴിമതി നടത്തിയ മോദി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. നിലവിലുള്ള വ്യോമസേന രാജ്യത്തെ സുരക്ഷിതമാക്കാന്‍ ശേഷിയില്ലാത്തവരാണ് എന്നാണ് അറ്റോര്‍ണി ജനറല്‍ സുപ്രിംകോടതിയില്‍ സ്വീകരിച്ച നിലപാട്. സര്‍ക്കാര്‍ എന്തുകൊണ്ടാണ് തുടര്‍ച്ചയായി രാജ്യത്തെ ധീരരായ സൈനികരെ അപമാനിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."