പാകിസ്താനില്‍ ജമാഅത്തുദ്ദഅ്‌വയുടെ സ്ഥാപനങ്ങള്‍ മുദ്രവച്ചു
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ നിരോധിത ഭീകരസംഘടനകള്‍ക്കെതിരായ നടപടികള്‍ തുടരുന്നു. ഇതുപ്രകാരം റാവല്‍പിണ്ടിയിലെ ജമാഅത്തുദ്ദഅ്‌വയുടെ നിയന്ത്രണത്തിലുള്ള ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം അടച്ചുപൂട്ടി മുദ്രവച്ചു.
ചക്‌റാഹ്, അദിയാല എന്നിവിടങ്ങളില്‍ ജമാഅത്തുദ്ദഅ്‌വ നടത്തിവരുന്ന അറബിക് കോളജ്, ആശുപത്രി, രണ്ട് ഡിസ്‌പെന്‍സറി എന്നിവയാണ് അടച്ചുപൂട്ടിയതെന്ന് പ്രമുഖ പാക് പത്രം ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ദേശീയ കര്‍മപരിപാടിയുടെ ഭാഗമായി നിരോധിത സംഘടനകള്‍ക്കെതിരേ കടുത്ത നടപടികളെടുത്തുവരുന്നതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ജെയ്‌ഷെ സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ മകന്‍ ഹമ്മാദ് അസ്ഹര്‍, സഹോദരന്‍ മുഫ്തി അബ്ദുര്‍റഊഫ് തുടങ്ങിയ 44 പേരെ ചൊവ്വാഴ്ച അറസ്റ്റ്‌ചെയ്തിരുന്നു. ജമാഅത്തുദ്ദഅ്‌വയുടെ ചകവാലിലെ ഖാലിദ്ബ്‌നു വലീദ് മദ്‌റസ, ഇവിടത്തെ തന്നെ ദാറുസ്സലാം മദ്‌റസ എന്നിവയും അടച്ചുപൂട്ടിയിട്ടുണ്ട്.
2008ലെ മുംബൈ ആക്രമണത്തിനു പിന്നിലെ സൂത്രധാരനായി കരുതുന്ന ഹാഫിസ് സഈദിന്റെ സംഘടനയാണ് ജമാഅത്തുദ്ദഅ്‌വ. ഇവരുടെ പോഷകസംഘടനയായ ഫലാഹേ ഇന്‍സാനിയ്യത്ത് ഫൗണ്ടേഷനു കീഴിലാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നത്.
ജമാഅത്തുദ്ദഅ്‌വയുടെ പാകിസ്താനിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ സംബന്ധിച്ചും സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കു വിവരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജമാഅത്തുദ്ദഅ്‌വയുടെയും മറ്റു നിരോധിത സംഘടനകളുടെയും കൂടുതല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇതുള്‍പ്പെടെ 70 സംഘടനകളെ ഉള്‍പ്പെടുത്തി പാക് ഭീകരവിരുദ്ധ സമിതി (എന്‍.എ.സി.ടി.എ) നിരോധിത ഭീകരസംഘടനകളുടെ പട്ടിക പുതുക്കിയിട്ടുണ്ട്.
പിന്നാലെ രാജ്യത്ത് ജെയ്ഷിന്റെ സാന്നിധ്യം ഇല്ലെന്ന് അവകാശപ്പെട്ട് പാക് സൈന്യം രംഗത്തുവന്നു. സംഘടനയെ യു.എന്നും പാകിസ്താനും ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചിട്ടുണ്ടെന്നും അതിനാല്‍ അവര്‍ ഇപ്പോള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് പാക് സൈനിക മേധാവി ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞത്. പുല്‍വാമാ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിനു പിന്നാലെ ജെയ്ഷ് നേതാക്കളെ വിളിച്ചിരുന്നതായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വെളിപ്പെടുത്തിയതിന്റെ പിന്നാലെയാണ് സൈനികമേധാവിയുടെ പ്രസ്താവന.
അതേസമയം, അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരികയാണെന്ന് ഷാ മഹ്മൂദ് ഖുറേഷി അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യം ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍തര്‍പൂര്‍ ഇടനാഴി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പാക് സംഘം ഈ മാസം 14ന് ഡല്‍ഹിയിലെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."