ജില്ലയില്‍ വനിതാ പൊലിസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തം
തൊടുപുഴ: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വനിതാ പൊലിസ് സ്റ്റേഷന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മറ്റു പല ജില്ലകളിലും വനിതാ പൊലിസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ സ്ത്രീകള്‍ക്കു മാത്രമായി വനിതാ പൊലിസ് സ്റ്റേഷനില്ല.
ഇടുക്കിയില്‍ ഒരു വനിതാ സെല്ലും തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളില്‍ വനിതാ ഹെല്‍പ് ലൈനുകളുമാണുള്ളത്. 128 വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ ജില്ലയിലുണ്ട്. സ്ത്രീകളും പെണ്‍കുട്ടികളും അതിക്രമങ്ങള്‍ക്കിരയാകുന്ന കേസുകള്‍ ജില്ലയില്‍ വര്‍ധിച്ചുവരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ജില്ലയില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു.
12 മാനഭംഗക്കേസുകള്‍ ഈ കാലയളവില്‍ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പലകേസുകളിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇരകളായത്. മര്യാദലംഘനം, അപമാനിക്കല്‍ എന്നിവ സംബന്ധിച്ച് 37 കേസുകളും ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ഭാഗത്തു നിന്നുണ്ടായ ഉപദ്രവവുമായി ബന്ധപ്പെട്ടു 47 കേസുകളും ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രമസമാധാന പാലനത്തില്‍ വനിതാ പൊലിസിന്റെ സാന്നിധ്യം അനിവാര്യമാകുന്ന സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും വര്‍ധിക്കുകയാണ്.
സ്ത്രീസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ വനിതാ പൊലിസ് സ്റ്റേഷന്‍ ആരംഭിക്കണമെന്നും ജില്ലയിലെ പൊലിസ് സേനയിലെ വനിതാ ജീവനക്കാരുടെ അംഗസംഖ്യ ഉയര്‍ത്തണമെന്നുമുള്ള ആവശ്യം ഉയരുന്നുണ്ട്.
ജില്ലയില്‍ 30 പൊലിസ് സ്റ്റേഷനുകളാണുള്ളത്. നിലവില്‍ 13 വനിതാ സി.പി.ഒമാരുടെ ഒഴിവ് ജില്ലയിലുണ്ടെന്ന് അധികൃതര്‍ പറയുന്നു. വനിതാ പൊലിസ് സ്റ്റേഷന്‍ ആരംഭിക്കണമെങ്കില്‍ വനിതാ എസ്.ഐ അടക്കം കൂടുതല്‍ വനിതാ ജീവനക്കാരെ നിയോഗിക്കേണ്ടി വരും.
എന്നാല്‍ നിലവില്‍ ജില്ലയില്‍ വനിതാ പൊലിസ് സ്റ്റേഷന്‍ ആരംഭിക്കേണ്ട സാഹചര്യമില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്ത്രീകള്‍ വാദിയും പ്രതിയുമായ കേസുകളാണു പ്രധാനമായും വനിതാ പൊലിസ് സ്റ്റേഷനുകളില്‍ പരിഗണിക്കുന്നത്. എന്നാല്‍, ഇത്തരം കേസുകള്‍ ജില്ലയില്‍ വളരെ കുറവാണെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."